എല്‍ഡിഎഫിന് തിരിച്ചടിയായത് പിണറായി ഭരണത്തോടുള്ള എതിര്‍പ്പ് – UKMALAYALEE

എല്‍ഡിഎഫിന് തിരിച്ചടിയായത് പിണറായി ഭരണത്തോടുള്ള എതിര്‍പ്പ്

Friday 24 May 2019 1:24 AM UTC

പാലക്കാട് May 24: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഫലം പുറത്തുവരുമ്പോള്‍ കേന്ദ്രത്തിന് വിരുദ്ധമായി ചിന്തിക്കുന്ന പതിവ് തെറ്റിക്കാതെ ഇത്തവണയും കേരളം. എന്‍ഡിഎ കേന്ദ്രത്തില്‍ വന്‍ മുന്നേറ്റം നടത്തിയപ്പോള്‍ ഒരു സീറ്റ് പോലും അനുവദിക്കാതെ ഇത്തവണയും ബിജെപിയെ കേരളം പടിക്കു പുറത്തു നിര്‍ത്തി.

ആകെയുള്ള 20 ല്‍ 19 സീറ്റുകളും യുഡിഎഫ് തൂത്തുവാരാന്‍ കാരണമായത് പിണറായി വിജയന്‍ സര്‍ക്കാരിനെതിരേയും കേന്ദ്രത്തിലെ നരേന്ദ്രമോഡി ഭരണത്തിന് എതിരേയും സംസ്ഥാനത്തിന്റെ വിധിയെഴുത്തായി മാറി.

ഇടതുപക്ഷം ലക്ഷ്യം വെച്ചിരുന്ന ന്യൂനപക്ഷ വോട്ടുകള്‍ എതിരായതാണ് എല്‍ഡിഎഫിന് ഇത്തവണ വന്‍ തിരിച്ചടിക്ക് കാരണമായതായി വിലയിരുത്തുന്നത്.

കേന്ദ്രത്തിലെ മോഡി ഭരണത്തിനെതിരേ സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ ഉണ്ടായ ശക്തമായ വികാരം അനുകൂല ഘടകമായത് യുഡിഎഫിനായിരുന്നു.

മോഡി വീണ്ടും ഭരണത്തില്‍ വരാതിരിക്കുന്നതിന് കോണ്‍ഗ്രസിന് വോട്ടു ചെയ്യുക എന്ന നയമാണ് ന്യൂനപക്ഷങ്ങള്‍ ഏറ്റെടുത്തത്. സിപിഎമ്മിന് വോട്ടു ചെയ്യുന്നത് കോണ്‍ഗ്രസിന്റെ കേന്ദ്രത്തിലെ സാധ്യത കുറയ്ക്കുമെന്ന് അവര്‍ വിലയിരുത്തി.

ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് നേടിയ ഒരു ലക്ഷത്തിന് മുകളിലുള്ള ഭൂരിപക്ഷവും കടുത്ത സിപിഎം വികാരമുള്ള പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ പരാജയവും സൂചിപ്പിക്കുന്നത് ഇതാണ്.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനോടുള്ള വിരോധം നിഷ്പക്ഷ വോട്ടുകള്‍ മറിയാന്‍ കാരണമായതായും അവര്‍ കരുതുന്നു. സംസ്ഥാനത്ത് ബിജെപിയുടെ സ്വാധീനം കൂടുന്നതിനെ തുടര്‍ന്ന് മതധ്രുവീകരണം സംഭവിച്ചതായി പിണറായി വിജയന്‍ നേരത്തേ തന്നെ പറഞ്ഞിരുന്നു.

ശബരിമല പ്രശ്‌നം സിപിഎമ്മിന്റെ വലിയ വോട്ടുബാങ്കില്‍ നേരിയ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ടെന്നും ഇതാകട്ടെ ഗുണമായി ഭവിച്ചത് യുഡിഎഫിനായിരുന്നെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

ശബരിമല വിഷയം കാര്യമായി പ്രതിഫലിച്ചിരുന്നെങ്കില്‍ പത്തനംതിട്ടയിലും തിരുവനന്തപുരത്തും തൃശൂരിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വന്‍ വിജയം നേടുമായിരുന്നു.

