എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. നേതാക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ജോലി ഉറപ്പാക്കാന്‍ ഫോഴ്‌സ് – UKMALAYALEE

എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. നേതാക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ജോലി ഉറപ്പാക്കാന്‍ ഫോഴ്‌സ്

Tuesday 23 July 2019 3:13 AM UTC

തിരുവനന്തപുരം July 23: എസ്.എഫ്.ഐ, ഡി.െവെ.എഫ്.ഐ. നേതാക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും ജോലി ഉറപ്പാക്കാന്‍ ഫോഴ്‌സ്, ആക്ഷന്‍ എന്നിങ്ങനെ സി.പി.എം. പദ്ധതികള്‍.

ഇതിനു ചരടുവലിക്കുന്നതു സര്‍ക്കാര്‍ സര്‍വീസിലടക്കം നിശബ്ദമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ഫ്രാക്ഷന്‍.

പൊതുമേഖലാ സ്ഥാപനങ്ങളിലും സഹകരണ അപ്പെക്‌സ് സ്ഥാപനങ്ങളിലും നിയമനം ലഭിച്ചിരുന്നവരിലേറെയും ഭരിക്കുന്നവരുടെ ഇഷ്ടക്കാരായിരുന്നു.

നിയമനം പി.എസ്.സിക്കു വിടാന്‍ തീരുമാനിച്ചതിനു ശേഷവും അതു നടപ്പാക്കാനുള്ള ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യുന്നതു െവെകിപ്പിച്ച് പിന്‍വാതില്‍ നിയമനം തുടര്‍ന്നു. വിജ്ഞാപനം വന്നിട്ടില്ലാത്ത സ്ഥാപനങ്ങള്‍ ഇപ്പോഴും നിരവധിയാണ്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്തു കേസിലെ പ്രതികളായ എസ്.എഫ്.ഐ. നേതാക്കള്‍ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിലെ ആദ്യ റാങ്കുകാരാണെന്നു വ്യക്തമായതോടെ പി.എസ്.സി. നിയമനങ്ങളും സംശയത്തിന്റെ നിഴലിലായി.

പോലീസ് അടക്കം വിവിധ സേനകളിലേക്കുള്ള റാങ്ക് ലിസ്റ്റുകള്‍ പരിശോധിച്ചാല്‍ മുന്‍നിരക്കാരിലേറെയും ഇടത് ആഭിമുഖ്യമുള്ളവരാണെന്നു വ്യക്തമാകും; പ്രത്യേകിച്ച് സി.പി.എമ്മുമായി അടുത്ത ബന്ധമുള്ളവര്‍.

കായികക്ഷമതാ പരിശോധനകളെ സ്വാധീനിക്കാന്‍ എളുപ്പമാണ്. സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റിലൂടെ നേടുന്ന വെയ്‌റ്റേജ് മാര്‍ക്കും കുത്തുകേസ് പ്രതി ശിവരഞ്ജിത്തിന്റെ അമ്പെയ്ത്തു മത്സര സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണത്തിലൂടെ ചോദ്യംചെയ്യപ്പെടുകയാണ്.

പി.എസ്.സിയിലും സി.പി.എം. ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുന്നതായുള്ള സൂചനകളാണ് പുറത്തുവരുന്നത്. നസീമും ശിവരഞ്ജിത്തും അടക്കമുള്ളവരെ നിയന്ത്രിച്ചിരുന്ന തിരുവനന്തപുരത്തെ ഒരു മുന്‍ ജനപ്രതിനിധിയും പി.എസ്.സിയുമായുള്ള ബന്ധം ഈ സംശയം ബലപ്പെടുത്തുന്നു.

മാറിമാറി ഭരിച്ച മുന്നണികളെല്ലാം സഹകരണ സ്ഥാപനങ്ങളില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റിയിരുന്നു. 1995-ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെയാണ് സഹകരണ അപ്പെക്‌സ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സിക്കു വിടാന്‍ തീരുമാനിച്ചത്.

മില്‍മ, ഹാന്‍ടെക്‌സ്, കണ്‍സ്യൂമര്‍ഫെഡ്, ഹൗസ് ഫെഡ്, സംസ്ഥാന സഹകരണ ബാങ്ക്, പട്ടികജാതി-പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷന്‍, മല്‍സ്യഫെഡ് എന്നിവയിലെ നിയമനങ്ങള്‍ ചട്ടങ്ങള്‍ തയാറാക്കി പി.എസ്.സിക്കു വിട്ടു. സംസ്ഥാന സഹകരണ കാര്‍ഷിക ബാങ്ക് നിയമനം പി.എസ്.സിക്കു വിട്ടെങ്കിലും വിജ്ഞാപനം വന്നിട്ടില്ല.

കൃഷി വകുപ്പിനു കീഴിലുള്ള കേരഫെഡ്, വ്യവസായ വാണിജ്യ ഡയറക്ടറുടെ കീഴില്‍ വരുന്ന കാപെക്‌സ്, സുരഭി, െകെത്തറി ഡയറക്ടറുടെ ഭരണ നിയന്ത്രണത്തിലുള്ള ടെക്‌സ്‌ഫെഡ്, കയര്‍ വികസന ഡയറക്ടറുടെ നിയന്ത്രണത്തിലുള്ള കയര്‍ഫെഡ്, റൂട്രോണിക്‌സ്, മറ്റ് അപ്പെക്‌സ് സ്ഥാപനങ്ങളായ ടൂര്‍ഫെഡ്, വനിതാ ഫെഡ്, ഹോസ്പിറ്റല്‍ ഫെഡ്, ലേബര്‍ ഫെഡ്, മാര്‍ക്കറ്റ് ഫെഡ് എന്നിവയിലെ നിയമനം പി.എസ്.സി. ഇനിയും ഏറ്റെടുത്തിട്ടില്ല.

അവിടെ കാര്യങ്ങള്‍ പിന്‍വാതിലിലൂടെത്തന്നെ. റാങ്ക് ലിസ്റ്റില്‍ ഇടംനേടുന്നവരെ സംഘടനാ ഭാരവാഹികള്‍ നിയമനത്തിനു മുമ്പുതന്നെ സമീപിച്ച് മുന്‍കൂര്‍ അംഗത്വമെടുപ്പിക്കാന്‍ നീക്കം നടക്കുന്നെന്ന ആരോപണം പണ്ടേയുള്ളതാണ്.

CLICK TO FOLLOW UKMALAYALEE.COM