അമ്മയേയും പെങ്ങളേയും തിരിച്ചറിയണം, ചെത്തുകാരന്റെ മകനായതില്‍ അഭിമാനം, ലീഗിന് മുഖ്യമന്ത്രിയുടെ മറുപടി – UKMALAYALEE
foto

അമ്മയേയും പെങ്ങളേയും തിരിച്ചറിയണം, ചെത്തുകാരന്റെ മകനായതില്‍ അഭിമാനം, ലീഗിന് മുഖ്യമന്ത്രിയുടെ മറുപടി

Sunday 12 December 2021 11:07 PM UTC

കണ്ണൂര്‍ Dec 13: കോഴിക്കോട് വഖഫ് റാലിയില്‍ മുസ്ലീം ലീഗ് നേതാക്കള്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലീം ലീഗ് നേതാക്കളുടെ സംസ്‌ക്കാരം എന്താണെന്ന് വഖഫ് സമ്മേളനത്തോടെ ജനത്തിന് മനസ്സിലായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഓരോരുത്തരും കണ്ട് ശീലിച്ച കാര്യങ്ങള്‍ വെച്ചാണ് ചിലത് പറയുന്നതെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി, മന്ത്രി മുഹമ്മദ് റിയാസിന്റെത് വിവാഹമല്ല വ്യഭിചാരമാണ് എന്നുളള അധിക്ഷേപത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

അത്തരം ആളുകളോട് തനിക്ക് പറയാനുളളത് അമ്മയേയും പെങ്ങളേയും തിരിച്ചറിയണം എന്നാണ്. ആദ്യം അതാണ് വേണ്ടതെന്നും കുടുംബത്തില്‍ നിന്ന് സംസ്‌ക്കാരം തുടങ്ങണമെന്നും പിണറായി പറഞ്ഞു. ആ പറഞ്ഞ ആള്‍ക്ക് അതുണ്ടോ എന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ആലോചിച്ചാല്‍ മതി. ഇത്തരം വിരട്ടലുകള്‍ കൊണ്ടൊന്നും കാര്യങ്ങള്‍ നേടിക്കളയാം എന്നുളള ധാരണ വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂരില്‍ സിപിഎം ജില്ലാ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

തുറന്ന മനസ്സോടെയാണ് സര്‍ക്കാര്‍ കാര്യങ്ങള്‍ പറയുന്നത്. വഖഫ് വിഷയത്തില്‍ സര്‍ക്കാരിന് വാശി ഇല്ലെന്നും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെത്തുകാരനായ തന്റെ അച്ഛന് എതിരെയുളള അധിക്ഷേപത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. എന്തിനാണ് ഇത്ര വലിയ അസഹിഷ്ണുതയെന്ന് മുഖ്യമന്ത്രി ചോദിച്ചു. വഖഫ് ബോര്‍ഡിന്റെ പ്രശ്‌നവുമായി ബന്ധപ്പെട്ട് എന്തിനാണ് തന്റെ ഹൈസ്‌കൂള്‍ കാലത്ത് മരണപ്പെട്ട് പോയ പാവപ്പെട്ട തന്റെ അച്ഛനെ പറയുന്നതെന്ന് പിണറായി ചോദിച്ചു.

തന്റെ അച്ഛന്‍ എന്ത് തെറ്റാണ് ചെയ്തത്? അദ്ദേഹം ചെത്തുകാരനായതാണോ തെറ്റ് എന്നും മുഖ്യമന്ത്രി ചോദിച്ചു. താന്‍ ഇക്കാര്യം ഇതിന് മുന്‍പും പല വേദികളിലും പറഞ്ഞിട്ടുളളതാണ്. ആ ചെത്തുകാരന്റെ മകനായതില്‍ താന്‍ അഭിമാനിക്കുന്നു. ആരെ തോണ്ടാനാണ് ഇത് നിങ്ങള്‍ പറയുന്നത്. ചെത്തുകാരന്റെ മകന്‍ എന്ന് കേട്ടാല്‍ പിണറായി വിജയനായ തനിക്ക് വല്ലാത്തൊരു വിഷമമായിപ്പോകും എന്നാണോ കരുതുന്നത് എന്നും പിണറായി ചോദിച്ചു.

മുസ്ലീംങ്ങളുടെ അട്ടിപ്പേറവകാശം മുസ്ലീം ലീഗിന് നല്‍കിയിട്ടില്ല. ലീഗിന്റെ കാലിനടിയിലെ മണ്ണ് ഒലിച്ച് പോവുകയാണ്. സാധാരണ തിരഞ്ഞെടുപ്പ് വരുമ്പോള്‍ മുസ്ലീം ലീഗ് നാല് വോട്ടിന് വേണ്ടി വര്‍ഗീയ വികാരം ഇളക്കി വിടാറുണ്ട്. ഇപ്പോള്‍ ലീഗ് വര്‍ഗീയ വികാരം ഇളക്കി വിടാന്‍ ശ്രമിക്കുന്നുവെന്നും പിണറായി പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM