ആണവായുധം ഉപയോഗിക്കുമെന്ന് ഇമ്രാന്‍ ഖാന്‍: തകര്‍ത്ത് തരിപ്പണമാക്കുമെന്ന് രാജ്‌നാഥ് സിംഗ് – UKMALAYALEE

ആണവായുധം ഉപയോഗിക്കുമെന്ന് ഇമ്രാന്‍ ഖാന്‍: തകര്‍ത്ത് തരിപ്പണമാക്കുമെന്ന് രാജ്‌നാഥ് സിംഗ്

Monday 16 September 2019 5:06 AM UTC

ന്യൂഡല്‍ഹി Sept 16: ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആണവായുധങ്ങള്‍ കൈയിലുള്ള രണ്ട് രാജ്യങ്ങള്‍ തമ്മില്‍ സ്വാഭാവിക യുദ്ധം ഉണ്ടായാല്‍ പോലും അത് ആണവയുദ്ധത്തില്‍ കലാശിക്കാനാണ് സാധ്യതയെന്നാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി പറഞ്ഞത്.

ഒരു വാര്‍ത്താ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്. അന്താരാഷ്ട്ര രാജ്യങ്ങളുടെ പിന്തുണ നേടി അതിലൂടെ ഇന്ത്യയുമായി ആണവ യുദ്ധത്തിലേര്‍പ്പെടാനുള്ള പാക്കിസ്ഥാന്റെ തന്ത്രമാണിതെന്നാണ് ഇന്ത്യയുടെ നിഗമനം.

‘ ആണവായുധങ്ങള്‍ കൈയിലുള്ള രണ്ട് രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം ഉണ്ടാവുമ്പോള്‍ അത് സാധാരണ യുദ്ധമാണെങ്കില്‍ പോലൂം ആണവയുദ്ധത്തിലേക്ക് എത്താനുള്ള സാധ്യത വളരെ കൂടുതലാണ്.

ചിന്തിക്കാന്‍ പറ്റാത്തത് സംഭവിക്കും. ഞങ്ങള്‍(പാക്കിസ്ഥാന്‍) യുദ്ധം ചെയ്യുമ്പോള്‍ തോല്‍ക്കും എന്നൊരു അവസ്ഥ വരികയാണെങ്കില്‍(അങ്ങനെ വരാതിരിക്കട്ടെ) ഒരു തെരഞ്ഞെടുപ്പ് നടത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുകയാണെങ്കില്‍.

ഒന്നുകില്‍ തോല്‍ക്കണം. ഇല്ലെങ്കില്‍ മരിക്കും വരെ സ്വാതന്ത്യത്തിനായി യുദ്ധം ചെയ്യണം. പാക്കിസ്ഥാനികള്‍ സ്വാതന്ത്യത്തിനു വേണ്ടി മരിക്കുംവരെ പോരാടും എന്നെനിക്കറിയാം.

ഇന്ത്യയ്‌ക്കെതിരെ ആണവയുദ്ധം ഉപയോഗിക്കുനെന്ന് സൂചിപ്പിച്ചുകൊണ്ട് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

അതേസമയം പാക്കിസ്ഥാന്റെ ഭീഷണിക്കെതിരെ ശക്തമായ മറുപടിയാണ് ഇന്ത്യ നല്‍കിയത്. ഇന്ത്യയുടെ ആഭ്യന്തര വിഷയമായ കശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്യാനുള്ള തീരുമാനത്തില്‍ കൈകടത്താന്‍ ശ്രമിച്ചുകൊണ്ട് ജമ്മുകശ്മീര്‍ പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് പാക്കിസ്ഥാന്‍ എന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചു.

നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

മതത്തിന്റെ പേരില്‍ സ്ഥാപിതമായ പാക്കിസ്ഥാന്‍ എന്ന രാജ്യം 1971 ല്‍ രണ്ടായെന്നും ഇനിയും ഈ മതരാഷ്ട്രീയം തുടര്‍ന്നാല്‍ പാക്കിസ്ഥാനെ വീണ്ടും കീറി മുറിച്ച് തരിപ്പണമാക്കുന്നതില്‍ നിന്നും ഒരു ശക്തിയ്ക്കും ഇന്ത്യയെ തടുക്കാനാകില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിഗും പറഞ്ഞിരുന്നു.

‘ ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന’ നയത്തില്‍ മാറ്റം വന്നേയ്ക്കാമെന്നും രാജ്‌നാഥ് സിംഗ് നേരത്തേ പറഞ്ഞിരുന്നു.

CLICK TO FOLLOW UKMALAYALEE.COM