ഇനി ഒറ്റഞെട്ടില്‍ രണ്ട്‌ ഇല : മാണിയുമായി ജോസഫ്‌ വഴിപിരിയുന്നു – UKMALAYALEE

ഇനി ഒറ്റഞെട്ടില്‍ രണ്ട്‌ ഇല : മാണിയുമായി ജോസഫ്‌ വഴിപിരിയുന്നു

Wednesday 13 March 2019 3:05 AM UTC

കോട്ടയം/തിരുവനന്തപുരം March 13: കോട്ടയം ലോക്‌സഭാ സീറ്റ്‌ നിഷേധിക്കപ്പെട്ട പി.ജെ. ജോസഫ്‌ വിഭാഗം പാര്‍ട്ടിയും മുന്നണിയും വിടാതെതന്നെ കെ.എം. മാണി വിഭാഗവുമായി വഴിപിരിയുന്നു. കേരളാ കോണ്‍ഗ്രസി(എം)ല്‍ നിന്നുകൊണ്ട്‌, യു.ഡി.എഫില്‍ പ്രത്യേകവിഭാഗമായി തുടരാനാണു നീക്കം.

നിയമസഭയില്‍ മുന്നണിയുടെ വിപ്പാണു ബാധകമാകുക എന്നതിനാല്‍ കൂറുമാറ്റനിയമം പ്രശ്‌നമാകില്ലെന്നാണു വിലയിരുത്തല്‍. യു.ഡി.എഫില്‍ ഉറച്ചുനില്‍ക്കുമ്പോള്‍തന്നെ പാര്‍ട്ടി പരിപാടികളില്‍നിന്നു വിട്ടുനില്‍ക്കാന്‍ ജോസഫ്‌ പക്ഷത്തെ നേതാക്കളുടെ യോഗം തീരുമാനിച്ചു.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുവരെ പുതിയ പാര്‍ട്ടി രൂപീകരിക്കില്ലെങ്കിലും ഫലത്തില്‍ മുന്നണിക്കുള്ളില്‍ പഴയ ജോസഫ്‌ വിഭാഗം പുനരുജ്‌ജീവിപ്പിക്കും.

ഈ നീക്കത്തിലൂടെ പാര്‍ട്ടിയില്‍ മാണി വിഭാഗത്തെ ദുര്‍ബലപ്പെടുത്താമെന്നും ഫ്രാന്‍സിസ്‌ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ ഉള്‍പ്പെടെ ഭാവിയില്‍ ഒപ്പം കൊണ്ടുവരാമെന്നും ജോസഫ്‌ പക്ഷം കണക്കുകൂട്ടുന്നു.

അനുനയിപ്പിക്കാന്‍ എത്തിയ കെ.പി.സി.സി. നിര്‍വാഹകസമിതിയംഗം റോയി കെ. പൗലോസിനോടും യു.ഡി.എഫില്‍ തുടരാനുള്ള താത്‌പര്യം ജോസഫ്‌ പ്രകടിപ്പിച്ചു. ഇന്നു തിരുവനന്തപുരത്ത്‌ കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരുമായി ജോസഫ്‌ കൂടിക്കാഴ്‌ച നടത്തും.

ഇനി മാണിക്കൊപ്പമില്ലെന്ന നിലപാടാകും കോണ്‍ഗ്രസ്‌ നേതൃത്വത്തെ അറിയിക്കുക. ജോസഫ്‌ വിഭാഗത്തെ യു.ഡി.എഫില്‍ പ്രത്യേക ബ്ലോക്കായി തുടരാന്‍ അനുവദിക്കുന്നതു മുന്നണി നേതൃത്വത്തിന്റെയും പരിഗണനയിലാണ്‌. ഇക്കാര്യത്തില്‍ മാണി വിഭാഗത്തിന്റെ എതിര്‍പ്പു കണക്കിലെടുക്കേണ്ടെന്നാണു തീരുമാനം.

ജോസഫിനു സ്‌ഥാനാര്‍ഥിത്വം നല്‍കണമെന്ന നിലപാടായിരുന്നു കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റേത്‌. അതല്ലെങ്കില്‍ ജോസഫിനെക്കൂടി വിശ്വാസത്തിലെടുത്തേ സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിക്കാവൂ എന്നും കേരളാ കോണ്‍ഗ്രസ്‌ (എം) നേതൃത്വത്തെ അറിയിച്ചിരുന്നു.

എന്നാല്‍, കോട്ടയത്ത്‌ ഏകപക്ഷീയമായി തോമസ്‌ ചാഴികാടന്റെ സ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതില്‍ കോണ്‍ഗ്രസിന്‌ അതൃപ്‌തിയുണ്ട്‌. ജോസഫ്‌ വിഭാഗത്തെ എങ്ങനെയും സംരക്ഷിക്കാനാണു കോണ്‍ഗ്രസ്‌ തീരുമാനം.

അതുകൊണ്ടുതന്നെ കൂറുമാറ്റനിയമത്തിന്റെ പേരില്‍ ഒരു നടപടിക്കും തുനിയരുതെന്നു മാണി വിഭാഗത്തോട്‌ ആവശ്യപ്പെടും.

ചാഴികാടനെ സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനി പിന്മാറാനാവില്ല. അല്ലെങ്കില്‍ കോട്ടയവും ഇടുക്കിയും വച്ചുമാറി, ഇടുക്കി സീറ്റ്‌ ജോസഫിനു നല്‍കണം.

കോട്ടയം സീറ്റ്‌ കോണ്‍ഗ്രസ്‌ ഏറ്റെടുക്കണമെങ്കില്‍ ഉമ്മന്‍ ചാണ്ടിയെപ്പോലൊരു നേതാവ്‌ മത്സരിക്കണം. മത്സരിക്കാനില്ലെന്ന്‌ ഉമ്മന്‍ ചാണ്ടിതന്നെ വ്യക്‌തമാക്കിയ സാഹചര്യത്തില്‍ അതിനു സാധ്യത കുറവാണ്‌.

ഇടുക്കിയില്‍ പൊതുസ്വതന്ത്രനായി ജോസഫിനു സീറ്റ്‌ നല്‍കുക എന്ന നിര്‍ദേശവും നിലവില്‍ അപ്രായോഗികമാണ്‌. കോട്ടയത്തു കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്തുകയാണു ചാഴികാടന്‍ നേരിടുന്ന വലിയ വെല്ലുവിളി.

അതുകൊണ്ടുതന്നെ തല്‍ക്കാലം കോണ്‍ഗ്രസ്‌ നേതൃത്വത്തെ വെല്ലുവിളിക്കാന്‍ മാണിയും തയാറാകില്ല.

പാര്‍ട്ടിയില്‍ പ്രത്യേകം സംസ്‌ഥാനസമിതി വിളിച്ചുചേര്‍ത്ത്‌, ചെയര്‍മാനായി ജോസഫിനെ തെരഞ്ഞെടുക്കാനും നീക്കമുണ്ട്‌.

അങ്ങനെയെങ്കില്‍ പ്രശ്‌നം കൂറുമാറ്റത്തിലുപരിയായി കോടതിയിലെത്തും. യഥാര്‍ത്ഥ പാര്‍ട്ടി ഏതെന്നു തീരുമാനിക്കാന്‍ കാലതാമസമെടുക്കും.

കൂറുമാറ്റനിയമപ്രകാരമുള്ള നടപടികള്‍ ഒഴിവാക്കാന്‍, നിയമസഭയില്‍ പ്രത്യേക ബ്ലോക്ക്‌ എന്ന ആവശ്യമുന്നയിക്കില്ല.

CLICK TO FOLLOW UKMALAYALEE.COM