ഏഴ് സഖാക്കളെ വെടിവച്ച് കൊന്ന മുഖ്യമന്ത്രിക്ക് ശിക്ഷ നടപ്പിലാക്കും; മാവോയിസ്റ്റ് ഭീഷണി – UKMALAYALEE

ഏഴ് സഖാക്കളെ വെടിവച്ച് കൊന്ന മുഖ്യമന്ത്രിക്ക് ശിക്ഷ നടപ്പിലാക്കും; മാവോയിസ്റ്റ് ഭീഷണി

Saturday 16 November 2019 5:13 AM UTC

കോഴിക്കോട് Nov 16: മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റ് ഭീഷണി. ഏഴ് സഖാക്കളെ വെടിവച്ച് കൊന്ന മുഖ്യമന്ത്രിക്ക് വേണ്ട ശിക്ഷാ നടപടി നടപ്പാക്കുമെന്ന് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്.

വടകര പോലീസ് സ്‌റ്റേഷനിലേക്കാണ് കത്ത് ലഭിച്ചത്. പശ്ചിമഘട്ട കബനീദള ആക്ഷന്‍ കമ്മറ്റി വൈസ് പ്രസിഡന്റ് ബെദര്‍ മുസാമിന്റെ പേരിലാണ് കത്ത്.

പോലീസ് സ്‌റ്റേഷനില്‍ ലഭിച്ച കത്തില്‍ മാവോയിസ്റ്റ് ലഘുലേഖകളും അടങ്ങിയിരിക്കുന്നു. സാധാരണക്കാര്‍ക്ക് വേണ്ടി പൊരുതിയ ഏഴ് സഖാക്കളെ വെടിവച്ച് കൊന്ന മുഖ്യമന്ത്രിക്ക് വേണ്ട ശിക്ഷ നടപ്പിലാക്കുമെന്നും കത്തില്‍ പറയുന്നു.

കാട്ടുതീ എന്ന പുസ്തകത്തിന്റെ അഞ്ച് പേജാണ് കത്തിനൊപ്പം അയച്ചിരിക്കുന്നത്. ഈ ലഘുലേഖയില്‍ സി.പി.എമ്മിനെതിരായ വിമര്‍ശനങ്ങളുമുണ്ട്.

പേരാമ്പ്ര എസ്.ഐയ്‌ക്കെതിരെയും ഭീഷണിയുണ്ട്. ചെറുവത്തൂര്‍ എന്ന സ്ഥലത്ത് നിന്നാണ് കത്ത് വടകര പോലീസ് സ്‌റ്റേഷനിലേക്ക് അയച്ചിരിക്കുന്നത്. പേരാമ്പ്ര എസ്.ഐ ഹരീഷിന്റെ നിലപാട് നാടിന് അപമാനമാണെന്നും കത്തില്‍ പറയുന്നു.

സാധാരണ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സാധാരണ മനുഷ്യരെ നായയെപ്പോലെ തല്ലിച്ചതയ്ക്കുന്ന ഈ നരാധമനെ അര്‍ബന്‍ ആക്ഷന്‍ ടീം വൈകാതെ തന്നെ കാണേണ്ടത് പോലെ കാണുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.

പാലക്കാട് മഞ്ചിക്കണ്ടിയല്‍ കഴിഞ്ഞയിടെ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. നേരത്തെ മൂന്ന് മാവോയിസ്റ്റുകളെ ഏറ്റുമുട്ടിലില്‍ വധിച്ചിരുന്നു.

CLICK TO FOLLOW UKMALAYALEE.COM