ആനക്കൊമ്പ്‌ കേസ്‌ കെട്ടിച്ചമച്ചതെന്നു ലാല്‍; സര്‍ക്കാരിനു പരാതി – UKMALAYALEE

ആനക്കൊമ്പ്‌ കേസ്‌ കെട്ടിച്ചമച്ചതെന്നു ലാല്‍; സര്‍ക്കാരിനു പരാതി

Wednesday 27 November 2019 7:26 AM UTC

തിരുവനന്തപുരം Nov 27: ആനക്കൊമ്പ്‌ കേസില്‍ വനംവകുപ്പിലെ ചില ഉദ്യോഗസ്‌ഥര്‍ തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്നു നടന്‍ മോഹന്‍ലാല്‍.

കേസ്‌ കെട്ടിച്ചമച്ച കോടനാട്‌ വനം റേഞ്ച്‌ ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ അന്വേഷണമാവശ്യപ്പെട്ട്‌ മോഹന്‍ലാല്‍ സര്‍ക്കാരിനെ സമീപിച്ചു. വനംമന്ത്രി കെ. രാജുവിന്റെ പരിഗണനയിലാണു പരാതി.

ആനക്കൊമ്പ്‌ സൂക്ഷിക്കാന്‍ വനംവകുപ്പ്‌ അനുമതി നല്‍കുകയും കോടതിയെ ഇക്കാര്യം ബോധിപ്പിക്കുകയും ചെയ്‌തിരുന്നു. അതിനുശേഷം പെരുമ്പാവൂര്‍ കോടതിയില്‍ കുറ്റപത്രം നല്‍കിയതിനെതിരേയാണു മോഹന്‍ലാല്‍ സര്‍ക്കാരിനെ സമീപിച്ചത്‌.

കേസിന്റെ പേരില്‍ ചിലര്‍ സാമൂഹികമാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നു. കേസില്‍ ഡിസംബര്‍ ആറിനു മോഹന്‍ലാല്‍ ഹാജരാകണമെന്നാണു പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ്‌ കോടതിയുടെ നിര്‍ദേശം.

അദ്ദേഹത്തിനുവേണ്ടി സുപ്രീം കോടതിയിലെ അഭിഭാഷകനാകും ഹാജരാകുക. മോഹന്‍ലാലിന്‌ ആനക്കൊമ്പ്‌ കൈമാറിയ കെ. കൃഷ്‌ണകുമാര്‍ ജീവിച്ചിരിപ്പില്ല. അദ്ദേഹം കേസില്‍ രണ്ടാംപ്രതിയായിരുന്നു. വനംവകുപ്പിന്റെ കുറ്റപത്രത്തില്‍ മോഹന്‍ലാലാണ്‌ ഒന്നാംപ്രതി.

ആനക്കൊമ്പ്‌ സൂക്ഷിക്കാന്‍ മുന്‍കാലപ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ആ സാഹചര്യത്തില്‍ വനംവകുപ്പ്‌ സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്നും മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ വ്യക്‌തമാക്കിയിരുന്നു. ഇക്കാര്യം അദ്ദേഹം സര്‍ക്കാരിനു നല്‍കിയ പരാതിയിലും ചൂണ്ടിക്കാട്ടി.

ആനക്കൊമ്പ്‌ കൈവശംവയ്‌ക്കാന്‍ മുന്‍കാലപ്രാബല്യത്തോടെ മുഖ്യവനപാലകന്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ പെരുമ്പാവൂര്‍ സ്വദേശി പൗലോസ്‌ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണു മോഹന്‍ലാല്‍ സത്യവാങ്‌മൂലം നല്‍കിയത്‌.

കൊച്ചി, തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍നിന്നു 2012-ലാണ്‌ ആദായനികുതി വകുപ്പ്‌ നാല്‌ ആനക്കൊമ്പുകള്‍ കണ്ടെത്തിയത്‌. തുടര്‍ന്ന്‌, കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ ഏഴുവര്‍ഷത്തിനുശേഷം പോലീസ്‌ കുറ്റപത്രം സമര്‍പ്പിച്ചു.

മൂന്നുപ്രാവശ്യം മോഹന്‍ലാലിന്‌ അനുകൂലമായി നിലപാടെടുത്ത വനംവകുപ്പും ഒടുവില്‍ അദ്ദേഹത്തെ പ്രതിചേര്‍ത്ത്‌ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണു ചുമത്തിയിരിക്കുന്നത്‌.

CLICK TO FOLLOW UKMALAYALEE.COM