അയ്യപ്പന്റെ പേരില്‍ പ്രസംഗം: ചട്ടലംഘനക്കുരുക്കില്‍ സുരേഷ് ഗോപി
Monday 8 April 2019 1:47 AM UTC
തൃശൂര്‍ April 8: ശബരിമലയുടേയും അയ്യപ്പന്റേയും പേരു പറഞ്ഞു പ്രചാരണം നടത്തിയ തൃശൂര്‍ ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി സുരേഷ് ഗോപിക്കു ജില്ലാ വരണാധികാരിയുടെ നോട്ടീസ്. വെള്ളിയാഴ്ച വൈകിട്ട് തേക്കിന്‍കാട് മൈതാനിയില്‍ നടന്ന എന്‍.ഡി.എയുടെ കണ്വന്ഷനിലാണു സ്ഥാനാര്‍ഥികൂടിയായ സുരേഷ്ഗോപി ശബരിമലയുടേയും അയ്യപ്പന്റെയും പേരില്‍ വോട്ടുതേടിയത്.
സുരേഷ്ഗോപിയുടെ പ്രസംഗത്തിലെ പരാമര്‍ശിപ്പിക്കപ്പെട്ട ഭാഗം ഇങ്ങനെ:
“ഞാന്‍ തൃശിവപേരൂരുകാരുടെ മുന്നിലേക്കു വരുമ്പോള്‍, കേരളത്തിന്റെ ഒരു പരിഛേദത്തിനോടാണ്, ശബരിമലയുടെ പശ്ചാത്തലത്തില്‍ വോട്ടിനുവേണ്ടി അപേക്ഷിച്ചുകൊണ്ടിരിക്കുന്നത്.
എന്റെ അയ്യന്, എന്റെ അയ്യന്, നമ്മുടെ അയ്യന്, ആ അയ്യന് എന്റെ വികാരമാണെങ്കില്‍, ഈ കിരാത സര്‍ക്കാരിനുള്ള മറുപടി ഈ തെരഞ്ഞെടുപ്പിലൂടെ കേരളത്തിലല്ല, ഭാരതത്തില്‍ മുഴുവന്‍, അയ്യന്റെ ഭക്തര്‍ മുഴുവന്‍, അത് അലയടിപ്പിച്ചിരിക്കും.
അതുകൊണ്ട് ആരെയും കൂട്ടുപിടിക്കേണ്ട. ഒരു യന്ത്രങ്ങളേയും കൂട്ടുപിടിക്കേണ്ട, നിങ്ങള്‍ക്ക് ഒന്നു മുട്ടുമടങ്ങി വീഴാന്‍; നിങ്ങളുടെ മുട്ടു കാലുണ്ടാകില്ല. അത്തരത്തില്‍ ചര്‍ച്ചയാകും.
അതുകൊണ്ട് തന്നെ, എന്റെ പ്രചാരണ വേളകളില്‍ ശബരിമല എന്നു പറയുന്നത് ഞാന്‍ ചര്‍ച്ചയാക്കില്ല എന്ന് പ്രതിജ്ഞ ചെയ്യുകയാണിവിടെ”.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള മാതൃകാ പെരുമാറ്റച്ചട്ടമനുസരിച്ച് ജാതിയുടേയും സാമുദായിക വികാരങ്ങളുടേയും പേരില്‍ വോട്ടുചോദിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണ്.
തെരഞ്ഞെടുപ്പ് സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങളില്‍ അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിക്കരുതെന്ന നിര്‍ദേശം ലംഘിച്ചതായും ആക്ഷേപമുണ്ട്.
ഇക്കാര്യത്തില്‍ 48 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് വാരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ടി.വി. അനുപമ നോട്ടീസ് നല്‍കിയിരിക്കുന്നത്.
CLICK TO FOLLOW UKMALAYALEE.COM