എസ്എഫ്‌ഐയുടെ ഫ്‌ലക്‌സ് ബോര്‍ഡ് വിവാദത്തില്‍ ദീപാ നിശാന്തിന് പറയാനുള്ളത് – UKMALAYALEE

എസ്എഫ്‌ഐയുടെ ഫ്‌ലക്‌സ് ബോര്‍ഡ് വിവാദത്തില്‍ ദീപാ നിശാന്തിന് പറയാനുള്ളത്

Wednesday 26 June 2019 8:24 AM UTC

കേരള വര്‍മ കോളേജില്‍ എസ്എഫ്‌ഐ വെച്ച രണ്ട് ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ സിപിഎമ്മിനെ വീണ്ടും വെട്ടിലാക്കിയിരിക്കുകയാണ്. ഹിന്ദു വിശ്വാസങ്ങളെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന തരത്തിലാണ് ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ എന്നാണ് ഉയരുന്ന ആരോപണം.

ഇതിനെതിരെ നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനത്തിന്റെ ചുവട് പിടിച്ചാണ് ഫ്‌ലെക്‌സ്. ഇതിനിടയിലാണ് കേരള വര്‍മ കോളജിലെ അധ്യാപിക കൂടിയായ ദീപാ നിശാന്ത് നിലപാട് വ്യക്തമാക്കി കുറിപ്പിട്ടിരിക്കുന്നത്.

ബോര്‍ഡ് വച്ച വിദ്യാര്‍ത്ഥിസംഘടനാ വിഷയത്തില്‍ തനിക്ക് അഭിപ്രായം പറയേണ്ട ബാധ്യതയില്ലെന്ന് ദീപ കുറിപ്പില്‍ പറയുന്നു.
ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
കേരളവര്‍മ്മ കോളേജിലെ നിരവധി അധ്യാപകരില്‍ ഒരാളാണ് ഞാന്‍.

ക്ലാസ്സില്‍ കൃത്യമായി പോകുകയും ക്ലാസ്സെടുക്കുകയും ചെയ്യുന്നുണ്ട്. അധ്യാപിക എന്ന നിലയ്ക്കുള്ള ചുമതലകള്‍ കഴിവതും ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. എന്റെ മതം, വിശ്വാസം,രാഷ്ട്രീയം എന്നിവ ക്ലാസ്സ് റൂമിനകത്ത് ഡിസ്‌കസ് ചെയ്യാറില്ല.

അതൊക്കെ എന്റെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. അത്തരം കാര്യങ്ങള്‍ പറയേണ്ടപ്പോള്‍ പറയേണ്ടിടത്ത് പറയാറുണ്ട്. അതിനിയും തുടരും.

കോളേജിലെ വിദ്യാര്‍ത്ഥിസംഘടനാവിഷയത്തില്‍ അഭിപ്രായം പറയേണ്ട ബാധ്യത എനിക്കില്ല. അതു കൊണ്ടു തന്നെ അത്തരം വിഷയങ്ങള്‍ ചോദിച്ചു കൊണ്ട് എന്റെ ഇന്‍ബോക്‌സിലേക്ക് ആരും വരേണ്ടതുമില്ല.

‘സൈബര്‍ പെര്‍വേര്‍ട്ടുകളുടെ’ ആവിഷ്‌കാരലീലകള്‍ തുടരുക. അതിന്റെ ലിങ്ക് എനിക്കാരും അയച്ചുതരേണ്ട കാര്യമില്ല. അത് കണ്ട് വേദനിക്കുന്ന ഘട്ടമൊക്കെ കഴിഞ്ഞു എന്നാണ് വിശ്വാസം.

CLICK TO FOLLOW UKMALAYALEE.COM