ആലഞ്ചേരിക്കെതിരെ നീക്കം ശക്തമാക്കി വിമതവിഭാഗം; കര്‍ദിനാളിനെതിരെ ഈ മാസം അല്‍മായ കൂട്ടായ്മ – UKMALAYALEE

ആലഞ്ചേരിക്കെതിരെ നീക്കം ശക്തമാക്കി വിമതവിഭാഗം; കര്‍ദിനാളിനെതിരെ ഈ മാസം അല്‍മായ കൂട്ടായ്മ

Monday 8 July 2019 1:15 AM UTC

കൊച്ചി July 8: സീറോ മലബാര്‍ സഭയിലെ പ്രശ്‌നങ്ങളില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ നീക്കം ശക്തമാക്കി വിമത വിഭാഗം. കര്‍ദിനാളിനെതിരെ പ്രതിഷേധവുമായി ഈ മാസം വിപുലമായ അല്‍മായ കൂട്ടായ്മ സംഘടിപ്പിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

ഇന്ന് കൊച്ചിയില്‍ വിശ്വാസികളുടെ കൂട്ടായ്മ യോഗം ചേര്‍ന്നിരുന്നു. സഭയുടെ നടപടികളില്‍ കടുത്ത പ്രതിഷേധമുണ്ടെന്ന് വിശ്വാസി കൂട്ടായ്മ അറിയിച്ചു.

സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റതുമായി ബന്ധപ്പെട്ട് അതിരൂപതയ്ക്ക് ഉണ്ടായ നഷ്ടം നികത്തണം. ഭൂമിയിടപാടില്‍ സഭ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും വിശ്വാസികള്‍ ആവശ്യപ്പെട്ടു.

വൈദികരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ കടുത്ത പ്രതിഷേധമുണ്ടാകുമെന്നും വിശ്വാസി കൂട്ടായ്മ വ്യക്തമാക്കി. സഹായ മെത്രാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയ ബിഷപ്പുമാരെ തിരിച്ചെടുക്കണം.

എറണാകുളം അങ്കമാലി രൂപതയ്ക്ക് അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പിനെ നിയമിക്കണമെന്നും വിശ്വാസി കൂട്ടയ്മ ആവശ്യപ്പെട്ടു.

വിവിധ ഇടവകകളില്‍ നിന്ന് എഴുന്നൂറോളം പേര്‍ യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ വൈദികരൊന്നും യോഗത്തില്‍ പങ്കെടുത്തില്ല.

മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സീറോ മലബാര്‍ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതല വത്തിക്കാന്‍ വീണ്ടും നല്‍കിയ പശ്ചാത്തലത്തിലാണ് വിമത വിഭാഗം നീക്കം ശക്തമാക്കിയത്.

അതിരൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നും വിശ്വാസികളെ പങ്കെടുപ്പിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ കൊച്ചിയില്‍ അല്‍മായ സംഗമം നടത്താന്‍ തീരുമാനിച്ചു.

കര്‍ദിനാളിനെ ചുമതലയില്‍ നിന്ന് മാറ്റണമെന്നും സഹായ മെത്രാന്‍മാരെ തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെടും.

അതേസമയം നിലവിലെ പ്രശ്‌നങ്ങള്‍ വരുന്ന സിനഡിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മുന്‍ അപ്പോസ്തലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM