ഉറവിടമറിയാതെ ആശങ്ക : കോവിഡ്‌ രോഗികള്‍ 225, സമ്പര്‍ക്കത്തിലൂടെ 38 – UKMALAYALEE

ഉറവിടമറിയാതെ ആശങ്ക : കോവിഡ്‌ രോഗികള്‍ 225, സമ്പര്‍ക്കത്തിലൂടെ 38

Monday 6 July 2020 4:35 AM UTC

തിരുവനന്തപുരം/കൊച്ചി July 6 : സംസ്‌ഥാനത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണം തുടര്‍ച്ചയായ മൂന്നാം ദിവസവും 200 കടന്നു. വൈറസ്‌ ബാധ എവിടെനിന്നെന്ന്‌ അറിയാത്തവരുടെ എണ്ണത്തിലും വന്‍ വര്‍ധന.

സമൂഹവ്യാപന ആശങ്ക ശക്‌തമായതോടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ഒരാഴ്‌ചത്തേക്കു ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍. കൊച്ചി നഗരസഭയുടെ അഞ്ചു ഡിവിഷനുകള്‍ അടച്ചുപൂട്ടി.

ഇന്നലെ 225 പേര്‍ക്കാണു രോഗം സ്‌ഥിരീകരിച്ചത്‌. സമ്പര്‍ക്കത്തിലൂടെ 38 പേര്‍ക്കു രോഗം പകര്‍ന്നതില്‍ 22 പേരും തിരുവനന്തപുരത്താണ്‌. അതില്‍ 14 പേര്‍ക്കു ദൂരയാത്രാ പശ്‌ചാത്തലവുമില്ല.

ഇതേത്തുടര്‍ന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ക്ലിഫ്‌ ഹൗസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്‌ ഇന്നു രാവിലെ ആറു മുതല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ട്രിപ്പിള്‍ ലോക്ക്‌ഡൗണിനു തീരുമാനിച്ചത്‌.

സംസ്‌ഥാനത്തു സമൂഹവ്യാപനമുണ്ടെന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐ.എം.എ) നിഗമനം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. തലസ്‌ഥാനത്തു സമൂഹവ്യാപന ആശങ്കയുണ്ടെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കൊച്ചി നഗരം പാതി സ്‌തംഭനാവസ്‌ഥയിലാണെങ്കിലും സമൂഹവ്യാപനമില്ലെന്നു കലക്‌ടര്‍ പറഞ്ഞു.

പാലക്കാട്‌ (29), കാസര്‍ഗോഡ്‌ (28), തിരുവനന്തപുരം (27), മലപ്പുറം (26), കണ്ണൂര്‍ (25), കോഴിക്കോട്‌ (20), ആലപ്പുഴ (13), എറണാകുളം, തൃശൂര്‍ (12 വീതം), കൊല്ലം (10), കോട്ടയം (8), ഇടുക്കി, വയനാട്‌ (6 വീതം), പത്തനംതിട്ട (3) എന്നിങ്ങനെയാണ്‌ പുതിയ രോഗികള്‍.

ഇതില്‍ 117 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 57 പേര്‍ മറ്റു സംസ്‌ഥാനങ്ങളില്‍നിന്നും വന്നതാണ്‌. സൗദി അറേബ്യ (35), യു.എ.ഇ. (30), കുവൈത്ത്‌ (21), ഖത്തര്‍ (17), ഒമാന്‍ (9), ബഹ്‌റൈന്‍ (4), റഷ്യ(1) എന്നിങ്ങനെയാണു വിദേശത്തുനിന്നു വന്നവര്‍.

കര്‍ണാടക (24), ഡല്‍ഹി (12), തമിഴ്‌നാട്‌ (10), മഹാരാഷ്‌ട്ര (8), തെലങ്കാന (2), ഹരിയാന (1) എന്നിങ്ങനെയാണ്‌ മറ്റ്‌ സംസ്‌ഥാനങ്ങളില്‍ നിന്നും വന്നവര്‍.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍ തിരുവനന്തപുരം (22), കോഴിക്കോട്‌ (5) കാസര്‍ഗോഡ്‌ (4), എറണാകുളം (3), മലപ്പുറം (2), കൊല്ലം, ആലപ്പുഴ (1 വീതം) കണ്ണൂരിലെ ഏഴു ഡി.എസ്‌.സി. ജവാന്മാരും രണ്ടു സി.ഐ.എസ്‌.എഫ്‌. ജവാന്മാരും തൃശൂരിലെ രണ്ടു ബി.എസ്‌.എഫ്‌. ജവാന്മാരും രണ്ടു കപ്പല്‍ ജീവനക്കാരും രോഗം സ്‌ഥിരീകരിച്ചവരിലുണ്ട്‌.

