ഇന്ത്യയിലെ 700 ജില്ലകളിലേക്കും പ്രതിനിധികളെ അയയ്ക്കും ; ഒരാഴ്ചയെങ്കിലും അയോദ്ധ്യയില്‍ നിന്ന് ക്ഷേത്ര നിര്‍മ്മാണത്തില്‍ പങ്കാളികളാക്കും
Wednesday 13 November 2019 5:44 AM UTC

ലക്നൗ Nov 13: സുപ്രീംകോടതിയില്‍ നിന്നും അന്തിമ വിധി പുറത്തു വന്നതിന് പിന്നാലെ അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയാന്‍ വിശ്വഹിന്ദു പരിക്ഷത്തിന്റെ തയ്യാറെടുപ്പ് രാജ്യത്തുടനീളമുള്ള രാമഭക്തന്മാരില്‍ നിന്നും സംഭാവനയായി പണവും സാധനങ്ങളും കായികശേഷിയും ഉപയോഗപ്പെടുത്തി ക്ഷേത്രം നിര്‍മ്മിക്കനാണ് നീക്കം.
അയോദ്ധ്യയില്‍ വന്‍ ജനാവലിയെ കൊണ്ടു വന്ന് മറ്റൊരു കര്‍സേവയാണ് വിശ്വഹിന്ദു പരിക്ഷത്ത് ലക്ഷ്യമിടുന്നതെന്ന തരത്തിലുള്ള സൂചനകളാണ് പുറത്തുവരുന്നത്.
രാജ്യത്തെ 718 ജില്ലകളിലേക്കും പ്രതിനിധികളെ അയച്ച് അവര്‍ വഴി രാജ്യത്തുടനീളമുള്ള ശ്രീരാമ ഭക്തന്മാരെ ക്ഷേത്ര നിര്‍മ്മാണത്തിനായി വിളിച്ചുവരുത്തി ഏറ്റവും കുറഞ്ഞത് ഒരാഴ്ച യെങ്കിലും അവിടെ താമസിപ്പിച്ച് നിര്‍മ്മാണത്തില്‍ പങ്കാളിയാക്കാനാണ് പദ്ധതി.
1990 കളില്‍ നടന്നത് പോലെയുള്ള കര്‍സേവയ്ക്ക് സമാനമായ ഒരു നീക്കമാണ് വിഎച്ച്പി ഉദ്ദേശിക്കുന്നത്. അയോദ്ധ്യാവിഷയം കത്തിപ്പടര്‍ന്ന 1990 ല്‍ അയോദ്ധ്യയില്‍ ലക്ഷങ്ങളാണ് എത്തിയത്.
1992 ല്‍ ബാബ്റി മസ്ജിദ് പൊളിക്കുന്നതിനും സമാന രീതിയില്‍ ആള്ക്കാര് എത്തി. ഇതു തന്നെ നിര്‍മ്മാണത്തിനും ഉപയോഗിക്കാമെന്നാണ് കരുതുന്നത്.
വിഎച്ച്പിയുടെ ഡല്‍ഹി വിഭാഗം ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ജനങ്ങളുടെ സംഭാവനകള്‍ മാത്രമേ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഉപയോഗിക്കു എന്നാണ് ഡല്‍ഹി വിഭാഗം പറയുന്നത്.
സുപ്രീംകോടതി നിര്‍ദേശപ്രകാരം അയോദ്ധ്യാ ഭൂമിയുമായി ബന്ധപ്പെട്ട് ഉണ്ടാക്കുന്ന ട്രസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന സൂചന പുറത്തു വന്നതിന് പിന്നാലെയാണ് അവര്‍ ഇത്തരം ഒരു പ്രസ്താവന പുറത്തുവിട്ടത്.
ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ട കാര്യത്തില്‍ വിഎച്ച്പി പിന്തുണയ്ക്കുന്ന രാമജന്മഭൂമി ന്യാസിന് ഒരു പങ്കുമില്ലെന്ന് ശനിയാഴ്ച പുറത്തു വന്ന സുപ്രീംകോടതി വിധിയില്‍ പറഞ്ഞിട്ടുണ്ട്.
