എസ് ഐ ശശിധരനെ മരണം തേടിയെത്തിയത് വിദേശത്തേക്കു പോകാനിരിക്കെ – UKMALAYALEE

എസ് ഐ ശശിധരനെ മരണം തേടിയെത്തിയത് വിദേശത്തേക്കു പോകാനിരിക്കെ

Tuesday 26 November 2019 5:57 AM UTC

കോട്ടയം Nov 26: ഗാന്ധിനഗറില്‍ പ്രഭാതസവാരിക്കിറങ്ങിയ മുന്‍ എസ്.ഐ. വെട്ടേറ്റു മരിച്ചു. തെള്ളകം മുടിയൂര്‍ക്കര പറയകാവില്‍ സി.ആര്‍. ശശിധരനാ(62)ണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

തലയ്ക്കു പിന്നില്‍ വെട്ടുകത്തിപോലുള്ള ആയുധംകൊണ്ടു വെട്ടേറ്റതാണു മരണകാരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്നലെ പുലര്‍ച്ചെ അഞ്ചിനു മെഡിക്കല്‍ കോളജിനു സമീപം എസ്.എന്‍.ഡി.പി. ശാഖ മന്ദിരം-അടിച്ചിറ റോഡിലായിരുന്നു സംഭവം.

പതിവു നടത്തത്തിനായി അഞ്ചുമണിയോടെയാണു ശശിധരന്‍ ഇറങ്ങിയത്. വീട്ടില്‍നിന്ന് 50 മീറ്റര്‍ അകലെവച്ചാണ് ആക്രമണമുണ്ടായത്. ഏറെനേരം കഴിഞ്ഞ് അതുവഴിയെത്തിയ പത്രവിതരണക്കാരനാണു ശശിധരന്‍ ബോധരഹിതനായി രക്തത്തില്‍ കുളിച്ചു കിടക്കുന്നതു കണ്ടത്.

ഉടന്‍ അയല്‍വാസികള്‍ മുഖേന പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണു മരിച്ചതായി കണ്ടെത്തിയത്.

ഇന്‍ക്വസ്റ്റ് പരിശോധനയില്‍ തലയുടെ പിന്നിലും െകെ വിരലിലും മുറിവുള്ളതായും കണ്ടെത്തി.’

ശശിധരനുമായി അതിര്‍ത്തിത്തര്‍ക്കമുണ്ടായിരുന്ന അയല്‍വാസിയെയാണു പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നത്.

എന്നാല്‍, കൊലപാതകം സംബന്ധിച്ചു വ്യക്തമായ സൂചനകള്‍ പോലീസിനു ലഭിച്ചിട്ടില്ല. കസ്റ്റഡിയിലെടുത്തയാളുടെ വീടും സംഭവം നടന്ന സ്ഥലവും പോലീസ് പരിശോധിച്ചു.

ശശിധരന്‍ ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ എസ്.ഐ. ആയിരിക്കെയാണു വിരമിച്ച ഇദ്ദേഹവും ഭാര്യയും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. മക്കളെ കാണാന്‍ ഇന്നു വിദേശത്തേയ്ക്കു പോകാനിരിക്കേയാണ് ശശിധരനെ തേടി അക്രമിയെത്തിയത് .

ഭാര്യയുമൊത്തു ഗാന്ധിനഗറിലെ വീട്ടില്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്ന ശശിധരന്റെ രണ്ടു മക്കളും അയര്‍ലന്‍ഡില്‍ നഴ്‌സുമാരാണ്. ഇവര്‍ക്കൊപ്പം താമസിക്കുന്നതിനു പോകാന്‍ ഒരുങ്ങുന്നതിനിടെയാണു ദാരുണാന്ത്യം.

ഇദ്ദേഹത്തോടു പകയുള്ള ആരോ കൃത്യം നടത്താന്‍ ഇന്നലെ ആസൂത്രിതമായി തെരഞ്ഞെടുക്കുകയായിരുന്നുവെന്നാണു പോലീസ് സംശയിക്കുന്നത്. വിരമിച്ച ശേഷം വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു ശശിധരന്‍.

വിരമിച്ച ശേഷവും ചിട്ടകളിലൊന്നും മാറ്റം ത്തിയിരുന്നില്ല. കൃത്യമായി എല്ലാ ദിവസവും പുലര്‍ച്ചെ നടക്കാന്‍ പോകുമായിരുന്നു.

