ഉത്സവ പ്രതീതി മാഞ്ഞു; ടൂറിസ്റ്റു ബസുകളുടെ പുതിയ രൂപം ഇങ്ങനെ – UKMALAYALEE

ഉത്സവ പ്രതീതി മാഞ്ഞു; ടൂറിസ്റ്റു ബസുകളുടെ പുതിയ രൂപം ഇങ്ങനെ

Tuesday 25 February 2020 8:35 AM UTC

തിരുവനന്തപുരം Feb 25 : സംസ്ഥാനത്തെ ടൂറിസ്റ്റു ബസുകള്‍ക്ക് പുതിയ ഏകീകൃത കളര്‍കോഡ് നിര്‍ബന്ധമാക്കി ഉത്തരവിറങ്ങി. വെള്ളയില്‍ വൈലറ്റും ഗോള്‍ഡന്‍ വരകളുമായി പുതിയ കോഡ്. ഈ ഉത്തരവ് മാര്‍ച്ച് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ബസുകളുടെ പുറം ബോഡിയില്‍ വെള്ളയും മധ്യഭാഗത്ത് കടുംചാര നിറത്തിലെ വരയും മാത്രമേ പാടുള്ളൂ എന്നായിരുന്നു നേരത്തെ നിഷ്‌കര്‍ഷിച്ചിരുന്നത്.
നേരത്തേ വശങ്ങളില്‍ നിഷ്‌കര്‍ഷിച്ചിരുന്ന വെള്ള പശ്ചാത്തലത്തില്‍ ചാരനിറത്തിലുള്ള വരകള്‍ക്കു പകരം പത്ത് സെന്റീമീറ്റര്‍ വീതിയില്‍ വയലറ്റും അതിനു മുകളില്‍ മൂന്ന് സെന്റിമീറ്റര്‍ വീതിയില്‍ സ്വര്‍ണനിറത്തിലെ വരയുമാണ് പുതുതായി അനുവദിച്ചത്. ഇവ തമ്മില്‍ ഒരു സെന്റീമീറ്റര്‍ അകലം വേണം.

മാത്രമല്ല മുന്‍വശത്ത് ടൂറിസ്റ്റ് എന്നതിനു പകരം ഓപ്പറേറ്ററുടെ പേരെഴുതാനും അനുവദിച്ചു. പക്ഷേ 12 ഇഞ്ച് വീതിയില്‍ സാധാരണ അക്ഷരങ്ങളില്‍ വെള്ള നിറത്തില്‍ മാത്രമേ പേരെഴുതാന്‍ പാടുള്ളൂ.

പിന്‍വശത്ത് 40 സെന്റീമീറ്റര്‍ വീതിയില്‍ പേരും ഉടമയുടെയോ ഓപ്പറേറ്റുടെയോ മേല്‍വിലാസവും എഴുതാനുള്ള അനുമതിയും നല്‍കി.

ടൂറിസ്റ്റ് ബസ് ഉടമകള്‍ തമ്മിലുണ്ടായ അനാരോഗ്യകരമായ മത്സരം അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ബസുകള്‍ക്ക് ഏകീകൃത നിറം ഏര്‍പ്പെടുത്തിയത്.

13ല്‍ കൂടുതല്‍ സീറ്റുകളുള്ള മിനിവാനുകള്‍ക്കും നിറംമാറ്റം വേണ്ടിവരും. മാര്‍ച്ച് മുതല്‍ നിറംമാറ്റം നിലവില്‍വരും. നിലവില്‍ മറ്റ് നിറങ്ങള്‍ അടിച്ചിട്ടുള്ള ബസുകള്‍ ഫിറ്റ്‌നസ് പരിശോധനയ്ക്ക് ഹാജരാക്കുമ്പോള്‍ വെള്ളനിറത്തിലേക്ക് മാറണം.

പുതിയ നിയമം അനുസരിച്ച് ഇനിമുതല്‍ ടൂറിസ്റ്റു ബസുകളുടെ പുറം ബോഡിയില്‍ വെള്ളയും മധ്യഭാഗത്ത് പകരം പത്ത് സെന്റീമീറ്റര്‍ വീതിയില്‍ വയലറ്റും അതിനുമുകളില്‍ മൂന്ന് സെന്റിമീറ്റര്‍ വീതിയില്‍ സ്വര്‍ണനിറത്തിലെ വരയും മാത്രമേ പാടുള്ളൂ.

മറ്റുനിറങ്ങളോ എഴുത്തോ, ചിത്രപ്പണികളോ, അലങ്കാരങ്ങളോ പാടില്ല.
നിയന്ത്രണമില്ലാത്തതിനാല്‍ മോഡലുകളുടെയും സിനിമാതാരങ്ങളുടെയും ഉള്‍പ്പെടെ അവരവര്‍ക്ക് ഇഷ്ടമുള്ള ചിത്രങ്ങളാണ് ബസുടമകള്‍ ബസുകളില്‍ പതിച്ചിരുന്നത്. ഇത്തരം ചിത്രങ്ങള്‍ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിച്ച് അപകടമുണ്ടാക്കുന്നുവെന്നത് ഉള്‍പ്പെടെയുള്ള കണ്ടെത്തലാണ് ഏകീകൃത നിറത്തിലേക്ക് എത്തിച്ചത്.

ബസിന്റെ ഉള്ളിലെ ലൈറ്റുകളും സീറ്റുകള്‍ അടക്കമുള്ളവ എങ്ങനെ വേണമെന്ന് കേന്ദ്ര ഗതാഗതനിയമത്തില്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടുണ്ടെന്നിരിക്കെയാണ് ഇത്തരം നിയമലംഘനങ്ങള്‍.

ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തമ്മിലുള്ള അനാരോഗ്യകരമായ മത്സരമാണ് ഇതിനൊക്കെ കാരണം. ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം നല്‍കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ബസുടമകള്‍ തന്നെ ഗതാഗത കമ്മിഷണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

CLICK TO FOLLOW UKMALAYALEE.COM