ഉപതെരഞ്ഞെടുപ്പ് നേരിടുന്നത് കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ – UKMALAYALEE

ഉപതെരഞ്ഞെടുപ്പ് നേരിടുന്നത് കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍

Saturday 1 June 2019 2:14 AM UTC

തിരുവനന്തപുരം June 1: കേന്ദ്ര മന്ത്രിസഭയിലേക്കു ടിക്കറ്റ് കിട്ടിയ വി. മുരളീധരന്‍ ബി.ജെ.പി. സംസ്ഥാന ഘടകത്തില്‍ കുടുതല്‍ കരുത്തനായി. അധികാരം ലഭിച്ചതിനു പുറമേ ബി.ജെ.പിയെ നയിക്കാനുള്ള ചുമതലയും ദേശീയ നേതൃത്വം മുരളീധരപക്ഷത്തിനു നല്‍കി.

ആറുമാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ നയിക്കാനുള്ള ചുമതല മുരളീധരപക്ഷത്തെ കരുത്തനായ കെ. സൂരേന്ദ്രനെ ഏല്‍പിച്ചതായാണു സൂചന.

സംസ്ഥാനത്ത് അക്കൗണ്ട് തുറന്നില്ലെങ്കിലും വോട്ട് വിഹിതത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാക്കിയതാണ് സംസ്ഥാനത്തിന് ഇന്നലെത്തന്നെ മന്ത്രിപദം നല്‍കാന്‍ അമിത്ഷായെ പ്രേരിപ്പിച്ചത്.
അതേസമയം ഈ കേന്ദ്രമന്ത്രിസ്ഥാനം ബി.ജെ.പി. കേരള ഘടകത്തിന്റെ നിലവിലെ സമവാക്യങ്ങളില്‍ മാറ്റമുണ്ടാക്കും.

മുരളീധരന് ദേശീയ നേതൃത്വം നല്‍കിയ പരിഗണന ഈ പക്ഷത്തിന്റെ നീക്കങ്ങള്‍ക്ക് ശക്തിപകരും. പാര്‍ട്ടിയില്‍ നടക്കാനിരിക്കുന്ന പുനഃസംഘടനയിലടക്കം അദ്ദേഹം കൈക്കൊള്ളുന്ന നിലപാട് ഇനി നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

കേരളത്തില്‍ ഉപതിരഞ്ഞെടുപ്പു നടക്കാനാരിക്കുന്നതിനാല്‍ ഉടനടി പുനഃസംഘടന നടന്നേക്കാനിടയില്ല. പുനഃസംഘടന ഉണ്ടായാല്‍പ്പോലും നിലവിലുള്ള അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയെ മാറ്റിയേക്കാനും സാധ്യതയില്ല.

എന്നിരുന്നാലും കെ. സുരേന്ദ്രനെ അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ മുരളീധരപക്ഷം നടത്തിയേക്കുമെന്ന് പ്രതീക്ഷിക്കാം.

അതേസമയം തന്നെ ഒരേഗ്രൂപ്പില്‍നിന്ന് കേന്ദ്രമന്ത്രിയും അധ്യക്ഷനും എന്നത് പി.കെ. കൃഷ്ണദാസ് എതിര്‍ക്കാന്‍ സാധ്യതയുള്ള കാര്യവുമാണ്.

എം.ടി. രമേശിനെ പ്രസിഡന്റാക്കുക ആണ് ശ്രീധരന്‍പിള്ള ഗ്രൂപ്പ് ലക്ഷ്യം വെയ്ക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് തര്‍ക്കത്തില്‍ ഏര്‍പ്പെടാതെ മാറിനിന്നയാള്‍ എന്ന പരിഗണനയാകും മുമ്പോട്ട് വെയ്ക്കുക.

മന്ത്രിയാകുമെന്നു പ്രതീക്ഷിച്ച കുമ്മനം രാജശേഖരനെ പാര്‍ട്ടി ദേശീയ നേതൃത്വത്തിലേക്കു കൊണ്ടുവന്നു ദക്ഷിണേന്ത്യ സംസ്ഥാനങ്ങളുടെ ചുമതല നല്‍കിയേക്കും. പി.എസ്. ശ്രീധരന്‍പിള്ളയെ ദേശീയ ഭാരവാഹിത്വം നല്‍കി ഒതുക്കും.

അടുത്തിടെ പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമാകുകയും മുരളീധരനും ശ്രീധരന്‍പിള്ളയും രണ്ടുപക്ഷത്തു നിന്നു പോരാട്ടം ആരംഭിക്കുകയും ചെയ്തതു ഗൗരവത്തോടെയായിരുന്നു കേന്ദ്ര നേതൃത്വം കണ്ടിരുന്നത്. തെരഞ്ഞെടുപ്പിനെ മുന്‍പേ പിള്ളയെ മാറ്റാന്‍ തീരുമാനിച്ചിരുന്നെങ്കിലും ആര്‍.എസ്.എസ് ഇടപെടലിനെത്തുടര്‍ന്ന് അതുണ്ടായില്ല.

എന്നാല്‍ സംസ്ഥാനത്തു നിന്ന് ഒരാളെപോലും വിജയിപ്പിക്കാനാകതെ വന്നേതാടെ പിള്ള അമിത് ഷായുടെ കണ്ണിലെ കരടായി മാറുകയായിരുന്നു. അടുത്തുതന്നെ പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറ്റവും ഉണ്ടാകും.

കേരളത്തിലെ പാര്‍ട്ടി ഘടകത്തിന് കിട്ടിയ അംഗീകാരമാണോ എന്ന ചോദ്യത്തിനു കേരളത്തിലെ ജനങ്ങള്‍ക്കു കിട്ടിയ അംഗീകാരമാണ് മന്ത്രിസ്ഥാനം എന്നായിരുന്നു വി. മുരളീധന്റെ മറുപടി. സംഘടനാ തലത്തിലെ മറ്റു ചര്‍ച്ചകളെല്ലാം പിന്നീട് നടക്കുമെന്നാണ് വി. മുരളീധരന്‍ പറയുന്നത്.

ന്യൂനപക്ഷ പ്രാതിനിധ്യമെന്ന നിലയില്‍ കഴിഞ്ഞ മന്ത്രിസഭയില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കിയെങ്കിലും മോദിയുടെ രണ്ടാം ഊഴത്തില്‍ രാഷ്ട്രീയ പ്രാധാന്യമുള്ള , രാഷ്ട്രീയമായി ഇടപെടാന്‍ കഴിവുള്ള ഒരാളെത്തന്നെ മന്ത്രിയായി തീരുമാനിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണ ഉണ്ട്.

അതേസമയം കോട്ടയത്ത് മത്സരിച്ച് പി.സി. തോമസിനെ രണ്ടാംഘട്ട മന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന സൂചനയും പുറത്തു വരുന്നുണ്ട്.

CLICK TO FOLLOW UKMALAYALEE.COM