ഇടതുമുന്നണിയില്‍ സി.പി.എം-സി.പി.ഐ. തര്‍ക്കം മുറുകുന്നു  – UKMALAYALEE

ഇടതുമുന്നണിയില്‍ സി.പി.എം-സി.പി.ഐ. തര്‍ക്കം മുറുകുന്നു 

Saturday 15 June 2019 6:33 AM UTC

തിരുവനന്തപുരം June 15: വിവാദവിഷയങ്ങളെച്ചൊല്ലി ഇടതുമുന്നണിയില്‍ സി.പി.എം-സി.പി.ഐ. തര്‍ക്കം മുറുകുന്നു. ശബരിമല, കാര്‍ട്ടൂണ്‍ പുരസ്‌കാരവിവാദം, പോലീസിനു മജിസ്റ്റീരിയല്‍ അധികാരം, കുന്നത്തുനാട് ഭൂമിവിവാദം എന്നീ വിഷയങ്ങളില്‍ സി.പി.ഐയുടെ എതിര്‍പ്പ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുറന്നടിച്ചു.

കുന്നത്തുനാട് ഭൂമി ഇടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ വെല്ലുവിളിച്ച് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും രംഗത്തെത്തി.

താനറിയാതെ ഇതുസംബന്ധിച്ച ഫയല്‍ നീക്കരുതെന്നു വകുപ്പ് സെക്രട്ടറിയോടു മന്ത്രി നിര്‍ദേശിച്ചു. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായില്ലെന്ന പരസ്യനിലപാടിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവനും.

ആ നിലപാടിനോടുള്ള സി.പി.ഐയുടെ വിയോജിപ്പുകൂടിയാണു കാനം തുറന്നടിച്ചത്. എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിനു കാരണം വിശ്വാസികള്‍ അകന്നതുതന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിലെ പോലീസ് നടപടികള്‍ പ്രതികൂലമായി. ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ വികാരം മുന്‍കൂട്ടി മനസിലാക്കാന്‍ കഴിഞ്ഞില്ല. ഇത് എല്‍.ഡി.എഫിന്റെ പരമ്പരാഗത വോട്ടുകള്‍ ചോരാന്‍ കാരണമായി. ശബരിമല ചര്‍ച്ചയായതോടെ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിയില്ല.

തിരുവനന്തപുരത്തും കൊച്ചിയിലും പോലീസ് കമ്മിഷണറേറ്റ് രൂപീകരിക്കുന്നതില്‍ എതിര്‍പ്പില്ലെങ്കിലും പോലീസിനു മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതു ശരിയല്ലെന്നു കാനം ചൂണ്ടിക്കാട്ടി.

മുന്നണിയിലെ എല്ലാ ഘടകകക്ഷികളും ഇതിനെതിരാണ്. ഇക്കാര്യം സി.പി.എമ്മുമായി ചര്‍ച്ച ചെയ്യും. കത്തോലിക്കാ സഭയുടെ എതിര്‍പ്പ് വിളിച്ചുവരുത്തിയ കാര്‍ട്ടൂണ്‍ പുരസ്‌കാരവിവാദത്തിലും സി.പി.ഐയുടെ വ്യത്യസ്തനിലപാട് കാനം വ്യക്തമാക്കി.

വിവാദ കാര്‍ട്ടൂണിനു ലളിതകലാ അക്കാഡമി പുരസ്‌കാരം നല്‍കിയതിനെതിരേ സാംസ്‌കാരികമന്ത്രി എ.കെ. ബാലന്‍തന്നെ രംഗത്തുവന്നിരുന്നു.

കാര്‍ട്ടൂണ്‍ മതചിഹ്‌നങ്ങളെ അവഹേളിക്കുന്നതാണെന്നും പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

എന്നാല്‍, അക്കാഡമിയില്‍ ഇടപെടാന്‍ മന്ത്രിക്ക് എന്തധികാരമെന്നു കാനം ചോദിച്ചു. അക്കാഡമി സ്വതന്ത്രസ്ഥാപനമാണ്. ആരെങ്കിലും പറഞ്ഞാല്‍ ഇതുപോലെ ചലച്ചിത്രപുരസ്‌കാരം പിന്‍വലിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

എറണാകുളത്തെ കുന്നത്തുനാട് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് എ.ജിയുടെ നിയമോപദേശം അന്തിമമല്ലെന്നും കാനം പറഞ്ഞു.

കുന്നത്തുനാട് ഭൂമി വിവാദത്തില്‍ സി.പി.ഐ. ഭരിക്കുന്ന റവന്യൂ വകുപ്പും മുഖ്യമന്ത്രിയുടെ ഓഫീസും തുറന്നയുദ്ധത്തിലേക്കു നീങ്ങുകയാണ്.

ജില്ലാ കലക്ടറുടെ സ്‌റ്റോപ്പ് മെമ്മോ മറികടന്ന്, നിലം നികത്താന്‍ വിവാദ കമ്പനിക്ക് അനുമതി നല്‍കിയ റവന്യൂ സെക്രട്ടറിയുടെ നിലപാടിനെതിരേ മന്ത്രിതന്നെ രംഗത്തെത്തി.

ഇടപാടുമായി ബന്ധപ്പെട്ട് താനറിയാതെ ഒരു ഫയലും നീങ്ങരുതെന്നു മന്ത്രി ചന്ദ്രശേഖരന്‍ റവന്യൂ സെക്രട്ടറിയോടു രേഖാമൂലം നിര്‍ദേശിച്ചു.

CLICK TO FOLLOW UKMALAYALEE.COM