ഏറ്റുമുട്ടല്‍ വ്യാജമെന്ന്‌ ആദിവാസികള്‍ , വധിച്ചതു കീഴടങ്ങാന്‍ ഒരുങ്ങിയിരുന്നവരെ – UKMALAYALEE

ഏറ്റുമുട്ടല്‍ വ്യാജമെന്ന്‌ ആദിവാസികള്‍ , വധിച്ചതു കീഴടങ്ങാന്‍ ഒരുങ്ങിയിരുന്നവരെ

Thursday 31 October 2019 4:29 AM UTC

പാലക്കാട്‌ Oct 31 : അട്ടപ്പാടിയില്‍ തണ്ടര്‍ബോള്‍ട്ട്‌ കമാന്‍ഡോകള്‍ വധിച്ചതു കീഴടങ്ങാന്‍ സന്നദ്ധരായിരുന്ന മാവോയിസ്‌റ്റുകളെയെന്നു സൂചന. കൊല്ലപ്പെട്ട മണിവാസകം ആരോഗ്യപ്രശ്‌നങ്ങളാല്‍ അവശനായിരുന്നെന്നും കീഴടങ്ങാന്‍ ഒത്തുതീര്‍പ്പുശ്രമങ്ങള്‍ നടന്നിരുന്നെന്നും ആദിവാസി സംഘടനാനേതാക്കള്‍ വെളിപ്പെടുത്തി.

മാവോയിസ്‌റ്റുകള്‍ കീഴടങ്ങാന്‍ തയാറാണെന്ന്‌ ഊരുനിവാസികളോടു പറഞ്ഞിരുന്നതായി തായ്‌കുലസംഘം വൈസ്‌ പ്രസിഡന്റ്‌ ശിവാനി വെളിപ്പെടുത്തി. ഇക്കാര്യമറിഞ്ഞ അന്നത്തെ അട്ടപ്പാടി എ.എസ്‌.പി: നവനീത്‌ ശര്‍മ ഒത്തുതീര്‍പ്പുശ്രമങ്ങള്‍ നടത്തിയിരുന്നു.

കീഴടങ്ങുന്നവര്‍ക്കുള്ള പുനരധിവാസവും സുരക്ഷയും മാവോയിസ്‌റ്റുകളെ അറിയിക്കാനും ശ്രമിച്ചു. ഇതിനായി മാവോയിസ്‌റ്റുകളുമായി ബന്ധമുള്ള ചില പൊതുപ്രവര്‍ത്തകരോടു വിവരങ്ങള്‍ തിരക്കി. എന്നാല്‍, ഇരുകൂട്ടര്‍ക്കും അതിന്‌ അവസരം ലഭിച്ചില്ലെന്നു ശിവാനി പറഞ്ഞു.

ഏറ്റുമുട്ടല്‍ വാദത്തില്‍ ദുരൂഹത ആരോപിക്കപ്പെട്ടതോടെ പോലീസും വിശദീകരണവുമായി രംഗത്തെത്തി. മാവോയിസ്‌റ്റുകള്‍ കീഴടങ്ങാന്‍ തയാറായിരുന്നില്ലെന്നാണു പോലീസ്‌ നിലപാട്‌. തണ്ടര്‍ബോള്‍ട്ട്‌ സ്വയരക്ഷയ്‌ക്കായി പ്രത്യാക്രമണം നടത്തിയതാണെന്നും പോലീസ്‌ പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്‌ച ഉച്ചയ്‌ക്കു മുമ്പ്‌ മൂന്നുപേര്‍ കൊല്ലപ്പെടുകയും ബാക്കിയുള്ളവര്‍ രക്ഷപ്പെടുകയും ചെയ്‌തു. തുടര്‍ന്ന്‌, ഉന്നതോദ്യോഗസ്‌ഥര്‍ ഉള്‍പ്പെടെ സംഭവസ്‌ഥലത്തെത്തി. രാത്രി മൃതദേഹങ്ങള്‍ക്കു കാവലേര്‍പ്പെടുത്തി.

എന്നിട്ടും പിറ്റേന്നു രാവിലെ ഇന്‍ക്വസ്‌റ്റിന്‌ ഉദ്യോഗസ്‌ഥര്‍ എത്തുമ്പോള്‍ 100 മീറ്റര്‍ സമീപം മാവോയിസ്‌റ്റുകള്‍ ഉണ്ടായിരുന്നെന്നാണു പോലീസ്‌ വാദം. തുടര്‍ന്ന്‌ രണ്ടുമണിക്കൂറോളം നീണ്ട പോരാട്ടത്തില്‍ ഭവാനിദളം നേതാവ്‌ മണിവാസകം കൊല്ലപ്പെട്ടതോടെ ബാക്കിയുള്ളവര്‍ രക്ഷപ്പെട്ടെന്നും പോലീസ്‌ പറയുന്നു.

എന്നാല്‍, കൂടുതല്‍ സേനാംഗങ്ങള്‍ എത്തുമെന്നുറപ്പുള്ള മേഖലയില്‍ തമ്പടിച്ച്‌, എണ്ണത്തില്‍ കുറവുള്ള മാവോയിസ്‌റ്റുകള്‍ ആക്രമണത്തിനു മുതിരാനുള്ള സാധ്യത കുറവാണ്‌. ഭക്ഷണക്കുറവുമൂലം സംഘാംഗങ്ങള്‍ അവശരാണെന്നും പോലീസിന്‌ അറിയാമായിരുന്നു. കമാന്‍ഡോകളോടു പിടിച്ചുനില്‍ക്കാന്‍ ശേഷിയുള്ള ആയുധങ്ങളുടെ കാര്യത്തിലും സംശയമുണ്ട്‌.

പതിവായി തണ്ടര്‍ബോള്‍ട്ടിന്റെ തെരച്ചില്‍ നടക്കുന്ന വനമേഖലയില്‍, മേലേമഞ്ചക്കണ്ടി ഊരില്‍നിന്ന്‌ അരമണിക്കൂറോളം നടന്നാലെത്തുന്ന ദൂരത്താണു സംഘം ക്യാമ്പ്‌ ചെയ്‌തിരുന്നത്‌. അരിക്കും ഭക്ഷണസാധനങ്ങള്‍ക്കും ആദിവാസികളെയാണ്‌ ആശ്രയിച്ചിരുന്നത്‌.

സായുധപോരാട്ടമെന്നു പോസ്‌റ്ററുകള്‍ പതിക്കുമ്പോഴും കേരളത്തില്‍ ഇന്നുവരെ മാവോയിസ്‌റ്റുകള്‍ ആരെയും വധിച്ചതായി റിപ്പോര്‍ട്ടില്ല. പോലീസ്‌ പറഞ്ഞ ഏറ്റുമുട്ടലുകളിലെല്ലാം കൊല്ലപ്പെട്ടതു മാവോയിസ്‌റ്റുകള്‍ മാത്രമാണ്‌.

നിലമ്പൂരിലും വയനാട്ടിലും അട്ടപ്പാടിയിലുമായി ഏഴുപേര്‍. അതിനൊന്നും മാവോയിസ്‌റ്റുകളുടെ ഭാഗത്തുനിന്നു പ്രതികാരനടപടി ഉണ്ടായിട്ടില്ല. അട്ടപ്പാടിയില്‍ തമ്പടിച്ച സംഘത്തിലെ ആറുപേരുടെ ചിത്രങ്ങള്‍ സഹിതമുള്ള മുഴുവന്‍ വിവരങ്ങളും പോലീസിന്റെ പക്കലുണ്ടായിരുന്നു.

CLICK TO FOLLOW UKMALAYALEE.COM