ആദ്യ റഫാല്‍ വിമാനം പ്രതിരോധമന്ത്രി അടുത്തമാസം ഫ്രാന്‍സിലെത്തി ഏറ്റുവാങ്ങും
Thursday 22 August 2019 3:06 AM UTC

ന്യൂഡല്‍ഹി Aug 22: വ്യോമസേനയ്ക്കായ് വാങ്ങുന്ന ആദ്യ റഫാല്‍ യുദ്ധവിമാനം പ്രതിരോധമന്ത്രി രാജ്നാഥ് സിങും വ്യോമസേന മേധാവി ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവയും ഫ്രാന്‍സിലെത്തി ഏറ്റുവാങ്ങും.
സെപ്റ്റംബര്‍ 20ന് ഇവര്‍ ഇതിനായി ഫ്രാന്‍സിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഫ്രാന്‍സിലെ ദസ്സോ ഏവിയേഷന്‍ നിര്‍മ്മിച്ച ആദ്യ യുദ്ധ വിമാനമാണ് ഇന്ത്യയുടെ പ്രതിനിധികള്‍ ഏറ്റുവാങ്ങുന്നത്.
ഫ്രാന്‍സിലെ ബോര്‍ഡിയോക്സിലുള്ള ദസ്സോയുടെ പ്ലാന്റില്‍ നിന്നാണ് പ്രതിരോധ മന്ത്രിയും വ്യോമസേന മേധാവിയും ചേര്‍ന്ന് ഫ്രഞ്ച് അധികൃതരില്‍ നിന്ന് വിമാനം ഏറ്റുവാങ്ങുക.
പ്രതിരോധമന്ത്രിയേയും വ്യോമസേന മേധാവിയേയും കൂടാതെ സേനാംഗങ്ങളും ഉദ്യോഗസ്ഥരുമടങ്ങുന്ന ഒരു സംഘവും ഫ്രാന്‍സിലേക്ക് പോകുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ദസ്സോ ഏവിയേഷന്‍ 36 റഫാല്‍ ജറ്റ് വിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് നിര്‍മ്മിച്ചു നല്‍കുന്നത്. അടുത്ത വര്‍ഷം മേയ് മാസത്തോടെ ആദ്യ ഘടത്തിലുള്ള വിമാനങ്ങള്‍ ഇന്ത്യയിലെത്തി തുടങ്ങും.
നിലവില്‍ ഫ്രഞ്ച് വ്യോമസേന ഉപയോഗിക്കുന്നതിനേക്കാള്‍ ആധുനിക സജ്ജീകരണങ്ങളുള്ള റഫാല്‍ വിമാനങ്ങളാണ് ഇന്ത്യയ്ക്കായി നിര്‍മ്മിച്ചു നല്‍കുന്നത്.
ഈ വിമാനങ്ങള്‍ പറത്തുന്നതിന് ഇന്ത്യന്‍ വൈമാനികര്‍ക്ക് കമ്പനി പരിശീലനവും ലഭ്യമാക്കുന്നുണ്ട്.
2016ലാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് 36 റഫാല്‍ പോര് വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പുവച്ചത്. 36 വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നും 7.87 ബില്യണ്‍ യൂറോ (59000 കോടി രൂപ)യുടേതാണ് കരാര്‍.
CLICK TO FOLLOW UKMALAYALEE.COM