എന്‍ ഐ എ.കണ്ണുകള്‍ സെക്രട്ടേറിയറ്റിലേക്ക്‌ – UKMALAYALEE

എന്‍ ഐ എ.കണ്ണുകള്‍ സെക്രട്ടേറിയറ്റിലേക്ക്‌

Friday 24 July 2020 3:36 AM UTC

തിരുവനന്തപുരം July 24: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ മുള്‍മുനയില്‍ നിര്‍ത്തി എന്‍.ഐ.എ. അന്വേഷണം സെക്രട്ടേറിയറ്റിലേക്ക്‌. സെക്രട്ടേറിയറ്റിലെ സി.സി. ടിവി ക്യാമറാ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്കും ചീഫ്‌ സെക്രട്ടറിക്കും കത്തു നല്‍കി.

തെരയുന്നത്‌ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സമ്പര്‍ക്കപ്പട്ടിക.

കന്റോണ്‍മെന്റ്‌ ഗേറ്റ്‌, മുഖ്യമന്ത്രിയുടെയും ശിവശങ്കറിന്റെയും ഓഫീസ്‌ സ്‌ഥിതിചെയ്യുന്ന നോര്‍ത്ത്‌ ബ്ലോക്ക്‌, പ്രധാന കവാടം, ശിവശങ്കറിന്റെ ഓഫീസ്‌ എന്നിവിടങ്ങളിലെ സി.സി. ടിവി ദൃശ്യങ്ങളാണ്‌ എന്‍.ഐ.എ. ആവശ്യപ്പെട്ടത്‌.

ഇതിനായി മുഖ്യമന്ത്രിക്കും ചീഫ്‌ സെക്രട്ടറിക്കും നല്‍കിയ കത്തിന്റെ പകര്‍പ്പ്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ പൊതുഭരണ വകുപ്പിലെ ഹൗസ്‌ കീപ്പിങ്‌ വിഭാഗം അഡീഷണല്‍ സെക്രട്ടറി പി. ഹണിക്ക്‌ നേരിട്ടു കൈമാറി.

എല്ലാം എത്തിക്കാമെന്ന്‌ ചീഫ്‌ സെക്രട്ടറിയുമായി സംസാരിച്ചതിനു ശേഷം ഹണി എന്‍.ഐ.എയെ അറിയിച്ചു. മേയ്‌ മുതലുള്ള ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നശിച്ചെന്ന പ്രചാരണം ശരിയല്ലെന്ന്‌ അദ്ദേഹം പറഞ്ഞു.

ഇടിമിന്നലില്‍ തകര്‍ന്നത്‌ ഓഫീസ്‌ നെറ്റ്‌വര്‍ക്കാണെന്നു ചീഫ്‌ സെക്രട്ടറി ബിശ്വാസ്‌ മേത്ത വ്യക്‌തമാക്കി.

ദേശീയ അന്വേഷണ ഏജന്‍സി ആവശ്യപ്പെടുന്ന ഏതു സമയത്തും ലഭ്യമാക്കാനായി കഴിഞ്ഞ മൂന്നു മാസത്തെ സി.സി. ടിവി ദൃശ്യങ്ങളുടെ എഡിറ്റ്‌ ചെയ്യാത്ത കോപ്പി തയാറാക്കി വയ്‌ക്കാന്‍ പൊതുഭരണവകുപ്പിന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ നിര്‍ദേശം നല്‍കി.

എന്നാല്‍ തങ്ങള്‍ ആവശ്യപ്പെടുന്ന തീയതികളിലെ ദൃശ്യങ്ങള്‍ മതിയെന്ന്‌ എന്‍.ഐ.എ. അറിയിച്ചു. ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നതിനു മുമ്പ്‌ എന്‍.ഐ.എയുടെ ഇന്റലിജന്‍സ്‌ വിഭാഗം സെക്രട്ടേറിയറ്റിന്റെ ഘടന വിശദമായി പഠിച്ചിരുന്നു.

ഒന്നും രണ്ടും പ്രതികളായ പി.എസ്‌്. സരിത്ത്‌, സ്വപ്‌ന സുരേഷ്‌ എന്നിവര്‍ക്കു ശിവശങ്കറുമായുള്ള അടുപ്പം വ്യക്‌തമാണ്‌. തങ്ങളും നാലാം പ്രതി സന്ദീപ്‌ നായരും ശിവശങ്കറിനെ പലവട്ടം ഓഫീസിലെത്തി കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ലെറ്റര്‍പാഡില്‍ ശിപാര്‍ശക്കത്തുകള്‍ ലഭിച്ചിട്ടുണ്ടെന്നും അവര്‍ മൊഴി നല്‍കുകയും ചെയ്‌തു.

ഇതിന്റെ അടിസ്‌ഥാനത്തിലാണു സി.സി. ടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്‌. സ്വപ്‌ന മറ്റു മന്ത്രിമാരുടെ ഓഫീസുകളില്‍ പോയിരുന്നോ എന്നും പരിശോധിക്കും.

യു.എ.ഇ. കോണ്‍സുലേറ്റിലെ മുന്‍ പി.ആര്‍.ഒ. കൂടിയായ സരിത്തിനെ മാപ്പുസാക്ഷിയാക്കി അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ്‌ കസ്‌റ്റംസും എന്‍.ഐ.എയും ഉദ്ദേശിക്കുന്നത്‌.

സ്വപ്‌നയ്‌ക്കും സന്ദീപിനും മതതീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്നും അറസ്‌റ്റിലായ കെ.ടി. റമീസാണ്‌ ഈ സംഘടനകള്‍ക്കു പണം കൈമാറിയിരുന്നതെന്നും എന്‍.ഐ.എ. കണ്ടെത്തി.

ഇതു ശിവശങ്കര്‍ അറിഞ്ഞിരുന്നോ എന്നു വിശദമായി അന്വേഷിക്കുന്നു.

CLICK TO FOLLOW UKMALAYALEE.COM