അയർലണ്ടിൽ നിന്നും അമ്മയെത്തുംമുമ്പേ നാലര വയസുകാരി മിയാമോള്‍ യാത്രയായി – UKMALAYALEE

അയർലണ്ടിൽ നിന്നും അമ്മയെത്തുംമുമ്പേ നാലര വയസുകാരി മിയാമോള്‍ യാത്രയായി

Wednesday 28 October 2020 7:37 PM UTC

അടിമാലി October 28: വിദേശത്തുനിന്ന് അമ്മയെത്തുംമുമ്പേ നാലര വയസുകാരി മിയാമോള്‍ നിത്യതയുടെ ലോകത്തേക്ക് യാത്രയായി. ഇടുക്കി കമ്പിളികണ്ടം നന്ദിക്കുന്നേല്‍ ജോമി ജോസിന്റെ മകള്‍ നാലര വയസുകാരി മിയാ മേരി ജോമി ഞായറാഴ്ചയാണ് അപകടത്തില്‍പെട്ടത്.

25 ന് വൈകിട്ട് മൂന്നരയോടെ ഏറ്റുമാനൂര്‍ കോതനല്ലൂരിലുള്ള ഇവരുടെ താത്കാലിക വസതിക്കു സമീപത്തെ വീട്ടുവളപ്പിലെ കിണറ്റില്‍ കാല്‍ വഴുതി വീഴുകയായിരുന്നു.

ജോമിയുടെ പിതാവിനൊപ്പം സമീപത്തെ വീട്ടിലെത്തിയപ്പോള്‍ അപ്രതീക്ഷിതമായാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി കേരളത്തില്‍ ആയിരുന്ന മിയാമോളെ തിരികെ കൊണ്ടുപോകുന്നതിനായി മാതാവ് ജിഷ കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ എത്തിയത്.

മൂവാറ്റുപുഴയില്‍ ക്വാറെന്റെനിലായിരുന്ന ജിഷ, മിയാമോളെ കാണാന്‍ കോതനല്ലൂരിലെ വീട്ടിലെത്തും മുമ്പാണ് അപകടം സംഭവിച്ചത്. ഇടക്ക് ആറു മാസത്തോളം നാട്ടിലുണ്ടായിരുന്ന പിതാവ് ജോമി അയര്‍ലണ്ടിലേക്ക് തിരിച്ചുപോയത് രണ്ടു മാസം മുമ്പാണ്. ജോമിയുടെ മാതാപിതാക്കളുടെ സംരക്ഷണത്തിലായിരുന്നു കുട്ടി.

കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ തീര്‍ന്ന ശേഷം മോളെ അയര്‍ലണ്ടിലേക്ക് കൊണ്ടുപോകാമെന്ന പ്രതീക്ഷയിലായിരുന്നു ജോമിയും ജിഷയും. എന്നാല്‍ യാത്രാ നിയന്ത്രണങ്ങള്‍ നീളുന്ന സാഹചര്യത്തില്‍ കുഞ്ഞിനെ ഒപ്പം കൂട്ടാനായി മാത്രമാണ് ജിഷ നാട്ടിലേയ്ക്ക് വന്നത്.

മൂവാറ്റുപുഴ ആരക്കുഴ റോഡില്‍ മണ്ടോത്തിക്കുടിയില്‍ കുടുംബാംഗമാണ് ജിഷ. അയര്‍ലണ്ടിലെ കില്‍ക്കെനിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ഡോണ്‍ ജോമി, മിയാമോളുടെ ഏക സഹോദരനാണ്. അയര്‍ലണ്ടിലുള്ള ജോമിയും ഡോണും ബുധനാഴ്ച പുലര്‍ച്ചെ കേരളത്തിലെത്തും. കോട്ടയം കാരിത്താസ് ആശുപത്രിയില്‍ സൂക്ഷിച്ചിച്ചുള്ള മൃതദേഹം ഇന്നു രാവിലെ പതിനൊന്നരയോടെ കമ്പിളികണ്ടത്തേയ്ക്ക് കൊണ്ടുവരും.

സംസ്‌കാര ശുശ്രൂഷകള്‍ വൈകിട്ട് 4 ന് തെള്ളിത്തോട് സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ നടക്കും. ജോമിയും പിതാവ് ജോസും കമ്പിളികണ്ടം ടൗണില്‍ ദീര്‍ഘകാലം വ്യാപാരം നടത്തി വന്നിരുന്നു. മിയാമോളുടെ ആകസ്മിക നിര്യാണം നാടിന് തീരാവേദനയാണ് സമ്മാനിച്ചത്. കോട്ടയം കാരിത്താസ് ആശുപത്രി ജോയിന്റ് ഡയറക്ടര്‍ ഫാ. ജോയ്‌സ് നന്ദികുന്നേല്‍ പിതൃ സഹോദരനാണ്.

CLICK TO FOLLOW UKMALAYALEE.COM