ഉണ്ണിത്താന്‍ വധം ആസൂത്രിതം 3 പേര്‍ റിമാന്‍ഡില്‍ – UKMALAYALEE

ഉണ്ണിത്താന്‍ വധം ആസൂത്രിതം 3 പേര്‍ റിമാന്‍ഡില്‍

Saturday 5 January 2019 2:39 AM UTC

പന്തളം Jan 5: ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ കുരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താനെ(55) ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നു പോലീസ്‌.

കഴിഞ്ഞ ദിവസം കസ്‌റ്റഡിയിലെടുത്ത രണ്ടു പ്രതികളുടെ റിമാന്‍ഡ്‌ റിപ്പോര്‍ട്ടിലാണ്‌ ഇൗ പരാമര്‍ശം. പോലീസുകാരെ ആക്രമിച്ച കേസിലാണ്‌ മൂന്നാമനെ അറസ്‌റ്റ്‌ ചെയ്‌തത്‌.

പന്തളം ഉളമയില്‍ വാക്കയില്‍ കോയിക്കല്‍ തെക്കേപ്പുരയില്‍ കണ്ണന്‍ (30), കുളനട ഉളനാട്‌ താഴേപുതുപ്പറമ്പില്‍ അജു (22) എന്നിവരാണ്‌ കൊലപാതകത്തിന്‌ അറസ്‌റ്റിലായത്‌.

മങ്ങാരം പുലിക്കുഴിമണ്ണില്‍ ആരിഫി(19)ന്റെ അറസ്‌റ്റ്‌ സിവില്‍ പോലീസ്‌ ഓഫീസര്‍ നെടിയവിള കുറ്റിയിലയ്യത്ത്‌ ബി. രാജേഷിനെ എറിഞ്ഞു പരുക്കേല്‍പിച്ചതിനാണ്‌.

രണ്ടിനു വൈകിട്ട്‌ ഏഴോടെ ശബരിമല കര്‍മസമിതി നടത്തിയ പ്രകടനത്തിനുനേരേ സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസില്‍നിന്നാണ്‌ കല്ലേറുണ്ടായത്‌.

തലയ്‌ക്കു ഗുരുതരമായി പരുക്കേറ്റ ചന്ദ്രന്‍ ഉണ്ണിത്താന്‍ മണിക്കൂറുകള്‍ക്കുശേഷം തിരുവല്ലയിലെ ആശുപത്രിയില്‍ മരിച്ചു. കരുതിക്കൂട്ടിയുള്ള ആക്രമണമാണ്‌ പ്രതികളുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ്‌ റിമാന്‍ഡ്‌ റിപ്പോര്‍ട്ടിലെ പരാമര്‍ശം.

302 നു പുറമേ അന്യായമായ സംഘംചേരല്‍, ലഹളയുണ്ടാക്കല്‍ എന്നീ വകുപ്പുകളാണ്‌ പ്രതികളുടെ മേല്‍ ചുമത്തിയിരിക്കുന്നത്‌. അതേസമയം, 302 വകുപ്പ്‌ ചേര്‍ത്താല്‍ റിമാന്‍ഡ്‌ റിപ്പോര്‍ട്ട്‌ സ്വാഭാവികമായും കരുതിക്കൂട്ടിയുള്ള കൊലപാതകം എന്നാകുമെന്നു നിയമവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.

വകുപ്പ്‌ 304 (അവിചാരിതമായ കൊലപാതകം) ആണ്‌ ചേര്‍ക്കേണ്ടിയിരുന്നതെന്നും വിവാദം ഒഴിവാക്കുന്നതിനാണ്‌ 302 വകുപ്പ്‌ ചേര്‍ത്തതെന്നും പോലീസ്‌ പറഞ്ഞു. ഏഴോളം പ്രതികളെക്കൂടി പിടികിട്ടാനുണ്ട്‌.

ചന്ദ്രന്‍ ഉണ്ണിത്താന്റെ മൃതദേഹം ഇന്നലെ ഉച്ചയ്‌ക്കുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ബി.ജെ.പിയുടെയും ശബരിമല കര്‍മസമിതിയുടെയും നേതൃത്വത്തില്‍ വിലാപയാത്രയായിട്ടാണ്‌ മൃതദേഹം വീട്ടിലെത്തിച്ചത്‌.

CLICK TO FOLLOW UKMALAYALEE.COM