സംസ്‌ഥാനത്ത്‌ 1,80,939 പേര്‍ നിരീക്ഷണത്തിലുണ്ട്‌. 24 പുതിയ ഹോട്ട്‌ സ്‌പോട്ടുകള്‍.

തിരുവനന്തപുരത്ത്‌ മണക്കാട്‌, പൂന്തുണ മേഖലകളിലാണു കൂടുതല്‍ രോഗികള്‍. വള്ളക്കടവ്‌, പേട്ട, കമലേശ്വരം, ആറ്റുകാല്‍, മുട്ടത്തറ, ഉച്ചക്കട, പുല്ലുവിള എന്നിവിടങ്ങളിലും ഏറെ രോഗബാധിതരുണ്ട്‌.

കൊച്ചിയിലെ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേ, എറണാകുളം മാര്‍ക്കറ്റ്‌, പാലാരിവട്ടം, ചമ്പക്കര മാര്‍ക്കറ്റ്‌, ആലുവ മാര്‍ക്കറ്റ്‌ എന്നിവിടങ്ങള്‍ കണ്ടെയ്‌ന്‍മെന്റ്‌ സോണാക്കി. പറവൂര്‍, തൃക്കാക്കര, കടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ കര്‍ശന നിയന്ത്രണം.

കളമശേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലുള്ള 66 വയസുകാരന്റെ നില അതീവ ഗുരുതരമാണ്‌. കോവിഡ്‌ രോഗികളെ ചികിത്സിക്കാനായി നെടുമ്പാശേരി വിമാനത്താവളത്തിനു സമീപത്തെ സിയാല്‍ കണ്‍വന്‍ഷന്‍ സെന്റര്‍ ഇന്നു തുറക്കും.

ആവര്‍ത്തിച്ച്‌ ഐ.എം.എ: ‘സമൂഹവ്യാപനം നടന്നു’
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ്‌ സമൂഹവ്യാപനം നടന്നുകഴിഞ്ഞതായി ആവര്‍ത്തിച്ച്‌ ഐ.എം.എ. രോഗലക്ഷണങ്ങളില്ലാത്ത രോഗികള്‍ വര്‍ധിക്കുന്നതും കോവിഡ്‌ രോഗികളെ ചികിത്സിക്കാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കു പോലും രോഗം വരുന്നതും കേരളത്തില്‍നിന്ന്‌ രോഗലക്ഷണങ്ങളില്ലാതെ മറ്റു സംസ്‌ഥാനങ്ങളിലെത്തുന്നവര്‍ അവിടെ കോവിഡ്‌ പോസിറ്റീവാകുന്നതും ഇതിന്റെ തെളിവാണെന്ന്‌ ഐ.എം.എ പ്രസിഡന്റ്‌ ഏബ്രഹാം വര്‍ഗീസ്‌ ചൂണ്ടിക്കാട്ടി.

ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായും സംസ്‌ഥാനത്ത്‌ പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കൂടുതല്‍ ടെസ്‌റ്റുകള്‍ നടത്തണമെന്നും ഐ.എം.എ. പറയുന്നു.

സമൂഹവ്യാപനത്തിലേക്കു കടക്കുമ്പോള്‍ രോഗനിയന്ത്രണം എളുപ്പമാകില്ല. പരിശോധന വര്‍ധിപ്പിക്കുന്നതിനൊപ്പം രോഗികളെ വേഗം കണ്ടെത്തുകയും നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്‌തമാക്കുകയും വേണം.

സംസ്‌ഥാനത്ത്‌ വീണ്ടും ലോക്ക്‌ഡൗണിലേക്കു പോകേണ്ട സാഹചര്യമാണുള്ളത്‌. നല്‍കിയ ഇളവുകള്‍ പലരും തെറ്റായി ഉപയോഗിച്ചു. ഇളവുകള്‍ നിര്‍ത്തി നിയമം കര്‍ശനമാക്കണം.

ജനങ്ങള്‍ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ട ഘട്ടമാണിതെന്ന്‌ ഐ.എം.എ. ചൂണ്ടിക്കാട്ടി.

CLICK TO FOLLOW UKMALAYALEE.COM