എന്‍. ഐ. എ പണിതുടങ്ങി – UKMALAYALEE

എന്‍. ഐ. എ പണിതുടങ്ങി

Saturday 11 July 2020 4:28 AM UTC

കൊച്ചി  July 11: നയതന്ത്ര സ്വര്‍ണക്കടത്ത്‌ കേസില്‍ യു.എ.ഇ. കോണ്‍സുലേറ്റ്‌ മുന്‍ പി.ആര്‍.ഒ: പി.എസ്‌. സരിത്തിനെയും മുന്‍ എക്‌സിക്യൂട്ടീവ്‌ സെക്രട്ടറി സ്വപ്‌നാ സുരേഷിനെയും പ്രതിചേര്‍ത്ത്‌ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പ്രത്യേകകോടതിയില്‍ എഫ്‌.ഐ.ആര്‍. സമര്‍പ്പിച്ചു.

ഇരുവര്‍ക്കുമെതിരേ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ) ചുമത്തി.

കേസില്‍ സരിത്ത്‌, സ്വപ്‌ന, എറണാകുളം സ്വദേശി ഫസില്‍ ഫരീദ്‌ എന്നിവരാണു യഥാക്രമം 1-3 പ്രതികള്‍. സ്വപ്‌നയുടെ സുഹൃത്ത്‌ സന്ദീപ്‌ നായര്‍ നാലാംപ്രതിയാണ്‌. വിദേശത്തുനിന്നു വന്‍തോതില്‍ സ്വര്‍ണം കടത്തിയതു ദേശീയസുരക്ഷയ്‌ക്കുതന്നെ ഭീഷണിയാണെന്ന്‌ എഫ്‌.ഐ.ആറില്‍ പറയുന്നു.

സ്വര്‍ണക്കടത്തിലൂടെ സ്വരൂപിക്കുന്ന പണം ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നുണ്ടെന്ന്‌ എന്‍.ഐ.എ. വ്യക്‌തമാക്കി. ഈ സാഹചര്യത്തിലാണ്‌ യു.എ.പി.എ. 15-18 വകുപ്പുകള്‍ ചുമത്തിയത്‌.

സ്വപ്‌നയുടെ മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കവേ, കേസ്‌ ഏറ്റെടുത്ത വിവരം എന്‍.ഐ.എ. ഹൈക്കോടതിയേയും അറിയിച്ചു.

സ്വര്‍ണക്കടത്തിലൂടെ രാജ്യത്തെത്തിയ പണം ദേശീയസമ്പദ്‌വ്യവസ്‌ഥയെ ബാധിക്കുന്നുണ്ടെന്നും ഭീകരവാദ, വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നതായും എന്‍.ഐ.എ. അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

എന്‍.ഐ.എ. അന്വേഷണം ഏറ്റെടുത്തതിനാല്‍ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ നിലനില്‍ക്കില്ലെന്നു കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ രവി പ്രകാശും വാദിച്ചു. എന്‍.ഐ.എ. കേസുകള്‍ പരിഗണിക്കുന്ന പ്രത്യേകകോടതിക്കേ മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കാനാകൂ.

സരിത്ത്‌, സന്ദീപ്‌ നായരുടെ ഭാര്യ സൗമ്യ എന്നിവരുടെ മൊഴികളില്‍നിന്നു സ്വര്‍ണക്കടത്തില്‍ സ്വപ്‌നയുടെ പങ്ക്‌ വ്യക്‌തമാണ്‌. അതിനാല്‍ ചോദ്യംചെയ്യല്‍ അനിവാര്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ ബോധിപ്പിച്ചു.

സ്വപ്‌ന മൊബൈല്‍ ഫോണ്‍ സ്വിച്‌ഓഫ്‌ ചെയ്‌ത്‌ ഒളിവിലാണെന്നും ചോദ്യംചെയ്യല്‍ നോട്ടീസ്‌ നല്‍കാനായിട്ടില്ലെന്നും കസ്‌റ്റംസ്‌ കോടതിയില്‍ ബോധിപ്പിച്ചു. നയതന്ത്ര ബാഗേജ്‌ സംബന്ധിച്ചു കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരുമായി ബന്ധപ്പെട്ടത്‌ കോണ്‍സുലേറ്റ്‌ ജനറലിന്റെ നിര്‍ദേശപ്രകാരമാണെന്നു സ്വപ്‌നയുടെ അഭിഭാഷകന്‍ വാദിച്ചു.

പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതു തെറ്റായ നടപടിയാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. യു.എ.ഇ. കോണ്‍സുലേറ്റും സ്വപ്‌നയുമായുള്ള ഇ-മെയില്‍ സന്ദേശങ്ങളുടെ പകര്‍പ്പുകള്‍ ഹര്‍ജിക്കൊപ്പം ഹാജരാക്കി.

മാധ്യമങ്ങളില്‍ ഫോട്ടോ പ്രസിദ്ധീകരിച്ചതു സ്വകാര്യതാ അവകാശലംഘനമാണെന്നും സ്വപ്‌ന ആരോപിച്ചു. ജാമ്യാപേക്ഷ ചൊവ്വാഴ്‌ച പരിഗണിക്കാന്‍ മാറ്റി. ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരും കസ്‌റ്റംസും നിലപാട്‌ ബോധിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

കേരളത്തിലേക്കു മുമ്പ്‌ കടത്തിയ സ്വര്‍ണം പോയ വഴിയേതെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കപ്പെട്ടോയെന്നും എന്‍.ഐ.എ. അന്വേഷിക്കും. കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതു സംബന്ധിച്ച്‌ ഇന്ത്യയും യു.എ.ഇയുമായി കരാറും നിലവിലുണ്ട്‌.

CLICK TO FOLLOW UKMALAYALEE.COM