ഇടതുമുന്നണിയില്‍ ആശയക്കുഴപ്പം; സര്‍ക്കാരിനെതിരേ പിള്ള – UKMALAYALEE

ഇടതുമുന്നണിയില്‍ ആശയക്കുഴപ്പം; സര്‍ക്കാരിനെതിരേ പിള്ള

Friday 26 October 2018 2:08 AM UTC

തിരുവനന്തപുരം Oct 26: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഞ്ഞടിക്കുകയും എന്‍.എസ്‌.എസും ഹൈന്ദവ സംഘടനകളും നിലപാട്‌ കടുപ്പിക്കുകയും ചെയ്‌തതോടെ ഇടതുമുന്നണിയില്‍ ആശയക്കുഴപ്പം.

സി.പി.ഐ. നിഷ്‌പക്ഷ നിലപാടില്‍. ഇടതുമുന്നണിക്കൊപ്പം നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ്‌ (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്‌ണപിള്ള സര്‍ക്കാര്‍ നിലപാടിനെതിരേ രംഗത്ത്‌.

എതിരഭിപ്രായമുള്ളവര്‍ സി.പി.എമ്മിലുമുണ്ട്‌, നേതൃത്വത്തെ ഭയന്ന്‌ തുറന്നുപറയുന്നില്ലെന്നുമാത്രം.

പന്തളം രാജകുടുംബത്തെയും തന്ത്രിമാരെയും കടന്നാക്രമിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനു പിന്തുണ കൊടുക്കേണ്ടെന്നും ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടെന്നുമാണ്‌ സി.പി.ഐ. നേതൃത്വത്തിന്റെ തീരുമാനം.

വിശ്വാസികളെ അവരുടെ വഴിക്കു വിട്ടേക്കാനാണ്‌ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്‍ദേശം. വിശ്വാസികളെയും സമുദായസംഘടനകളെയും പ്രകോപിപ്പിക്കരുതെന്ന്‌ താഴേത്തട്ടിലേക്കു നിര്‍ദേശം പോയിട്ടുണ്ട്‌.

വിശദീകരണ യോഗങ്ങളില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ക്ക്‌ അമിതാവേശം അരുതെന്നു മുന്നറിയിപ്പും നല്‍കി.

ഇടതുമുന്നണിയോടു ചേര്‍ന്നുനില്‍ക്കുന്ന, മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കൂടിയായ ബാലകൃഷ്‌ണപിള്ള എന്‍.എസ്‌.എസ്‌. നിലപാടിനെ പരസ്യമായി പിന്തുണച്ചു.

താന്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന്‌ ഒരു ടിവി ചാനലിന്റെ പരിപാടിയില്‍ അദ്ദേഹം തുറന്നുപറഞ്ഞു. മല കയറാനെത്തിയ യുവതികളെ രൂക്ഷമായി വിമര്‍ശിച്ചു.

പുനരവലോകന ഹര്‍ജിയില്‍ കോടതിവിധി മാറുമെന്നാണു പ്രതീക്ഷ. പന്തളം രാജകുടുംബത്തിനു കോടതിയില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാനുള്ള അവസരമാണ്‌ ഇതെന്നും ബാലകൃഷ്‌ണപിള്ള പറഞ്ഞു.

മുഖ്യമന്ത്രി ആഞ്ഞടിക്കുമ്പോഴും സി.പി.എമ്മിലെ മറ്റു നേതാക്കള്‍ മിതത്വം പാലിക്കുകയാണ്‌. അതേസമയം, വിശദീകരണ യോഗങ്ങളില്‍ സ്‌ത്രീസാന്നിധ്യം പരമാവധി ഉറപ്പാക്കും.

സുപ്രീം കോടതിവിധിക്കു സ്‌ത്രീകള്‍ എതിരാണെന്ന സംഘപരിവാര്‍ സംഘടനകളുടെ വാദം തെറ്റാണെന്നു വരുത്തുകയാണു ലക്ഷ്യം.

CLICK TO FOLLOW UKMALAYALEE.COM