ഇല്ലാത്ത തസ്തികകളില്‍പ്പോലും ജീവനക്കാര്‍;  ദേവസ്വം ബോര്‍ഡിനു പ്രതിമാസ അധികച്ചെലവ് 25 ലക്ഷം – UKMALAYALEE

ഇല്ലാത്ത തസ്തികകളില്‍പ്പോലും ജീവനക്കാര്‍;  ദേവസ്വം ബോര്‍ഡിനു പ്രതിമാസ അധികച്ചെലവ് 25 ലക്ഷം

Thursday 21 November 2019 5:16 AM UTC

ശബരിമല Nov 21: ക്ഷേത്രജീവനക്കാരെ ഡ്യൂട്ടി വ്യവസ്ഥയില്‍ ഓഫീസുകളിലേക്കു മാറ്റി നിയമിക്കുന്നതു മൂലം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വന്‍ സാമ്പത്തിക നഷ്ടം. ഇല്ലാത്ത തസ്തികകളില്‍പ്പോലും ഇങ്ങനെ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.

കഴകം, തളി, വാച്ചര്‍, സംബന്ധി തുടങ്ങിയ തസ്തികകളില്‍ നിയമനം ലഭിച്ചവരെയാണു ബോര്‍ഡിനു കീഴിലുള്ള ഓഫിസുകളില്‍ പ്യൂണ്‍, ഡ്രൈവര്‍, മറ്റു തസ്തികകള്‍, താളിയോല വിഭാഗം, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, ക്ലറിക്കല്‍ തുടങ്ങിയ ഇരുന്നൂറില്‍പരം തസ്തികകളിലേക്കു നിയോഗിച്ചിരിക്കുന്നത്.

ഇവരെ ക്ഷേത്രങ്ങളില്‍ നിന്നും ഓഫീസുകളിലേക്കു മാറ്റിയപ്പോള്‍ പകരം നിയമിച്ചവര്‍ക്കു പ്രതിമാസം 9,000 മുതല്‍ 19,000 രൂപ വരെ ബോര്‍ഡ് നല്‍കേണ്ടി വരുന്നു. ഈ ഇനത്തില്‍ പ്രതിമാസ അധികച്ചെലവ് 25 ലക്ഷം രൂപ. സ്റ്റാഫ് പാറ്റേണ്‍ പ്രകാരം അനുവദമില്ലാത്ത തസ്തികകളില്‍പ്പോലും ഇത്തരക്കാരെ കുത്തിനിറച്ചിരിക്കുകയാണ്.

ഓരോ ഓഫീസിലും സ്റ്റാഫ് പാറ്റേണ്‍ ഉണ്ടെന്നിരിക്കേയാണ് ഇല്ലാത്ത തസ്തികകളില്‍ സ്വാധീനമുള്ള ജീവനക്കാര്‍ ഡ്യൂട്ടി നേടുന്നത്. 25 മുതല്‍ 35 വര്‍ഷം വരെ സര്‍വീസുള്ള ജീവനക്കാര്‍ ക്ഷേത്രങ്ങളില്‍ രാത്രിജോലി ഉള്‍പ്പെടെ ചെയ്യുമ്പോഴാണ് 15 വര്‍ഷത്തിന് താഴെ മാത്രം സര്‍വീസുള്ള ചിലര്‍ ഓഫീസ് ജോലികളില്‍ കയറിപ്പറ്റുന്നത്.

അധിക ജീവനക്കാരുടെ ആവശ്യമുണ്ടോയെന്നു ബന്ധപ്പെട്ട ഓഫീസിന്റെ ചുമതലയുള്ളവരോടുപോലും ചോദിക്കാതെയാണു നിയമനം. താല്‍പ്പര്യമുള്ള ജീവനക്കാരന്‍ വെള്ളക്കടലാസില്‍ അപേക്ഷ എഴുതി നല്‍കിയാല്‍ മറ്റൊരു തസ്തികയിലേക്കു നിയമനം റെഡി.

ഇത്തരത്തില്‍ െടെപ്പിസ്റ്റ് തസ്തികയില്‍ നിയമനം നേടിയവര്‍ക്കു െടെപ്പ് െറെറ്റിങും ഡി.ടി.പിയും വശമില്ലെന്നു കണ്ടതോടെ പ്രസിലേക്ക് മാറ്റിക്കൊടുക്കേണ്ട സ്ഥിതി വരെയുണ്ടായി.

കഴകം, പഞ്ചവാദ്യം, തളി തസ്തികയില്‍ നിയമിക്കപ്പെടുന്നവര്‍ ഒരു മാസം പോലും അവിടെ ജോലി നോക്കാതെ ഓഫീസുകളില്‍ കയറി പറ്റുകയാണ്.

കഴിഞ്ഞ ദേവസ്വം ബോര്‍ഡ് അധികാരത്തില്‍ വന്നപ്പോള്‍ സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടി ഇത്തരം ഡ്യൂട്ടി വ്യവസ്ഥകള്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ രണ്ടാഴ്ചയ്ക്കകം റദ്ദ് ചെയ്യപ്പെട്ട തസ്തികയിലെ 98 ശതമാനം ആള്‍ക്കാരും തിരികെ വന്നു.

ഡ്രൈവര്‍ക്ക് ഡ്രൈവിങ് അറിയാമെന്നോ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ക്ക് ആ വിഷയത്തില്‍ പരിജ്ഞാനമുണ്ടോ എന്നൊന്നും പരിശോധിക്കാതെയാണു നിയമനം. ചില ദേവസ്വം വിജിലന്‍സ് ഓഫീസുകളില്‍ ഇല്ലാത്ത പ്യൂണ്‍ തസ്തികയില്‍ ഡ്യൂട്ടി വ്യവസ്ഥയില്‍ ആളെ നിയമിച്ചിട്ടുണ്ട്.

ഓഡിറ്റ് ഓഫീസുകളില്‍ മാസത്തില്‍ ഒന്നോ രണ്ടോ ഓഡിറ്റ് നോട്ടുകള്‍ െടെപ്പ് ചെയ്യുന്നതിന് ഡ്യൂട്ടി വ്യവസ്ഥയില്‍ ശാന്തിക്കാരെ വരെ നിയമിച്ചതായും പറയുന്നു.

ഓഡിറ്റ് ഓഫീസിലെ ഓഡിറ്റ് നോട്ട് തയാറാക്കാന്‍ തൊട്ടടുത്തുള്ള അസിസ്റ്റന്റ് ദേവസ്വം കമ്മിഷണര്‍ ഓഫീസിലെയോ ഡപ്യൂട്ടി ദേവസ്വം കമ്മിഷണര്‍ ഓഫീസിലെയോ െടെപ്പിസ്റ്റുകളുടെ സേവനം തേടാവുന്നതാണ്.

ഡ്യൂട്ടി വ്യവസ്ഥയില്‍ ക്ഷേത്ര ജീവനക്കാരെ ഡെപ്യൂട്ടി ദേവസ്വം കമ്മിഷണര്‍ ഓഫീസ്, വിജിലന്‍സ്, ഓഡിറ്റ്, വിവിധ മരാമത്ത് ഓഫീസ് അസിസ്റ്റന്റ് ദേവസ്വം കമ്മിഷണര്‍ ഓഫിസ്, കമ്മിഷണര്‍ ഓഫീസ്, ബോര്‍ഡ് ഓഫീസ് എന്നിവിടങ്ങളില്‍ നിയമിച്ചിട്ടുണ്ട്.

CLICK TO FOLLOW UKMALAYALEE.COM