ഇടഞ്ഞുനില്‍ക്കുന്ന എന്‍.എസ്‌.എസിന് മുന്നാക്കസംവരണം – UKMALAYALEE

ഇടഞ്ഞുനില്‍ക്കുന്ന എന്‍.എസ്‌.എസിന് മുന്നാക്കസംവരണം

Thursday 7 March 2019 4:46 AM UTC

തിരുവനന്തപുരം March 7 : മുന്നാക്ക സംവരണത്തിനു പിന്നാലെ, കര്‍ഷകര്‍ക്കായും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച്‌ സംസ്‌ഥാന സര്‍ക്കാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു സജ്‌ജം. 2014-ല്‍ മാര്‍ച്ച്‌ അഞ്ചിനാണു തെരഞ്ഞെടുപ്പു കമ്മിഷന്‍ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചത്‌.

അതു കണക്കുകൂട്ടിയാണ്‌ ബുധനാഴ്‌ചകളില്‍ നടത്താറുള്ള മന്ത്രിസഭാ യോഗം ഒരു ദിവസം നേരത്തേ ചേര്‍ന്ന്‌ കര്‍ഷകരുടെ വായ്‌പകള്‍ക്കു മൊറട്ടോറിയം പ്രഖ്യാപിച്ചത്‌. സന്ദേശം വ്യക്‌തം, തെരഞ്ഞെടുപ്പ്‌ എന്നായാലും തയാര്‍.

തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ തുടര്‍ച്ചയായുണ്ടായ കര്‍ഷക ആത്മഹത്യകള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇന്ന്‌ ഇടുക്കിയില്‍ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല നടത്തുന്ന ഉപവാസ സമരത്തിന്റെ മുന കൂടി ഒടിച്ചാണ്‌ ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌. കര്‍ഷകര്‍ക്കായി ചെയ്യാന്‍ കഴിയുന്നതെല്ലാം പ്രഖ്യാപിച്ചെന്നാണു സര്‍ക്കാരിന്റെ നിലപാട്‌.

കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങളെ കേന്ദ്രനയങ്ങളുമായി ബന്ധപ്പെടുത്തിയുള്ള പ്രചാരണത്തിനാണ്‌ ഇടതുമുന്നണിയുടെ നീക്കം. നോട്ട്‌ നിരോധനം, ജി.എസ്‌.ടി. തുടങ്ങിയവയാണു കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിക്കുന്നു.

കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും സി.പി.എമ്മും സര്‍ക്കാരും തള്ളുകയാണ്‌. കാര്‍ഷിക വായ്‌പകളല്ല, ഭവന/വിദ്യാഭ്യാസ വായ്‌പകളാണ്‌ കര്‍ഷകരുടെ പ്രതിസന്ധിക്കു കാരണമെന്നും സര്‍ക്കാര്‍ പറയുന്നു.

കാര്‍ഷിക വായ്‌പ എഴുതിത്തള്ളിയാല്‍ ഗുണം ലഭിക്കുക ചെറുവിഭാഗത്തിനു മാത്രമായിരിക്കും. അതുകൊണ്ടാണ്‌ കര്‍ഷകരുടെ എല്ലാ വായ്‌പകള്‍ക്കും മൊറട്ടോറിയം നല്‍കാന്‍ തീരുമാനിച്ചതെന്നാണ്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്‌.

ഇടഞ്ഞുനില്‍ക്കുന്ന എന്‍.എസ്‌.എസിന്റെ ദീര്‍ഘകാല ആവശ്യം നിറവേറ്റുന്ന തീരുമാനവും ഇന്നലെയുണ്ടായി. സാമ്പത്തികസംവരണം എന്ന ആശയം എന്‍.എസ്‌.എസ്‌. മുന്നോട്ടുവച്ചിട്ട്‌ കാലമേറെയായി.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണം എല്ലാ ജാതിയിലും പെട്ടവര്‍ക്കു ബാധകമാണെങ്കില്‍, കേരളത്തില്‍ അതു മുന്നോക്ക സമുദായത്തിലുള്ളവര്‍ക്കു മാത്രമാക്കി. കെ.എ.എസിന്റെ മൂന്ന്‌ സ്‌ട്രീമുകളിലും സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ പിന്നാക്കക്കാരുടെ ആശങ്ക പരിഹരിച്ച്‌ ഒപ്പം നിര്‍ത്താനും പിണറായി ശ്രമിച്ചു.

CLICK TO FOLLOW UKMALAYALEE.COM