എന്നാല്‍ ശബരിമലയില്‍ എല്ലാവരേയും പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തതിന് പിന്നാലെ സവര്‍ണ്ണ ഹിന്ദുത്വ വോട്ടുകള്‍ ബിജെപിയിലേക്ക് പോയി.

പരമ്പരാഗതമായി ഇടതുപാര്‍ട്ടികളെ പിന്തുണയ്ക്കുന്ന രീതി തുടര്‍ന്നിരുന്ന കേരളത്തിലെ പിന്നാക്ക ഹിന്ദുക്കളുടേയും കീഴാള സമൂഹങ്ങളുടേയും വോട്ടുകള്‍ എത്തിയതാകട്ടെ യുഡിഎഫിലും.

അതേസമയം ശബരിമല വിഷയം ഇല്ലാതിരുന്നിട്ടും തിരുവനന്തപുരത്തും പത്തനംതിട്ടയിലും കഴിഞ്ഞ തവണ രണ്ടാമതായിരുന്നു ബിജെപി. എന്നാല്‍ ഇത്തവണ ശബരിമല വിഷയം ഏറ്റവും പ്രതിഫലിച്ചിട്ടും പത്തനംതിട്ടയിലും തൃശൂരിലും മൂന്നാം സ്ഥാനത്തേക്ക് വീണു.

തിരുവനന്തപുരത്ത് കുമ്മനം രണ്ടാം സ്ഥാനത്തേക്ക് വന്നത് നേമം, വട്ടിയൂര്‍കാവ്, കഴക്കൂട്ടം മേഖലകളുടെ പശ്ചാത്തലത്തിലാണ്.

അതായത് കേരളത്തിലെ ഹിന്ദുക്കള്‍ ഇപ്പോഴും ഹിന്ദു രാഷ്ട്രീയപാര്‍ട്ടിയെ സമ്പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടിട്ടില്ലെന്നും ബിജെപിയുടെ രാഷ്ട്രീയ ഗിമ്മിക്കുകളില്‍ വീഴാന്‍ മതേതര സ്വഭാവം കാത്തുസൂക്ഷിക്കുന്ന കേരള ഹിന്ദുക്കള്‍ തയ്യാറല്ലെന്നതിന്റെയും സൂചനയാണ് ബിജെപിയുടെ കേരളത്തിലെ സമ്പൂര്‍ണ്ണ പരാജയം.

മോഡി ഭരണത്തെ വെറുക്കുന്നതിനൊപ്പം പിണറായി സര്‍ക്കാരിനെയും കേരളസമൂഹം താല്‍പ്പര്യപ്പെടുന്നില്ല എന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രി സ്വന്തം മണ്ഡലം പോലെ കരുതി നേരിട്ടിറങ്ങി പ്രചരണം നടത്തിയിട്ടും പത്തനം തിട്ടയില്‍ സിപിഎം പരാജയപ്പെട്ടു.

പിണറായിയ്ക്ക് ശക്തമായ സ്വാധീനമുള്ള കണ്ണൂരിലും വടകരയിലുമെല്ലാം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വലിയ പരാജയമായത് ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നു. ജനവിരുദ്ധ നിലപാടുകളോടുള്ള വിരക്തി എന്ന നിലയില്‍ ജനം പ്രതികരിച്ചതോടെ എല്‍ഡിഎഫിന് കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുകയാണ്.

എല്‍ഡിഎഫിന്റെ ഉറച്ച കോട്ടകളില്‍ പോലും യുഡിഎഫ് മികച്ച വിജയമാണ് നേടിയത്. ആറ്റിങ്ങല്‍, ആലത്തൂര്‍, പാലക്കാട് തുടങ്ങി എല്‍ഡിഎഫിന് മികച്ച അടിത്തറയുള്ള മണ്ഡലങ്ങളില്‍ പോലും പരാജയപ്പെട്ടു.

