എല്‍.ഡി.എഫ് സീറ്റുവിഭജനം പൂര്‍ത്തിയായി; സി.പി.എം:16, സി.പി.ഐ-4 – UKMALAYALEE

എല്‍.ഡി.എഫ് സീറ്റുവിഭജനം പൂര്‍ത്തിയായി; സി.പി.എം:16, സി.പി.ഐ-4

Saturday 9 March 2019 2:56 AM UTC

തിരുവനന്തപുരം March 9: ലോക്‌സഭാ തെരഞ്ഞെടുപ്പിനായി എല്‍.ഡി.എഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയായി. മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായ സി.പി.എം 16 സീറ്റുകളിലും രണ്ടാമനായ സി.പി.ഐ നാല് സീറ്റുകളിലും മത്സരിക്കും. മറ്റ് കക്ഷികള്‍ക്ക് സീറ്റില്ല. കഴിഞ്ഞതവണ കോട്ടയത്ത് മത്സരിച്ച ജെ.ഡി.എസിന് ഇത്തവണ സീറ്റില്ല.

ഇന്നു നടന്ന എല്‍.ഡി.എഫ് യോഗത്തിലാണ് സീറ്റ് വിഭജനം പൂര്‍ത്തിയായത്. 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കും. സീറ്റ് ലഭിക്കാത്തതില്‍ ജെ.ഡി.എസും എല്‍.ജെ.ഡിയും അതൃപ്തി അറിയിച്ചു.

എന്നാല്‍ മുന്നണി ബന്ധത്തെ കരുതി തീരുമാനം അംഗീകരിക്കുകയായിരുന്നുവെന്ന് ഇരുകക്ഷികളും അറിയിച്ചു. പറയാനുള്ളതെല്ലാം മുന്നണി യോഗത്തില്‍ അറിയിച്ചുവെന്ന് ജെ.ഡി.എസ് നേതാവ് കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.

കോട്ടയമോ പത്തനംതിട്ടയോ കിട്ടാന്‍ ആഗ്രഹിച്ചിരുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് മുന്നണിയോഗത്തില്‍ പക്ഷേ സീറ്റ് ആവശ്യപ്പെട്ടില്ല. ഇത്തവണ മത്സരിക്കേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചുവെന്ന് ഡോ.കെ.സി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.

അതിനിടെ, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്ന പൊന്നാനി മണ്ഡലത്തിലേക്ക് പി.വി അന്‍വര്‍ എം.എല്‍.എയുടെ പേര് വീണ്ടും നിര്‍ദേശിക്കപ്പെട്ടു.

സി.പി.എം പൊന്നാനി പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പേര് നിര്‍ദേശിച്ചത്. നേരത്തെ അന്‍വറിന്റെ പേര് ഉയര്‍ന്നുവന്നൂവെങ്കിലും വ്യക്തിപരമായി നേരിടുന്ന കേസുകള്‍ തിരിച്ചടിയാകുമോ എന്ന സംശയം നേതൃത്വം പ്രകടിപ്പിച്ചിരുന്നു.

CLICK TO FOLLOW UKMALAYALEE.COM