ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ്‌ നിര്‍ബന്ധമാക്കി – UKMALAYALEE

ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ്‌ നിര്‍ബന്ധമാക്കി

Wednesday 20 November 2019 5:14 AM UTC

കൊച്ചി Nov 20 : ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ്‌ നിര്‍ബന്ധം. നാലു വയസിനു മുകളിലുള്ള യാത്രക്കാര്‍ക്കു ഹെല്‍മെറ്റ്‌ നിര്‍ബന്ധമാക്കിയ കേന്ദ്ര മോട്ടോര്‍ വാഹനനിയമം സംസ്‌ഥാനത്തും നടപ്പാക്കണമെന്നു ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌. മണികുമാര്‍ അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ വ്യക്‌തമാക്കി.

തുടര്‍ന്ന്‌, ഇതിനെതിരായ അപ്പീല്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഡിസംബര്‍ ഒന്നുവരെ സാവകാശം വേണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ഥന കോടതി അനുവദിച്ചില്ല.

ഇരുചക്രവാഹന യാത്രക്കാര്‍ക്കു ഹെല്‍മെറ്റ്‌ നിര്‍ബന്ധമാണെന്ന കേന്ദ്ര നിയമം ഓഗസ്‌റ്റ്‌ ഒമ്പതു മുഴുവന്‍ പ്രാബല്യത്തിലുണ്ടെങ്കിലും സംസ്‌ഥാനത്തു കര്‍ശനമായി നടപ്പാക്കിയിരുന്നില്ല.

കേന്ദ്ര നിയമം പ്രാബല്യത്തിലായെങ്കിലും സര്‍ക്കാര്‍ വിജ്‌ഞാപനം ഇറക്കുന്നതുവരെ പിഴ ഈടാക്കിയേക്കില്ല. ഹെല്‍മെറ്റ്‌ ധരിച്ചില്ലെങ്കില്‍ 500 രൂപയാണു പിഴ.

പിന്‍സീറ്റ്‌ യാത്രക്കാര്‍ക്കും ഹെല്‍മെറ്റ്‌ നിര്‍ബന്ധമാക്കിയതായി പൊതുജനങ്ങളെ അറിയിക്കണമെന്നു കോടതി നിര്‍ദേശിച്ചു. ദൃശ്യമാധ്യമങ്ങളിലൂടെയും സിനിമാ തിയറ്ററുകളിലൂടെയും പരസ്യം നല്‍കണം.

പരസ്യബോര്‍ഡുകള്‍ സ്‌ഥാപിക്കണമെന്നും കോടതി പറഞ്ഞു. കേന്ദ്ര നിയമത്തിന്‌ അനുസൃതമായ സര്‍ക്കുലര്‍ തയാറാക്കുകയാണെന്നും ഇത്‌ ഉടന്‍ വിജ്‌ഞാപനം ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
പിന്‍സീറ്റ്‌ യാത്രക്കാര്‍ക്ക്‌ ഇളവനുവദിച്ച്‌ സംസ്‌ഥാന സര്‍ക്കാര്‍ കേന്ദ്ര മോട്ടോര്‍ വാഹനനിയമം ഭേദഗതി ചെയ്‌തിരുന്നു.

ഇതു കേന്ദ്ര നിയമത്തിലെ പുതിയ ഭേദഗതിയുമായി പൊരുത്തപ്പെടുന്നില്ലെന്നു കോടതി നിരീക്ഷിച്ചു. കേന്ദ്രനിയമം നടപ്പാക്കുന്നതില്‍ തീരുമാനമറിയിച്ചില്ലെങ്കില്‍ ഉത്തരവ്‌ പുറപ്പെടുവിക്കുമെന്നു ഡിവിഷന്‍ ബെഞ്ച്‌ അറിയിച്ചതോടെ സര്‍ക്കാര്‍ അപ്പീല്‍ പിന്‍വലിച്ചു.

ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ്‌ യാത്രക്കാര്‍ക്ക്‌ ഹെല്‍മെറ്റും കാര്‍/ജീപ്പ്‌ യാത്രക്കാര്‍ക്ക്‌ സീറ്റ്‌ ബെല്‍റ്റും നിര്‍ബന്ധമാക്കി നേരത്തേ സുപ്രീംകോടതിയും ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു. കാര്‍/ജീപ്പ്‌ കാര്യം ഹൈക്കോടതി എടുത്തുപറഞ്ഞിട്ടില്ലെങ്കിലും കാറുകളുടെ പിന്‍സീറ്റിലും ഇതോടെ സീറ്റ്‌ ബെല്‍റ്റ്‌ നിര്‍ബന്ധമാകുമെന്നാണു വിലയിരുത്തല്‍.

ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ്‌ യാത്രക്കാര്‍ക്കും ഹെല്‍മെറ്റ്‌ നിര്‍ബന്ധമെന്ന നിയമം ഉടനടി നടപ്പാക്കുമെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍. എന്നാല്‍, ഇതിന്റെ പേരില്‍ ജനങ്ങളെ വേട്ടയാടുന്ന സമീപനമുണ്ടാകില്ല.

വിജ്‌ഞാപനമിറക്കുന്നിനൊപ്പം ബോധവല്‍ക്കരണവും നടത്തും. ഉടന്‍ പിഴ ഈടാക്കില്ലെന്നും മന്ത്രി പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM