ഇടതുമുന്നണിയുമായി ഇടഞ്ഞുനില്‍ക്കുന്ന എന്‍.എസ്‌.എസിനേയും ക്രിസ്‌തീയ സഭകളേയും ഒപ്പം നിര്‍ത്താന്‍ശ്രമം – UKMALAYALEE

ഇടതുമുന്നണിയുമായി ഇടഞ്ഞുനില്‍ക്കുന്ന എന്‍.എസ്‌.എസിനേയും ക്രിസ്‌തീയ സഭകളേയും ഒപ്പം നിര്‍ത്താന്‍ശ്രമം

Monday 10 February 2020 6:03 AM UTC

തിരുവനന്തപുരം Feb 10 : പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളിലുണ്ടായ പിന്നാക്കംപോക്ക്‌ ബജറ്റ്‌ ഉപയോഗിച്ചു തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസും യു.ഡി.എഫും. ഉദ്യോഗസ്‌ഥ പുനര്‍വിന്യാസം, എയ്‌ഡഡ്‌ സ്‌കൂളുകളിലെ അധ്യാപക നിയമനം എന്നിവ ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണു നീക്കം.

നാളെ കെ.പി.സി.സി. യോഗം ചേര്‍ന്നു പ്രക്ഷോഭപരിപാടികള്‍ക്കു രൂപംനല്‍കും.

തദ്ദേശതെരഞ്ഞെടുപ്പ്‌ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയങ്ങളെ രാഷ്‌ട്രീയമായി പരമാവധി ഉപയോഗിക്കാനുള്ള ശ്രമമാണ്‌ യു.ഡി.എഫിന്റേത്‌.

ബജറ്റ്‌ നിര്‍ദേശങ്ങളായ ഉദ്യോഗസ്‌ഥ പുനര്‍വിന്യാസവും എയ്‌ഡഡ്‌ സ്‌കൂളുകളിലെ അധ്യാപകനിയമനവും ഇടതുമുന്നണിയെ അടിക്കാന്‍ കൊള്ളുന്ന ഏറ്റവും നല്ല വടിയാണെന്ന കണക്കുകൂട്ടലും കോണ്‍ഗ്രസിനുണ്ട്‌.

എയ്‌ഡഡ്‌ സ്‌കൂള്‍ നിയമനം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നീക്കം എന്ന തരത്തിലാവും പ്രചാരണം നടത്തുക. ഇടതുമുന്നണിയുമായി ഇടഞ്ഞുനില്‍ക്കുന്ന എന്‍.എസ്‌.എസിനേയും ക്രിസ്‌തീയ സഭകളേയും ഇതിലൂടെ സര്‍ക്കാരിനെതിരേ കൂടുതല്‍ ശക്‌തമായി തിരിക്കാന്‍ കഴിയുമെന്നാണ്‌ വിലയിരുത്തല്‍.

പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട സമരങ്ങളിലൂടെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ ഇടിച്ചുകയറ്റമാണു സി.പി.എം. നടത്തിയത്‌. അതിനെ ഇല്ലാതാക്കണമെങ്കില്‍ ഇത്തരത്തിലൊരു നീക്കം അനിവാര്യമാണെന്ന വിലയിരുത്തലും കോണ്‍ഗ്രസ്‌ കേന്ദ്രങ്ങള്‍ക്കുണ്ട്‌.

എയ്‌ഡഡ്‌ സ്‌കൂള്‍ നിയമനവുമായി ബന്ധപ്പെട്ട നിര്‍ദേശത്തെ അതേനിലയില്‍ എതിര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല.

അതുകൊണ്ടുതന്നെ അഴിമതിക്ക്‌ നീക്കമെന്ന്‌ ആരോപിച്ചാവും വലതുപക്ഷം രംഗത്തുവരിക. എന്നാല്‍ ഉദ്ദേശ്യം സമുദായപ്രീണനം തന്നെയാവും.

ഉദ്യോഗസ്‌ഥ പുനര്‍വിന്യാസം സംബന്ധിച്ച പ്രഖ്യാപനം ജീവനക്കാര്‍ക്കിടയില്‍ വലിയ അസ്വസ്‌ഥതയുണ്ടാക്കിയിട്ടുണ്ട്‌. ജി.എസ്‌.ടി വകുപ്പിലടക്കം പരക്കെ പ്രതിഷേധമാണ്‌ ഉയരുന്നതും.

ഭരണപക്ഷ യൂണിയനുകള്‍ക്ക്‌ പരസ്യമായി അനുകൂലിക്കാന്‍ കഴിയില്ലെങ്കിലും ഇത്തരമൊരു വിഷയം വരുമ്പോള്‍ ജീവനക്കാര്‍ രാഷ്‌ട്രീയത്തിനതീതമായിട്ടാവും ചിന്തിക്കുകയെന്ന കണക്കുകൂട്ടലാണ്‌ യു.ഡി.എഫിന്‌.

എ.കെ. ആന്റണി സര്‍ക്കാര്‍ 2001-2002ല്‍ സ്വീകരിച്ച ചില നടപടികള്‍ക്കെതിരേ അന്ന്‌ ഭരണപക്ഷാനുകൂല സംഘടനകള്‍ പരസ്യമായി രംഗത്തിറങ്ങിയതാണ്‌ ഇതിന്‌ ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്‌.

പരസ്യമായി രംഗത്തിറങ്ങിയില്ലെങ്കില്‍ പോലും ജീവനക്കാരുടെ അതൃപ്‌തി ഇടതുമുന്നണിക്കും സി.പി.എമ്മിനും തിരിച്ചടിയാകുമെന്നും യു.ഡി.എഫും കോണ്‍ഗ്രസും കണക്കുകൂട്ടുന്നു.

1000ല്‍ പരം ജീവനക്കാരെയാണ്‌ പുനര്‍വിന്യസിക്കാനായി ആലോചിക്കുന്നത്‌. ഇങ്ങനെ വലിയതോതില്‍ പുനര്‍വിന്യാസം നടക്കുമ്പോള്‍ പുതിയ നിയമനങ്ങള്‍ നിലയ്‌ക്കും. നിയമനനിരോധനം എന്ന ആരോപണം ഇതിന്റെ ഭാഗമായി ഉയര്‍ത്താനും കഴിയും.

അത്‌ ജീവനക്കാരെ മാത്രമല്ല, യുവജനങ്ങളെയും സര്‍ക്കാരിനെതിരേ തിരിക്കാന്‍ പര്യാപ്‌തമാകുമെന്നും കണക്കുകൂട്ടലുണ്ട്‌.

ഈ നിര്‍ദേശങ്ങളില്‍ കടുംപിടിത്തമില്ലെന്ന്‌ മന്ത്രി ഡോ: തോമസ്‌ ഐസക്‌ പറയുമ്പോഴും അത്രവേഗം അദ്ദേഹത്തിന്‌ ഇത്‌ പിന്‍വലിക്കാന്‍ കഴിയില്ലെന്നു തന്നെയാണ്‌ യു.ഡി.എഫ്‌. കരുതുന്നത്‌.

ബജറ്റിന്റെ അടിത്തറയിലൊന്നുതന്നെ ചെലവ്‌ ചുരുക്കലും ജീവനക്കാരുടെ പുനര്‍വിന്യാസവുമാണ്‌.

CLICK TO FOLLOW UKMALAYALEE.COM