അയല്‍വാസികള്‍ ഉള്‍പ്പെടെയുള്ളവരുമായി തികഞ്ഞ സൗഹൃദത്തില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹം സേവന കാലയവളവിലും പരാതിയ്‌ക്കൊന്നും ഇട നല്‍കിയിരുന്നില്ല.

വര്‍ഷങ്ങളോളം കോട്ടയം ഡിെവെ.എസ്.പി. ഓഫീസില്‍ െറെറ്റര്‍ ആയി ജോലി ചെയ്തിരുന്ന ഇദ്ദേഹവുമായി സൗഹൃദമില്ലാത്തവര്‍ വളരെ കുറവായിരുന്നു.

രാവിലെ വീട്ടില്‍ നിന്നു നടന്നു ബസില്‍ ഓഫീസിലെത്തുന്നതുവരെ നിരവധി സൗഹൃദ ബന്ധങ്ങള്‍ ഇദ്ദേഹം പുലര്‍ത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.

തുടര്‍ന്നാണു വീടു സ്ഥിതി ചെയ്യുന്ന ഗാന്ധിനഗര്‍ സ്‌റ്റേഷനില്‍ എത്തുന്നത്. തങ്ങളോടു സൗഹൃദത്തോടെ മാത്രം സംസാരിച്ചിരുന്ന ശശിധരന്റെ ദാരുണാന്ത്യം പഴയ സഹപ്രവര്‍ത്തകരെയും ഞെട്ടിച്ചിരിക്കുകയാണ്.

നാലു മാസം മുമ്പു മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ ലോട്ടറി വില്‍പ്പനക്കാരിയെ കൊലപ്പെടുത്തിയതിന് ഏതാനും മീറ്ററുകള്‍ അകലെയാണ് ഇന്നലെ റിട്ട. എസ്.ഐയെ പുലര്‍ച്ചെ കൊലപ്പെടുത്തിയത്.

ജില്ലയിലെ തന്നെ ഏറ്റവും ജനസാന്ദ്രതയേറിയ സ്ഥലത്തെ കൊലപാതകം നാടിനെ ഒന്നാകെ നടുക്കിയിരിക്കുകയാണ്. ഗാന്ധിനഗര്‍, മെഡിക്കല്‍ കോളജ് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ, മയക്കുമരുന്നു മാഫിയയുടെ കരങ്ങള്‍ സംഭവത്തിനു പിന്നിലുണ്ടോയെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്.

മെഡിക്കല്‍ കോളജ് വളപ്പില്‍ ലോട്ടറി വില്‍പ്പനക്കാരി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നു പോലീസ് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ലോട്ടറി വില്‍പ്പനക്കാരി തൃക്കൊടിത്താനം പടിഞ്ഞാറേപ്പറമ്പില്‍ പൊന്നമ്മയെയാണു (55) കഴിഞ്ഞ ജൂെലെ 13നു കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ടു ഒപ്പം താമസിച്ചിരുന്ന സത്യന്‍ എന്നയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മെഡിക്കല്‍ കോളജ് റോഡില്‍ നിന്നും എസ്.എന്‍ ഡി പി ശാഖ മന്ദിരം സ്ഥിതി ചെയ്യുന്ന റോഡിലാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാത്രി, പകല്‍ ഭേദമെന്യേ തിരക്കേറിയ റോഡിനോടു ചേര്‍ന്നാണു മൃതദേഹം കണ്ടെത്തിയത്. കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നാണു പോലീസ് സംശയിക്കുന്നത്.

കൃത്യം നടത്താന്‍ തെരഞ്ഞെടുത്ത സമയമാണു പോലീസിനെ അമ്പരിപ്പിക്കുന്നത്. ഒട്ടേറെ ക്രിമിനലുകള്‍ തമ്പടിച്ചിരിക്കുന്ന സ്ഥലമാണു ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയെന്നതാണ് ഇത്തരമൊരു അന്വേഷണത്തിനു പോലീസിനെ പ്രേരിപ്പിക്കുന്നത്.

വിവിധ സ്ഥലങ്ങളില്‍ നിന്നു വന്നു താമസിക്കുന്നവരാണു പ്രദേശത്തുള്ളതെന്നാണ് അക്രമികള്‍ ഇവിടം താവളമാക്കാന്‍ കാരണം. മെഡിക്കല്‍ കോളജിലെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാരെന്ന വ്യാജേന പ്രദേശത്തു തമ്പടിച്ചിരിക്കുന്ന ക്രിമിനലുകളുമുണ്ട്. ഇത്തരക്കാരും പോലീസ് നിരീക്ഷണത്തിലാണ്.

CLICK TO FOLLOW UKMALAYALEE.COM