ആശാ ശരത്ത് നൃത്തം ചെയ്തത് സൗജന്യമായി; ലോക കേരള സഭാ പരിപാടി വിവാദത്തില്‍  – UKMALAYALEE

ആശാ ശരത്ത് നൃത്തം ചെയ്തത് സൗജന്യമായി; ലോക കേരള സഭാ പരിപാടി വിവാദത്തില്‍ 

Monday 18 February 2019 2:22 AM UTC

ദുബായ് Feb 18 : ലോക കേരളാ സഭയില്‍ താന്‍ അവതരിപ്പിച്ച നൃത്തത്തെ കുറിച്ച് പ്രചരിച്ച വാര്‍ത്തകളെ കുറിച്ച് പ്രതികരണവുമായി നടിയും നര്‍ത്തകിയുമായ ആശ ശരത്.

ലോക കേരള സഭയില്‍ നൃത്തം അവതരിപ്പിക്കാന്‍ ആശ ശരത് ഏഴ് ലക്ഷം രൂപ കൈപ്പറ്റിയെന്നും ഇത് സര്‍ക്കാരിന്റെ ധൂര്‍ത്താണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യത്തെ കുറിച്ച് ആശ ശരത് പ്രതികരിച്ചു.

താന്‍ ലോക കേരളാ സഭയില്‍ നൃത്ത പരിപാടികള്‍ അവതരിപ്പിച്ചത് സൗജന്യമായാണെന്ന് ആശാ ശരത് വ്യക്തമാക്കി. ” എന്റെ നാടിനോടുള്ള സ്‌നേഹമാണ് ഞാനും എന്റെ കുട്ടികളും പ്രകടിപ്പിച്ചത്. അതെന്റെ ബാധ്യതയാണെന്നും കരുതുന്നു.

എന്നാല്‍ മാധ്യമങ്ങള്‍ ഞാന്‍ ഏഴ് ലക്ഷം രൂപ കൈപ്പറ്റിയാണ് പരിപാടി അവതരിപ്പിക്കുന്നതെന്നും സര്‍ക്കാരിന്റെ ധൂര്‍ത്താണ് ഇതെന്നും പ്രചരിപ്പിച്ചതില്‍ അതിയായ ദുഃഖമുണ്ട്. എന്റെ കൈയ്യില്‍ നിന്ന് അരലക്ഷം ദിര്‍ഹം (10 ലക്ഷത്തോളം രൂപ) ചെലവഴിച്ചാണ് ഞാന്‍ പരിപാടി അവതരിപ്പിച്ചത്.

എന്റെ കീഴിലുള്ള കൈരളി കലാകേന്ദ്രത്തിലെ നൂറിലേറെ കുട്ടികളും പരിപാടിയില്‍ അണിനിരന്നു. ഇവര്‍ക്കെല്ലാം നൃത്ത ഉടയാടകള്‍ക്ക് മാത്രം ലക്ഷങ്ങള്‍ വേണ്ടി വന്നു” ആശ ശരത് പറഞ്ഞു

ലോക കേരളാ സഭയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും താരം വ്യക്തമാക്കി. ലോക കേരള സഭ വളരെ ഭംഗിയായി നടന്നു വരുന്നു. ഗള്‍ഫ് മലയാളികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളോട് വളരെ ക്രിയാത്മകമായ നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിട്ടുള്ളത് എന്നത് സന്തോഷം പകരുന്നു.

ഈ വര്‍ഷവും കലാസാംസ്‌കാരിക സംബന്ധമായ ഒത്തിരി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചു. അക്കാര്യങ്ങളിലും മികച്ച നടപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലോക കേരളാ സഭാ അംഗം കൂടിയായ ആശ ശരത് പറഞ്ഞു.

തന്റെ പുതിയ ചിത്രത്തെ കുറിച്ചും ആശ ശരത് പറഞ്ഞു. ബോബി സഞ്ജയുടെ രചനയില്‍ ടി.കെ.രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന എവിടെ എന്ന ചിത്രത്തിലാണ് ആശാ ശരത് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

ചെറിയാന്‍ കല്‍പകവാടിയുടെ രചനയില്‍ എം.എ.നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രവും പൂര്‍ത്തിയാകുന്നുവെന്നും ആശ ശരത് പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM