ആരാണ് കൊല്ലപ്പെട്ട മാവോയിസ്‌റ്റ്‌ നേതാവ്‌ സി..പി. ജലീല്‍? – UKMALAYALEE

ആരാണ് കൊല്ലപ്പെട്ട മാവോയിസ്‌റ്റ്‌ നേതാവ്‌ സി..പി. ജലീല്‍?

Saturday 9 March 2019 3:00 AM UTC

മലപ്പുറം March 9: തണ്ടര്‍ബോള്‍ട്ട്‌ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്‌റ്റ്‌ നേതാവ്‌ സി.പി. ജലീല്‍ തീപ്പൊരി രാഷ്‌ട്രീയപ്രവര്‍ത്തകനായി വളര്‍ന്നത്‌ എസ്‌.എഫ്‌.ഐയിലൂടെ. ജലീലിന്റെ സഹോദരങ്ങളില്‍ മൂന്നുപേര്‍ മാവോയിസ്‌റ്റ്‌ പ്രവര്‍ത്തനത്തിന്‌ പോലീസിന്റെ നോട്ടപ്പുള്ളികളാണ്‌.

ഇവരില്‍ ഒരാളായ സി.പി. ഇസ്‌മയില്‍ രാജ്യദ്രോഹക്കുറ്റത്തിന്‌ പുനെ ജയിലിലും. സി.പി. മൊയ്‌തീന്റെ ഭാര്യ ലതയും മാവോയിസ്‌റ്റായിരുന്നു.

നിലമ്പൂര്‍ നാടുകാണി വനമേഖലയില്‍ വച്ച്‌ ഇവര്‍ 2016 ഓഗസ്‌റ്റില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിക്കുകയായിരുന്നു. സംഘടനാ പ്രവര്‍ത്തനത്തിനായി വനത്തില്‍ കഴിയുന്നതിനിടെയായിരുന്നു സംഭവം.

മലപ്പുറം പാണ്ടിക്കാട്‌ ചെറുകപ്പളളി പരേതനായ ഹംസയുടെ ആറ്‌ ആണ്‍മക്കളില്‍ ഒരാളാണ്‌ ജലീല്‍. പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കിയിട്ടില്ല. വീട്ടിലെ സ്‌ഥിതിമൂലം പഠനം നിര്‍ത്തി കൂലിപ്പണിക്കു പോയി. പിന്നെ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന്‌ കെട്ടിടനിര്‍മാണ കരാറേറ്റെടുത്തു.

ലാഭം തൊഴിലാളികള്‍ക്കായി വീതിച്ചുകൊടുത്ത ജലീല്‍ അവരുടെ പ്രിയ നേതാവായിരുന്നു. സഹോദരങ്ങളും മാവോയിസ്‌റ്റ്‌ പ്രവര്‍ത്തകരായതിനാല്‍ ജലീല്‍ മാവോയിസ്‌റ്റ്‌ പ്രസ്‌ഥാനത്തോട്‌ അടുത്തതും സ്വഭാവികം.

എന്നാല്‍ നാട്ടില്‍നിന്ന്‌ പൊടുന്നനെ അപ്രത്യക്ഷനായത്‌ മാവോയിസ്‌റ്റ്‌ നേതാവ്‌ രൂപേഷിന്റെ അറസ്‌റ്റോടെയാണ്‌.

2015 മേയില്‍ കോയമ്പത്തൂരിന്‌ സമീപമുള്ള കരുമത്താംപെട്ടിയില്‍ വച്ച്‌ രൂപേഷ്‌, ഷൈന എന്നിവരടക്കമുള്ള മാവോയിസ്‌റ്റ്‌ പ്രവര്‍ത്തകരെ അറസ്‌റ്റ്‌ ചെയ്‌തപ്പോള്‍ അവരുടെ പക്കല്‍നിന്ന്‌ ജലീലിന്റെ ഫോട്ടോ കണ്ടെടുത്തുവെന്നാണ്‌ പോലീസ്‌ പറയുന്നത്‌.

മാവോയിസ്‌റ്റ്‌ ബന്ധം ആരോപിച്ച്‌ പോലീസ്‌ പിന്നാലെ കൂടിയപ്പോള്‍ ജലീല്‍ അപ്രത്യക്ഷനായി. മൂന്നു വര്‍ഷമായി നാട്ടില്‍നിന്നു വിട്ടുനില്‍ക്കുകയാണ്‌. വീട്ടുകാരുമായി ബന്ധമില്ല.

സി.പി.ഐ. മാവോയിസ്‌റ്റിന്റെ കബനി നാടുകാളി ദളത്തിലെ അംഗമായ ജലീല്‍ സൈനീക സ്‌ക്വാഡ്‌ അംഗമായിരുന്നുവെന്ന്‌ പോലീസ്‌ പറയുന്നു.

2016ല്‍ നിലമ്പൂര്‍ കരുളായി വനത്തില്‍ പോലീസും മാവോയിസ്‌റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ജലീലും ഉണ്ടായിരുന്നുവെന്നാണ്‌ പോലീസിന്റെ നിഗമനം. അന്ന്‌ നേതാക്കളായ കുപ്പുദേവരാജനും അജിതയും പോലീസിന്റെ വെടിയേറ്റ്‌ മരിച്ചിരുന്നു.

ജ്യേഷ്‌ഠ സഹോദരനായ സി.പി. ഇസ്‌മയില്‍ നിലവില്‍ പുനെ ജയിലിലാണ്‌. എറണാകുളം സ്വദേശിയായ മാവോയിസ്‌റ്റ്‌ നേതാവ്‌ മുരളി കണ്ണംമ്പള്ളിക്കൊപ്പം ഇസ്‌മയിലിനെയും 2017 മേയില്‍ പുനെയില്‍നിന്ന്‌ മഹാരാഷ്‌ട്ര തീവ്രവാദവിരുദ്ധ സേന അറസ്‌റ്റ്‌ ചെയ്യുകയായയിരുന്നു.

മറ്റൊരുസഹോദരനായ സി.പി. മൊയ്‌തീനും മാവോയിസ്‌റ്റ്‌ നേതാവാണ്‌. വര്‍ഷങ്ങളായി ഇയാള്‍ ഒളിവിലാണ്‌. അടുത്തിടെ കൊട്ടിയൂര്‍ അമ്പായത്തോട്ടില്‍ മാവോയിസ്‌റ്റുകള്‍ പട്ടാപ്പകല്‍ ടൗണില്‍ പ്രകടനം നടത്തിയതില്‍ മൊയ്‌തീനുമുണ്ടായിരുന്നുവെന്ന്‌ കാമറാദൃശ്യങ്ങളില്‍നിന്ന്‌ പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌.

മൊയ്‌തീന്റെ അനുജനായ റഷീദ്‌ നിലവില്‍ ജനകീയ മനുഷ്യാവകാശ പ്രസ്‌ഥാനം സെക്രട്ടറിയാണ്‌. സി.പി.ഐ. മാവോയിസ്‌റ്റുമായി ബന്ധമുള്ള പോഷകസംഘടനയായാണ്‌ പോലീസ്‌ ജനകീയ മനുഷ്യാവകാശ പ്രസ്‌ഥാനത്തെ വിലയിരുത്തുന്നത്‌.

സംഘടനാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ നിരവധി തവണ റഷീദിനെ അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചിട്ടുണ്ട്‌.

വൈത്തിരിയില്‍ വെടിയേറ്റ്‌ മരിച്ചത്‌ മാവോയിസ്‌റ്റ്‌ നേതാവ്‌ വേല്‍മുരുകനാണെന്നാണ്‌ ആദ്യം അഭ്യൂഹം പരന്നത്‌. വേല്‍മുരുകനെ കാണാനായി റഷീദ്‌ ഇന്നലെ രാവിലെ ഒമ്പതരയോടെ വയനാട്ടിലെത്തി.

പിന്നീടാണ്‌ കൊല്ലപ്പെട്ടത്‌ സി.പി. ജലീല്‍ ആണെന്ന്‌ അറിയുന്നത്‌. ഉച്ചകഴിഞ്ഞ്‌ റഷീദിനെ മൃതദേഹം കാണിച്ചാണ്‌ കൊല്ലപ്പെട്ടത്‌ സി.പി. ജലീലാണെന്ന്‌ പോലീസ്‌ സ്‌ഥിരീകരിച്ചത്‌.

CLICK TO FOLLOW UKMALAYALEE.COM