ഈയാഴ്‌ച അതിനിര്‍ണായകം; നിയന്ത്രണം മാസം മുഴുവന്‍ നീളും – UKMALAYALEE
foto

ഈയാഴ്‌ച അതിനിര്‍ണായകം; നിയന്ത്രണം മാസം മുഴുവന്‍ നീളും

Monday 6 April 2020 3:33 AM UTC

തിരുവനന്തപുരം April 6 : കോവിഡ്‌ വൈറസിനെതിരായ കേരളത്തിന്റെ പോരാട്ടത്തില്‍ ഈയാഴ്‌ച നിര്‍ണായകം. ലോക്ക്‌ഡൗണിനുമുന്‍പു വിദേശത്തുനിന്നു കേരളത്തിലെത്തിയവരുടെ നിരീക്ഷണകാലാവധിയുടെ അവസാനദിവസങ്ങളാണു വരാനുള്ളത്‌. രാജ്യവ്യാപകലോക്‌ഡൗണ്‍ പ്രഖ്യാപിച്ചത്‌ മാര്‍ച്ച്‌ 25ന്‌ ആണ്‌.
അതേസമയം രോഗികളുടെ എണ്ണം കൂടിയാലും കുറഞ്ഞാലും ഈമാസം മുഴുവന്‍ സംസ്‌ഥാനത്തു കര്‍ശന നിയന്ത്രണം തുടരാനാണു സര്‍ക്കാര്‍ തീരുമാനം.

സമൂഹവ്യാപനം ഇതുവരെ സ്‌ഥിരീകരിക്കപ്പെടാത്ത സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ രോഗികളുടെ എണ്ണം കാര്യമായി കൂടുന്നില്ലെങ്കില്‍ കാര്യങ്ങള്‍ നിയന്ത്രണത്തിലാകുമെന്നാണ്‌ ആരോഗ്യ വിദഗ്‌ധരുടെ വിലയിരുത്തല്‍.

നിലവില്‍ കേരളത്തിലെ കോവിഡ്‌ ബാധിതരില്‍ 85 ശതമാനത്തോളം വിദേശത്തു നിന്നെത്തിയവരാണ്‌. ലോക്‌ഡൗണ്‍ ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍ വന്നതോടെ ഇവരില്‍നിന്നു കൂടുതല്‍ പേരിലേക്കു രോഗം പടര്‍ന്നിരിക്കാനുള്ള സാധ്യത കുറവാണെന്ന പ്രതീക്ഷയിലാണ്‌ ആരോഗ്യ വിദഗ്‌ധര്‍.

ഇവരില്‍നിന്ന്‌ എത്രപേര്‍ക്ക്‌ വൈറസ്‌ പകര്‍ന്നെന്ന്‌ അറിയാന്‍ കഴിഞ്ഞാല്‍ കോവിഡിനെ പ്രതിരോധിക്കാനുള്ള പുതിയ തന്ത്രങ്ങള്‍ക്കും സര്‍ക്കാര്‍ രൂപം നല്‍കും.

കാസര്‍ഗോഡ്‌, കണ്ണൂര്‍ ജില്ലകളിലും ഇടുക്കിയിലെ പൊതുപ്രവര്‍ത്തകനുമായി ബന്ധപ്പെട്ടവരും തിരുവനന്തപുരം പോത്തന്‍കോട്ടെ സാഹചര്യങ്ങളും വെല്ലുവിളിയായി തുടരുന്നതും ആരോഗ്യ വകുപ്പിനു തലവേദനയാകുന്നുണ്ട്‌.

CLICK TO FOLLOW UKMALAYALEE.COM