ഇളവ്‌ അനുവദിച്ച ജില്ലകളിലും ഹോട്ട്‌സ്പോട്ടില്‍ നിയന്ത്രണം – UKMALAYALEE

ഇളവ്‌ അനുവദിച്ച ജില്ലകളിലും ഹോട്ട്‌സ്പോട്ടില്‍ നിയന്ത്രണം

Monday 20 April 2020 1:19 AM UTC

തിരുവനന്തപുരം April 20: കോവിഡ്‌-19 ഹോട്ട്‌സ്‌പോട്ടുകളില്‍ കര്‍ശന നിയന്ത്രണം തുടരുമെന്നും യാതൊരു ഇളവും അനുവദിക്കില്ലെന്നും ചീഫ്‌ സെക്രട്ടറി ടോം ജോസ്‌. കേരളത്തില്‍ 88 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്‌.

ഓറഞ്ച്‌, ഗ്രീന്‍ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകളിലും കര്‍ശന നിയന്ത്രണം ഉണ്ടാകും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക്‌ അനുസരിച്ചാണ്‌ കേരളം ഉത്തരവിറക്കിയിരിക്കുന്നതെന്നുചീഫ്‌ സെക്രട്ടറി അറിയിച്ചു.

മറ്റു സംസ്‌ഥാനങ്ങളില്‍നിന്നു വിവിധ പാസുകളുമായി ആളുകള്‍ എത്തുന്നുണ്ട്‌.

ഇവര്‍ക്ക്‌ പ്രവേശനം അനുവദിക്കില്ല. എന്നാല്‍, ഗര്‍ഭിണികള്‍, ചികിത്സയ്‌ക്കായെത്തുന്നവര്‍, ബന്ധുക്കളുടെ മരണ ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നവര്‍ എന്നിവരെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കും.

മെഡിക്കല്‍ എമര്‍ജന്‍സി കേസുകള്‍ക്ക്‌ അന്തര്‍ജില്ലാ യാത്രാനുമതിയും നല്‍കും.

ഡോക്‌ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ്‌ ആരോഗ്യ പ്രവര്‍ത്തകര്‍, ഡ്യൂട്ടിക്കെത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ക്ക്‌ അയല്‍ ജില്ലകളിലേക്കു യാത്ര അനുവദിക്കും.

താമസിക്കുന്ന ജില്ലയില്‍നിന്നു ജോലി ചെയ്യുന്ന തൊട്ടടുത്ത ജില്ലയിലേക്കും തിരിച്ചും മാത്രമായിരിക്കും യാത്രാനുമതി. ഇവര്‍ക്ക്‌ സ്വന്തം വാഹനങ്ങളില്‍ യാത്ര ചെയ്യാം.

ഡ്യൂട്ടിയിലില്ലാത്തവര്‍ ഈ ആനുകൂല്യം ദുരുപയോഗം ചെയ്‌താല്‍ കര്‍ശന നടപടിയുണ്ടാകും. ഒരു ജില്ലയിലും ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗതം അനുവദിക്കില്ല.

ഹോട്ട്‌സ്‌പോട്ട്‌ ഒഴികെയുള്ള സ്‌ഥലങ്ങളില്‍ ശാരീരിക അകലം പാലിച്ച്‌ പ്രഭാത/ സായാഹ്‌ന നടത്തം അനുവദിക്കും. സംഘം ചേര്‍ന്നു നടക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

CLICK TO FOLLOW UKMALAYALEE.COM