എന്‍.എസ്‌.എസ്‌-സി.പി.എം. അകല്‍ച്ച പൂര്‍ണം , ഇനി നേര്‍ക്കുനേര്‍ – UKMALAYALEE

എന്‍.എസ്‌.എസ്‌-സി.പി.എം. അകല്‍ച്ച പൂര്‍ണം , ഇനി നേര്‍ക്കുനേര്‍

Monday 7 January 2019 2:26 AM UTC

തിരുവനന്തപുരം Jan 7 : ശബരിമലയുടെ കാര്യത്തില്‍ വിട്ടുവീഴ്‌ചയ്‌ക്കു വിദൂരസാധ്യത പോലുമില്ലെന്നു വ്യക്‌തമാക്കി ആഞ്ഞടിച്ച എന്‍.എസ്‌.എസിനെ ഇനി ശത്രുപക്ഷത്തുനിര്‍ത്താന്‍ സര്‍ക്കാര്‍-സി.പി.എം. തീരുമാനം.

സവര്‍ണജാതിത്വത്തിന്റെ പ്രചാരകരെന്ന്‌ എന്‍.എസ്‌.എസിനെ മുദ്രകുത്തും. അതിലൂടെ എസ്‌.എന്‍.ഡി.പിയും കെ.പി.എം.എസുമടക്കമുള്ള സംഘടനകളെ പാട്ടിലാക്കാന്‍ ശ്രമിക്കും.

അയ്യപ്പജ്യോതിക്കു മുമ്പ്‌ സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ളവരെ ദൂതരാക്കി ഇടതുപക്ഷം നടത്തിയ അനുനയശ്രമത്തിന്‌ എന്‍.എസ്‌.എസ്‌. വഴങ്ങിയിരുന്നില്ല.

നവോത്ഥാനത്തിന്റെ പേരുപറഞ്ഞ്‌ നിരീശ്വരവാദം നടപ്പാക്കുന്ന സര്‍ക്കാരാണു കലാപത്തിന്റെ കാരണക്കാരെന്നു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ തുറന്നടിച്ചതു സമദൂരസിദ്ധാന്തത്തിനു മേല്‍ അവസാനത്തെ ആണിയായി.

അതോടെ ഇനി അനുരഞ്‌ജനം വേണ്ടെന്നു സി.പി.എമ്മിന്റെ തീരുമാനമായി.

സംഘപരിവാറിനൊപ്പം എന്‍.എസ്‌.എസിനെയും കടന്നാക്രമിക്കാനുള്ള തീരുമാനം സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍, കാനം രാജേന്ദ്രന്‍, മന്ത്രിമാരായ ഇ.പി. ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരിലൂടെ നടപ്പായിത്തുടങ്ങി.

ശബരിമല വിഷയത്തില്‍ പ്രതിഷേധത്തിനു മുന്നില്‍ നില്‍ക്കാനും വിശ്വാസസംരക്ഷണത്തിനായി സര്‍ക്കാരിനെതിരേ ശക്‌തമായി പ്രതികരിക്കാനും എന്‍.എസ്‌.എസ്‌. ഉറച്ചുതന്നെയെന്നാണു സൂചന.

ശബരിമലയില്‍ ആചാരലംഘനം അനുവദിക്കില്ലെന്നതു വര്‍ഷങ്ങളായി എന്‍.എസ്‌.എസിന്റെ പ്രഖ്യാപിത നിലപാടാണ്‌.

യുവതീപ്രവേശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറച്ച നിലപാട്‌ ബന്ധം വഷളാക്കിയെങ്കിലും സംഭാഷണത്തിനുള്ള വാതിലുകള്‍ കുറച്ചെങ്കിലും തുറന്നുകിടന്നു.

അയ്യപ്പജ്യോതിയോടുള്ള എന്‍.എസ്‌.എസ്‌. ആഭിമുഖ്യത്തിന്‌ എസ്‌.എന്‍.ഡി.പിയെയടക്കം അണിനിരത്തിയുള്ള വനിതാമതിലായിരുന്നു സി.പി.എമ്മിന്റെ മറുപടി.

എന്‍.എസ്‌.എസുമായി ചര്‍ച്ചയാകാമെന്നു കോടിയേരി തുറന്നും ആവര്‍ത്തിച്ചു. എന്നാല്‍ ഇരുളിന്റെ മറപിടിച്ചുള്ള രഹസ്യ യുവതീപ്രവേശനം എല്ലാം താറുമാറാക്കി.

സുകുമാരന്‍ നായരുടെ ഇന്നലത്തെ പ്രസ്‌താവനയോടെ ശത്രുത പകയായി.

എസ്‌.എന്‍.ഡി.പിക്കുള്ളില്‍ പതയുന്ന അമര്‍ഷമാണ്‌ വനിതാമതില്‍ ചതിയായിരുന്നെന്ന എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പത്നി പ്രീതി നടേശന്റെ കുറ്റപ്പെടുത്തലിലൂടെ പുറത്തുവന്നതെങ്കിലും ബന്ധം മുറിയാതിരിക്കാന്‍ അവിടെ ഇനിയും സാധ്യതകളുണ്ടെന്നു സി.പി.എം. കണക്കുകൂട്ടുന്നു.

CLICK TO FOLLOW UKMALAYALEE.COM