ഒക്ടോബര്‍ എട്ടിന് ക്ഷേത്രങ്ങളിലും റയില്‍വെ സ്‌റ്റേഷനിലും സ്‌ഫോടനം നടത്തുമെന്ന് ഭീഷണി – UKMALAYALEE

ഒക്ടോബര്‍ എട്ടിന് ക്ഷേത്രങ്ങളിലും റയില്‍വെ സ്‌റ്റേഷനിലും സ്‌ഫോടനം നടത്തുമെന്ന് ഭീഷണി

Monday 16 September 2019 5:02 AM UTC

ചണ്ഡീഗഢ് Sept 16: ഹരിയാനയിലെ റെവാരി റെയില്‍വെ സ്റ്റേഷനിലും വിവിധ ക്ഷേത്രങ്ങളിലും ഓക്ടോബര്‍ എട്ടിന് സ്‌ഫോടനം നടത്തുമെന്ന ഭീഷണിയുമായി ഭീകരസംഘനടനയായ ജെയ്‌ഷെ മുഹമ്മദ്.

കറാച്ചിയില്‍ നിന്ന് മസൂദ് എന്നയാളുടെ പേരില്‍ അയച്ച ഭീഷണിക്കത്തത് ലഭിച്ചതായി പോലീസ് സ്ഥിതീകരിച്ചു. കത്തയച്ചിരിക്കുന്നത് ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറാണെന്നാണ് പോലീസിന്റെ നിഗമനം.

കഴിഞ്ഞ ദിവസം വീട്ടുതടങ്കലിലായിരുന്ന മസൂദിനെ പാക്കിസ്ഥാന്‍ മോചിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

കത്ത് ലഭിച്ചതോടെ റെവാരി സ്‌റ്റേഷനില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. മസൂദ് അസ്ഹറിനെ മോചിപിച്ചെന്ന് റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് ഇന്ത്യയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.

പാക്കിസ്ഥാന്റെ പിന്തുണയോടെ രാജ്യത്ത് ഭീകരാക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെത്തുടര്‍ന്നു കൂടിയാണിത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നീക്കത്തിനു മറുപടിയായി കഴിഞ്ഞ ദിവസങ്ങളില്‍ സിയല്‍കോട്ട്- ജമ്മു കശ്മീര്‍ മേഖലയില്‍ വലിയ രീതിയില്‍ സൈനിക വിന്യാസവും മറ്റ് പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.

നേരത്തെ പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്ക് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അസ്ഹറിനെ പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്തെന്നായിരുന്നു സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

മസൂദ് അസ്ഹറിന്റെ പേരില്‍ നിലവില്‍ അഞ്ച് ഭീകരവാദ കേസുകളാണ് നിലനില്‍ക്കുന്നത്. അതില്‍ ഈ വര്‍ഷം ഫെബ്രുവരി 14നുണ്ടായ പുല്‍വാമ ഭീകരാക്രമണവും ഉള്‍പ്പെടും. 40 സി.ആര്‍.പി.എഫ് ജവാന്മാരാണ് അന്ന് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

അതേസമയം കഴിഞ്ഞമാസം പാര്‍ലമെന്റ് പാസ്സാക്കിയ യു.എ.പി.എ നിയമ ഭേദഗതി അനുസരിച്ച് വ്യക്തികളെ ഭീകരരായി പ്രഖ്യാപിച്ചുകൊണ്ടുള്ള നടപടിക്കു കേന്ദ്രം തുടക്കമിട്ടിരുന്നു.

മസൂദ് അസ്ഹര്‍, ലഷ്‌കറെ തൊയ്ബ സ്ഥാപകന്‍ ഹാഫിസ് സയ്യിദ്, 1993ലെ മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിം, മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി സാഖിയുര്‍ റഹ്മാന്‍ എന്നിവരാണ് പട്ടികയിലുള്ളത്.

CLICK TO FOLLOW UKMALAYALEE.COM