ഇടതുപക്ഷ പരിഹാസവുമായി അഡ്വ. എ ജയശങ്കര്‍ – UKMALAYALEE

ഇടതുപക്ഷ പരിഹാസവുമായി അഡ്വ. എ ജയശങ്കര്‍

Thursday 13 June 2019 12:01 AM UTC

തിരുവനന്തപുരം June 13: ശബരിമല വിഷയം കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിച്ചുവെന്ന് ഇടതുപക്ഷം വിലയിരുത്തി. അതേസമയം ബിജെപിയും കോണ്‍ഗ്രസും ലീഗും ശബരിമല വിഷയത്തില്‍ തെറ്റിദ്ധാരണ പരത്തുകയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും ചെയ്തുവെന്നും ഇടത്പക്ഷം വിലയിരുത്തി.

എന്നാല്‍ ഇതിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ ജയശങ്കര്‍.

‘ശബരിമല വിശ്വാസികള്‍ക്ക് പാര്‍ട്ടിയിലുളള വിശ്വാസം വീണ്ടെടുക്കണം അല്ലെങ്കില്‍ കേരളം ബംഗാളാകും എന്നാണ് കേന്ദ്ര കമ്മറ്റിയുടെ വിലയിരുത്തല്‍. അതുകൊണ്ട് ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ നവോത്ഥാനത്തിന് മോറട്ടോറിയം പ്രഖ്യാപിക്കുകയാണ്.

വെളളാപ്പളളി നടേശന്‍, പുന്നല ശ്രീകുമാര്‍, സുനില്‍ പി ഇളയിടം, ദീപ നിശാന്ത് മുതലായ സകല നവോത്ഥാന നായികാ നായകരുടെയും സേവനം അവസാനിപ്പിക്കാനും ഉദ്ദേശിക്കുന്നു.

ജി സുകുമാരന്‍ നായരുടെ പേര് സംസ്ഥാന സര്‍ക്കാര്‍ പത്മവിഭൂഷണത്തിന് ശുപാര്‍ശ ചെയ്യും. മന്നത്ത് പത്മനാഭന്റെ പൂര്‍ണ കായ പ്രതിമ സെക്രട്ടേറിയറ്റിനു മുന്നില്‍ സ്ഥാപിക്കും.’- ജയശങ്കര്‍ പരിഹസിച്ചു.

അഡ്വ. എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

നവോത്ഥാന മൂല്യങ്ങളില്‍ അധിഷ്ഠിതമായ നമ്മുടെ ശബരിമല നയം തികച്ചും ശരിയാണ്. പക്ഷേ ബിജെപിയും കോണ്‍ഗ്രസും ലീഗും തെറ്റിദ്ധാരണ പരത്തുകയും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയും ചെയ്തു.

നമ്മുടെ ചില സഖാക്കള്‍ കൂടിയും എതിര്‍ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുന്ന സ്ഥിതിവിശേഷം സംജാതമായി. 18സീറ്റ് ജയിക്കും എന്നു വീമ്പടിച്ച ഇടതു മുന്നണി 19 സീറ്റ് തോറ്റു.

ശബരിമല വിശ്വാസികള്‍ക്ക് പാര്‍ട്ടിയിലുളള വിശ്വാസം വീണ്ടെടുക്കണം അല്ലെങ്കില്‍ കേരളം ബംഗാളാകും എന്നാണ് കേന്ദ്ര കമ്മറ്റിയുടെ വിലയിരുത്തല്‍.

അതുകൊണ്ട് ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ നവോത്ഥാനത്തിന് മോറട്ടോറിയം പ്രഖ്യാപിക്കുകയാണ്. വെളളാപ്പളളി നടേശന്‍, പുന്നല ശ്രീകുമാര്‍, സുനില്‍ പി ഇളയിടം, ദീപ നിശാന്ത് മുതലായ സകല നവോത്ഥാന നായികാ നായകരുടെയും സേവനം അവസാനിപ്പിക്കാനും ഉദ്ദേശിക്കുന്നു.

ജി സുകുമാരന്‍ നായരുടെ പേര് സംസ്ഥാന സര്‍ക്കാര്‍ പത്മവിഭൂഷണത്തിന് ശുപാര്‍ശ ചെയ്യും. മന്നത്ത് പത്മനാഭന്റെ പൂര്‍ണ കായ പ്രതിമ സെക്രട്ടേറിയറ്റിനു മുന്നില്‍ സ്ഥാപിക്കും.

മിഥുനം ഒന്നു മുതല്‍ ആക്റ്റിവിസ്റ്റുകള്‍ക്ക് നിലക്കലിനപ്പുറം പ്രവേശനം അനുവദിക്കില്ല. താഴമണ്‍ തന്ത്രിക്കെതിരെയുളള സകല നടപടിയും ഉപേക്ഷിക്കും. പത്മകുമാറിന്റെ കാലാവധി തീരുമ്പോള്‍ കലഞ്ഞൂര്‍ മധുവിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിക്കും.

വരുന്ന മണ്ഡലകാലത്ത് സിപിഎം മുന്‍കയ്യെടുത്ത് വിശ്വാസ സംരക്ഷണ സംഗമം സംഘടിപ്പിക്കും. ജനാധിപത്യ മഹിളാ അസോസിയേഷന്‍, ‘റെഡി ടു വെയ്റ്റ്’ ക്യാമ്പൈന്‍ ഏറ്റെടുക്കും. സംസ്ഥാനത്തെമ്പാടും ഡിഫി പ്രവര്‍ത്തകര്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ചുക്കുകാപ്പിയും സംഭാരവും വിതരണം ചെയ്യും.

ആപത്ബാന്ധവനേ, അനാഥ രക്ഷകനേ, ശരണമയ്യപ്പ!

CLICK TO FOLLOW UKMALAYALEE.COM