എസ് വി പ്രദീപിനെ ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ – UKMALAYALEE

എസ് വി പ്രദീപിനെ ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ

Tuesday 15 December 2020 10:32 PM UTC

തിരുവനന്തപുരം Dec 15: മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിനെ ഇടിച്ചിട്ട വാഹനവും ഡ്രൈവറേയും പോലീസ് കസ്റ്റഡിയിലെടുത്തു. കൊലക്കുറ്റം ചുമത്തിയാണ് ഡ്രൈവര്‍ ജോയിയെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മോഹനന്‍ എന്നയാളുടെ മകളുടെ പേരിലാണ് അപകടമുണ്ടാക്കിയ ലോറി. ഇയാളെയും കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. അപകട സമയത്ത് മോഹനനും ലോറിയില്‍ ഉണ്ടായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് കാരക്കാമണ്ഡലം ജംഗ്ഷന് സമീപത്ത് വെച്ച് പ്രദീപ് സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നില്‍ ടിപ്പര്‍ ലോറി ഇടിച്ചത്. ഇടിച്ച ശേഷം ലോറി നിര്‍ത്താതെ പോവുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അപകടം അടുത്തുളള സിസിടിവികളില്‍ പതിഞ്ഞിരുന്നു.

ലോറിയുടെ ദൃശ്യം ഇത് വഴി പോലീസിന് ലഭിച്ചു. പ്രദീപിന്റെ മരണം കൊലപാതകമാണ് എന്നതടക്കമുളള ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കേസ് അന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. കെഎല്‍ 01 സികെ 6949 എന്ന ലോറിയാണ് തിരുവനന്തപുരം ഈഞ്ചയ്ക്കലില്‍ വെച്ച് പോലീസ് പിടികൂടിയത്. ഡ്രൈവറായ ജോയി പേരൂര്‍ക്കട സ്വദേശിയാണ്.

പ്രദീപിനെ ഇടിച്ച് വീഴ്ത്തിയ ശേഷം ലോറി നിര്‍ത്താതെ പോയത് ഭയം കാരണമാണ് എന്ന് ചോദ്യം ചെയ്യലിനിടെ ജോയ് പോലീസിനോട് പറഞ്ഞു.

ലോറി ഉടമ മോഹനനൊപ്പം വട്ടിയൂര്‍ക്കാവിലെ ക്വാറിയില്‍ നിന്ന് എം സാന്‍ഡ് കയറ്റി ശാന്തിവിള ഭാഗത്തേക്ക് പോവുകയായിരുന്നു എന്നാണ് ജോയി പറയുന്നത്. അതിനിടെയാണ് അപകടം നടന്നത്. എം സാന്‍ഡ് ഇറക്കിയ ശേഷം മറ്റൊരു വഴിയിലൂടെയാണ് പേരൂര്‍ക്കട ഭാഗത്തേക്ക് പോയത്.

ലോറി നമ്പര്‍ സംബന്ധിച്ച് പോലീസിന് വ്യക്തത ഇല്ലെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞതിന് ശേഷമാണ് വാഹനം വീണ്ടും നിരത്തിലേക്ക് ഇറക്കിയത്. എന്നാല്‍ ഇഞ്ചക്കലിലൂടെ പോകവേ പോലീസിന് വിവരം ലഭിക്കുകയും ലോറി കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് മുല്ലപ്പളളി രാമചന്ദ്രൻ. ” സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും കടുത്ത വിമര്‍ശകനായിരുന്നു അപകടത്തില്‍ മരിച്ച എസ് വി പ്രദീപ്. പ്രദീപിന്റെ മരണത്തെ ലാഘവബുദ്ധിയോടെ നോക്കി കാണാനാകില്ല. ദുരൂഹമായ സാഹചര്യത്തില്‍ നടന്ന മരണമാണ്”.

CLICK TO FOLLOW UKMALAYALEE.COM