ഏറ്റവും വലിയ ദുരന്തം: കേന്ദ്രം , ദേശീയദുരന്തമല്ല, ഇത്‌ ലെവല്‍- 3 ദുരന്തം – UKMALAYALEE
foto

ഏറ്റവും വലിയ ദുരന്തം: കേന്ദ്രം , ദേശീയദുരന്തമല്ല, ഇത്‌ ലെവല്‍- 3 ദുരന്തം

Tuesday 21 August 2018 1:06 AM UTC

കൊച്ചി Aug 21 : കേരളത്തിലുണ്ടായ പ്രളയദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നിയമപരമായി കഴിയില്ലെന്നും ദേശീയദുരന്ത നിവാരണ മാര്‍ഗനിര്‍ദേശപ്രകാരമുള്ള ഏറ്റവും വലിയ ദുരന്തങ്ങളുടെ പട്ടികയിലാണ്‌ ഉള്‍പ്പെടുത്തിയതെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കേരളത്തിലെ പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയിലാണ്‌ കേന്ദ്രത്തിന്റെ വിശദീകരണം.

എത്ര വലുതാണെങ്കിലും ദേശീയദുരന്തമായി പ്രഖ്യാപിക്കാന്‍ നിയമപരമായി കഴിയില്ലെന്നും പൊതുവെ ഉപയോഗത്തിലുള്ള ഒരു വാക്‌ പ്രയോഗം മാത്രമാണിതെന്നും ഇതിന്‌ പ്രസക്‌തിയില്ലെന്നും കേന്ദ്ര ആഭ്യന്തര ജോ. സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു.

കേരളത്തിലുണ്ടായിട്ടുള്ളത്‌ ഗുരുതരദുരന്തമാണ്‌. ദേശീയ, രാജ്യാന്തരസഹായങ്ങള്‍ ആവശ്യമുണ്ടെന്ന്‌ വിലയിരുത്തപ്പെടുന്ന ലെവല്‍ മൂന്നു വിഭാഗത്തിലാണ്‌ കേരളത്തിലെ പ്രളയദുരന്തത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌.

ദേശീയ, അന്തര്‍ദേശീയ സഹായങ്ങള്‍ക്ക്‌ അര്‍ഹതയുള്ള വിഭാഗമാണിത്‌.

സൈനികസേവനം ഉള്‍പ്പെടെ എല്ലാത്തരം സഹായവും കേരളത്തിനു ലഭ്യമാക്കിയിട്ടുണ്ട്‌. പ്രധാനമന്ത്രിയടക്കം ദുരന്തമേഖലകള്‍ നേരില്‍ സന്ദര്‍ശിച്ചു സഹായം പ്രഖ്യാപിച്ചിട്ടുണ്ട്‌.

എത്രയുംവേഗം സാധാരണനിലയിലേക്കെത്താന്‍ ആവശ്യമായ എല്ലാ സഹായങ്ങളും പ്രവര്‍ത്തനങ്ങളും കേന്ദ്രസര്‍ക്കാരിന്റെ വിവിധവകുപ്പുകള്‍ ഏകോപിച്ചും അല്ലാതെയും നിര്‍വഹിക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

പ്രളയക്കെടുതിയിലുണ്ടായ നഷ്‌ടം കണക്കാക്കി സംസ്‌ഥാന സര്‍ക്കാര്‍ എത്രയും പെട്ടെന്നു കേന്ദ്രത്തിനു റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌.

അതേസമയം പ്രളയത്തില്‍ തകര്‍ന്ന കേരളത്തിനുള്ള ദുരിതാശ്വാസസഹായം ഒഴുകുകയാണ്‌. 450 കോടി രൂപയുടെ സഹായവാഗ്‌ദാനം ഇതുവരെ ലഭിച്ചിട്ടുണ്ട്‌.

ഉപരാഷ്‌ട്രപതി, സുപ്രീം കോടതി ജഡ്‌ജിമാര്‍ എന്നിവര്‍ തങ്ങളുടെ വരുമാനത്തില്‍നിന്ന്‌ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്‌. വി.പി.എസ്‌. ഹെല്‍ത്ത്‌കെയര്‍ എം.ഡി. ഷംസീര്‍ വയലില്‍ 50 കോടി രൂപയുടെ സഹായപദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്‌.

CLICK TO FOLLOW UKMALAYALEE.COM