എന്‍.ഒ.സി. എടുത്തിട്ടും കേരളം വിട്ടു പോകാതെ വാഹനങ്ങള്‍ – UKMALAYALEE

എന്‍.ഒ.സി. എടുത്തിട്ടും കേരളം വിട്ടു പോകാതെ വാഹനങ്ങള്‍

Monday 17 February 2020 5:06 AM UTC

പെരുമ്പാവൂര്‍ Feb 17: അന്യസംസ്‌ഥാന തൊഴിലാളികള്‍ കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ വാങ്ങി അവരുടെ സംസ്‌ഥാനങ്ങളിലേക്ക്‌ എന്‍.ഒ.സി. എടുക്കുകയും എന്നാല്‍ അവിടെ കൊണ്ടുപോകാതെ കേരളത്തില്‍ തന്നെ ഉപയോഗിക്കുന്നതായും പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ്‌ മോട്ടോര്‍ വാഹന വകുപ്പ്‌ പരിശോധനയ്‌ക്ക് ഇറങ്ങിയത്‌.
അന്യസംസ്‌ഥാന തൊഴിലാളികള്‍ കൂടുതലായുള്ള സ്‌ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ആലുവ – മൂന്നാര്‍ റോഡില്‍ പാലക്കാട്ടുതാഴം ജങ്‌ഷനില്‍ വച്ച്‌ ആലുവ രജിസ്‌ട്രേഷന്‍ ഉള്ള ഇരുചക്രവാഹനത്തിന്‌ ഉദ്യോഗസ്‌ഥര്‍ കൈകാണിച്ചു. അതില്‍ വന്ന രണ്ടു പേര്‍ വാഹനം മാറ്റി നിര്‍ത്തി ഓടി രക്ഷപെട്ടു.

ഇത്‌ കണ്ട്‌ നിന്ന നാട്ടുകാരും ഓടി പോയവര്‍ക്കു വേണ്ടി തെരച്ചില്‍ നടത്തിയെങ്കിലും അവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്‌ വാഹന്‍ സൈറ്റില്‍ പരിശോധിച്ചപ്പോള്‍ ഈ വാഹനം 22/01/2016 ല്‍ വെസ്‌റ്റ് ബംഗാളിലെ മൂര്‍ഷിദാബാദിലേക്ക്‌ ആലുവ സബ്‌ – ആര്‍.ടി. ഓഫിസില്‍ നിന്നും എന്‍.ഒ.സി എടുത്തതാണെന്ന്‌ അറിയാന്‍ കഴിഞ്ഞു..

എന്നാല്‍ വാഹനം അവിടെ കൊണ്ടു പോകാതെ പെരുമ്പാവൂര്‍ ഭാഗത്ത്‌ ഉപയോഗിച്ച്‌ വരികയായിരുന്നു.

ഇത്തരത്തില്‍ ഉള്ള വാഹനങ്ങള്‍ക്ക്‌ മിക്കപ്പോഴും ഇന്‍ഷുറന്‍സും ഉണ്ടാകാറില്ല. ഇത്തരം വാഹനങ്ങള്‍ അപകടത്തില്‍പെട്ടാല്‍ വാഹനത്തിന്റെ നമ്പര്‍ കിട്ടിയാലും വാങ്ങിയ ആളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നില്ല.

ആയതിനാല്‍ കുറ്റം ചെയ്‌തവര്‍ രക്ഷപെടാനുള്ള സാഹചര്യവും കൂടുതല്‍ ആണ്‌. കേരള രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ചാല്‍ പെട്ടന്ന്‌ ആരുടെയും ശ്രദ്ധയില്‍പ്പെടാത്തതും ഇവര്‍ മുതലെടുക്കുന്നു. വാഹനം കസ്‌റ്റഡിയില്‍ എടുത്ത്‌ പിന്നീട്‌ പെരുമ്പാവൂര്‍ പോലീസിന്‌ കൈമാറി.

പരിശോധനയില്‍ എം.വി. ഐ. ദീപു എന്‍.കെ, ബിനേഷ്‌ കെ.എസ്‌, എ.എം.വി. ഐമാരായ രജ്‌ഞിത്ത്‌ എസ്‌, അസൈനാര്‍ കെ.എം. എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന്‌ ജോ. ആര്‍.ടി.ഒ ബി. ഷെഫീഖ്‌ അറിയിച്ചു.

CLICK TO FOLLOW UKMALAYALEE.COM