എന്‍എച്ച്എസിനെതിരെ നഷ്ടപരിഹാരമാവശ്യപ്പെട്ട് ജീവനക്കാരുടെയും രോഗികളുടെയും ബന്ധുക്കള്‍ – UKMALAYALEE

എന്‍എച്ച്എസിനെതിരെ നഷ്ടപരിഹാരമാവശ്യപ്പെട്ട് ജീവനക്കാരുടെയും രോഗികളുടെയും ബന്ധുക്കള്‍

Tuesday 5 May 2020 1:38 AM UTC

LONDON May 5: എന്‍എച്ച്എസ് ആശുപത്രികളില്‍ വച്ച് കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബക്കാരും ജീവനക്കാരുടെ ബന്ധുക്കളും നഷ്ടപരിഹാരമാവശ്യപ്പെട്ട് രംഗത്ത് വരാനൊരുങ്ങുന്നു. നഷ്ടപരിഹാരത്തിനായി എന്‍എച്ച്എസിന് ബില്യണ്‍ കണക്കിന് പൗണ്ട് വേണ്ടി വന്നേക്കുമെന്നു മുന്നറിയിപ്പുണ്ട്.
സപ്പോര്‍ട്ട് ചാരിറ്റിയായ ആക്ഷന്‍ എഗെയിന്‍സ്റ്റ് മെഡിക്കല്‍ ആക്‌സിഡന്റ്‌സ് (എവിഎംഎ) ആണ് ഈ കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇത്തരം നഷ്ടപരിഹാരം ക്ലെയിം ചെയ്ത് എന്‍എച്ച്എസിനെ കോടതി കയറ്റാന്‍ നിരവധി കുടുംബങ്ങള്‍ നീക്കമാരംഭിച്ചുവെന്നാണീ ചാരിറ്റി വെളിപ്പെടുത്തുന്നത്.

എന്‍എച്ച്എസ് ആശുപത്രികളില്‍ വച്ച് കോവിഡ്-19 ബാധിച്ച് മരിച്ച ചുരുങ്ങിയ 17 കുടുംബങ്ങള്‍ നിലവില്‍ എന്‍എച്ച്എസിനെതിരെ നിയമനടപടിക്കൊരുങ്ങുന്നുവെന്ന് വ്യക്തമായിട്ടുണ്ടെന്നും എവിഎംഎ വെളിപ്പെടുത്തുന്നു.

ജീവനക്കാര്‍ എന്‍എച്ച്എസില്‍ സുരക്ഷിതരാണെന്ന് ഉറപ്പ് നല്‍കി എന്‍എച്ച്എസ് നേരത്തെ ഇറക്കിയ ഗൈഡന്‍സിന്റെ അടിസ്ഥാനത്തില്‍ ഇത്തരം നിയമനടപടികള്‍ കൊറോണ ബാധിച്ച് മരിച്ച ജീവനക്കാരുടെ ബന്ധുക്കളെടുത്തേക്കാമെന്ന ആശങ്ക എന്‍എച്ച്എസിനുണ്ട്.

തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് എന്‍എച്ച്എസില്‍ ഉചിതമായ ചികിത്സ നല്‍കാത്തതിനാലാണ് ഇവര്‍ മരിച്ചിരിക്കുന്നതെന്ന ആരോപണമാണ് ഇത്തരത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തുന്നവര്‍ എന്‍എച്ച്എസിനെതിരെ പൊതുവെ ഉന്നയിക്കുന്ന കുറ്റം.

പിപിഇ പോലും ഇല്ലാതെ തങ്ങളുടെ ബന്ധുക്കളെ കൊറോണ മരണത്തിലേക്ക് തള്ളി വിട്ടെന്നാണ് കൊറോണ ബാധിച്ച് മരിച്ച എന്‍എച്ച്എസ് ജീവനക്കാരുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.

ഈ നിയമനടപടികള്‍ എന്‍എച്ച്എസിന് മേല്‍ കടുത്ത സമ്മര്‍മുണ്ടാകുമെന്ന മുന്നറിയിപ്പേകി മെഡിക്കല്‍ ഡിഫെന്‍സ് യൂണിയനും രംഗത്തെത്തിയിട്ടുണ്ട്.

ഇതിനാല്‍ ഹെല്‍ത്ത് കെയര്‍ പ്രഫഷണലുകളുടെ പ്രതിരോധം വര്‍ധിപ്പിച്ച് അവരെ കോവിഡില്‍ നിന്ന് രക്ഷിക്കുന്നതിന് എന്‍എച്ച്എസ് ശ്രദ്ധ ചെലുത്തണമെന്നും യൂണിയന്‍ നിര്‍ദേശിക്കുന്നു.

ഈ അവസരത്തില്‍ കോവിഡ് ബാധിച്ചിട്ട് മരിക്കാത്തവര്‍ പോലും എന്‍എച്ച്എസിനെ പ്രതിക്കൂട്ടില്‍ കയറ്റാന്‍ ഒരുങ്ങുന്നുവെന്നാണ് ക്രോയ്‌ഡോണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ ചാരിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവായ പീറ്റര്‍ വാല്‍ഷ് മുന്നറിയിപ്പേകുന്നത്.

CLICK TO FOLLOW UKMALAYALEE.COM