എക്‌സിറ്റ് പോളില്‍ എല്‍ഡിഎഫിന് കേരളത്തില്‍ മൂന്ന് മുതല്‍ അഞ്ച് സീറ്റ് വരെ പ്രവചിച്ചിരുന്ന കണക്കുകള്‍ അവരുടെ വോട്ടു ഷെയര്‍ കുറഞ്ഞത് ചൂണ്ടിക്കാട്ടിയിരുന്നു. 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാലു സീറ്റിലേക്ക് ഒതുങ്ങിപ്പോയ എല്‍ഡിഎഫിന് 2014 ല്‍ എട്ടു സീറ്റിലേക്ക് ഉയരാന്‍ കഴിഞ്ഞിരുന്നെങ്കിലൂം അവരുടെ വോട്ടുഷെയറില്‍ വന്ന കുറവ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

2014 ല്‍ ഉണ്ടായിരുന്ന 40 ശതമാനത്തില്‍ നിന്നും 2016 അസംബ്‌ളി തെരഞ്ഞെടുപ്പിലേക്ക് വന്നപ്പോള്‍ എല്‍ഡിഎഫ് വോട്ടുകള്‍ 37 ശതമാനമായി കുറഞ്ഞിരുന്നു. എന്നാല്‍ ബിജെപിയുടെ വളര്‍ച്ച തങ്ങളുടെ പരമ്പരാഗത വൈരികളായ കോണ്‍ഗ്രസ് വോട്ടുകളേയെ ബാധിക്കൂ എന്നാണ് സിപിഎം കരുതിയത്.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി വോട്ടില്‍ ഉണ്ടായ വര്‍ദ്ധനയാണ് 2016 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്‍വിയിലേക്ക് നയിച്ചതെന്നായിരുന്നു സിപിഎം വിലയിരുത്തല്‍.

എന്നാല്‍ ബിജെപിയ്ക്കാകട്ടെ 10.81 ശതമാനം മാത്രമായിരുന്ന വോട്ടു ഷെയര്‍ 2014 ന് ശേഷം 16 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തു. യുഡിഎഫ് വോട്ടു ഷെയര്‍ 2014 ല്‍ നിന്നും 2019 ല്‍ എത്തുമ്പോള്‍ 42 ശതമാനത്തില്‍ നിന്നും 43 ആയി കൂടുകയും ചെയ്തു.

ബിജെപിയിലെയും എല്‍ഡിഎഫിലെയും ഈ കണക്കുകള്‍ താരതമ്യപ്പെടുത്തിയാല്‍ ബിജെപിയിലെ വോട്ടു ഷെയര്‍ കൂടിയിരിക്കുന്നത് എല്‍ഡിഎഫില്‍ നിന്നാണെന്ന് വേണം വിലയിരുത്താന്‍. യുഡിഎഫിനാകട്ടെ ഇവിടെ കാര്യമായ നഷ്ടം വന്നില്ലെന്നും വിലയിരുത്താം.

സംസ്ഥാനത്ത് പോളിംഗ് ശതമാനം കൂടുന്നത് യുഡിഎഫിന് അനുകൂലമാകും എന്ന വിലയിരുത്തല്‍ ഇത്തവണയും സത്യമായി. കേരളത്തില്‍ ഒരു സീറ്റില്‍ മാത്രമായി അവശേഷിച്ചതോടെ ദേശീയ രാഷ്ട്രീയത്തിലും ഇടതുപക്ഷം അപ്രസക്തമാകുകയാണ്.

ബംഗാളില്‍ പൂര്‍ണ്ണമായും പുറത്തായ സിപിഎം നാലു സീറ്റുകളിലും സിപിഐ ഒരു സീറ്റിലുമായി ചുരുങ്ങി.

CLICK TO FOLLOW UKMALAYALEE.COM