എന്നിരുന്നാലും ന്യാസിന്റെ തലവനായ മഹന്ദ് നൃത്യ ഗോപാല്‍ ദാസിനെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്ന സൂചനകള്‍. ഇതോടെയാണ് വിഎച്ച്പി സജീവമായത്.
ക്ഷേത്രനിര്‍മ്മാണത്തിന് പൊതുജനങ്ങളില്‍ നിന്നും ധനസമാഹരണം നടത്താമെന്ന ആശയം വന്നത് സോംനാഥ് ക്ഷേത്രം പുനര്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് മഹാത്മാ ഗാന്ധി നിര്‍ദേശിച്ച ആശയത്തില്‍ നിന്നുമാണെന്നതാണ് വസ്തുത.
നേരത്തേ ഈ ക്ഷേത്രം നവീകരിക്കാനുള്ള ആശയത്തിന് പിന്തുണ നല്കിയ ഗാന്ധി അന്ന് സര്‍ദാര്‍ പട്ടേലിനോടും കെഎം മുന്‍ഷിയോടും അതിനായി സര്‍ക്കാരിന്റെ പണം എടുക്കേണ്ടതില്ലെന്ന് പറഞ്ഞിരുന്നു.
അതുപോലെ തന്നെ ശ്രീരാമന് വേണ്ടി നിര്‍മ്മിക്കുന്ന ക്ഷേത്രത്തിനുള്ള പണവും രാജ്യത്തെ നികുതിദായകരുടേത് ആകരുതെന്നും ഭക്തരുടേതാകണമെന്നും വിഎച്ച്പിയ്ക്ക് നിര്‍ബ്ബന്ധമുണ്ട്.
മൂന്ന് മാസത്തിനുടള്ളില് ട്രസ്റ്റ് അധികാരം ഏറ്റെടുക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. എന്നാല്‍ അതിന് മുമ്പായി ക്ഷേത്ര നിര്‍മ്മാണത്തിനുള്ള സംഭാവന സ്വീകരിക്കല്‍ തുടങ്ങുമെന്നാണ് വിഎച്ച്പി നേതൃത്വം പറയുന്നത്.
ചില ആള്ക്കാര് ശില നല്‍കാമെന്നും മറ്റു ചിലര്‍ പണം സംഭാവന ചെയ്യാമെന്നും സമ്മതിച്ചിട്ടുണ്ട്. ജനുവരിയിലെ മകരസംക്രാന്തിക്കോ അടുത്ത വര്‍ഷം ഏപ്രിലില്‍ നടക്കാനിരിക്കുന്ന രാം നവമിക്കോ ക്ഷേത്രനിര്‍മ്മാണം ആരംഭിക്കും എന്നാണ് അയോദ്ധ്യയിലെ വിഎച്ച്പി നല്കുന്ന സൂചനകള്‍.
നിലവില്‍ പന്ത് സര്‍ക്കാരിന്റെ കളത്തിലാണെന്നും അവര്‍ വിളിക്കട്ടെ എന്നുമാണ് നിലപാട്.
അതേസമയം നിര്‍മ്മാണത്തിന് പൊതുജനങ്ങളുടെ പിന്തുണ തേടുന്നത് തലമുറകളോളം അയോദ്ധ്യയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന ഭക്തരോടുള്ള ബഹുമാന സൂചകമാണെന്ന് വിഎച്ച്പി പറയുന്നു.
നിര്‍മ്മാണത്തിനായി രാജ്യത്തിലെ ഓരോ ജില്ലകളിലും പോയി സാധനങ്ങള്‍ ശേഖരിക്കാന്‍ പ്രവര്‍ത്തകരെ അനുവദിക്കണമെന്ന് ട്രസ്റ്റിനോട് അപേക്ഷിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.
ക്ഷേത്രത്തിന് വേണ്ടിയുള്ള 60 ശതമാനം കൊത്തുപണികളും പൂര്‍ത്തിയായി കഴിഞ്ഞെന്നും നിയമാനുസൃതം മാത്രമേ പണിതുടങ്ങാന്‍ കഴിയുമായിരുന്നുള്ളൂ അതാണ് കാത്തിരുന്നതെന്നുമാണ് ഇവര്‍ നല്കുന്ന സൂചനകള്‍.
CLICK TO FOLLOW UKMALAYALEE.COM