അമ്പലങ്ങള്‍ ‘പിടിക്കാന്‍’ സി.പി.എം. നീക്കം – UKMALAYALEE

അമ്പലങ്ങള്‍ ‘പിടിക്കാന്‍’ സി.പി.എം. നീക്കം

Saturday 2 March 2019 3:24 AM UTC

കൊച്ചി March 2: ശബരിമല വിവാദത്തിന്റെ പശ്‌ചാത്തലത്തില്‍ കേരളത്തിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു സി.പി.എം. ഫ്രാക്‌ഷന്‍ രൂപീകരിക്കാന്‍ നീക്കം.

തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ഗുരുവായൂര്‍ ക്ഷേത്രങ്ങള്‍ക്കു കീഴിലുള്ള സി.പി.എം. അനുഭാവികളായ ജീവനക്കാരെയും താല്‍ക്കാലിക ജീവനക്കാരെയും ഉള്‍പ്പെടുത്തിക്കൊണ്ട്‌ ഫ്രാക്‌ഷന്‍ രൂപീകരിക്കാനാണ്‌ പാര്‍ട്ടി നിര്‍ദേശം.

മാര്‍ച്ച്‌ 10 നകം ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന്‌ സംസ്‌ഥാന കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്‌.

ക്ഷേത്രങ്ങളിലെ പൊതുകാര്യങ്ങളില്‍ സജീവമായി ഇടപെടുകയും ഉപദേശക സമിതിപോലുള്ള സംവിധാനങ്ങളുമായി അടുപ്പം പുലര്‍ത്തുകയും ചെയ്യാനാണ്‌ ഇത്‌ ലക്ഷ്യമിടുന്നത്‌.

ശബരിമല വിവാദത്തോടെ സംഘപരിവാര്‍ ശക്‌തികള്‍ നാമജപം ഉള്‍പ്പെടെയുള്ള പരിപാടികളുമായി ഭക്‌തരെ ആകര്‍ഷിച്ച പശ്‌ചാത്തലത്തിലാണ്‌ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ പാര്‍ട്ടി പ്രചരണവും വിപുലമാക്കാന്‍ സി.പി.എം. ആലോചിച്ചത്‌.

ലോക്കല്‍ കമ്മിറ്റികള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫ്രാക്‌ഷനുകളില്‍ വനിതാ ജീവനക്കാരെ കൂടുതലായി ഉള്‍പ്പെടുത്താന്‍ ശ്രമിക്കും. ദേവസ്വം ബോര്‍ഡുകളുടെ കീഴിലായി കേരളത്തില്‍ 15,000 ഓളം ക്ഷേത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‌ കീഴില്‍ത്തന്നെ 1206 ക്ഷേത്രങ്ങളില്‍ 224 പ്രധാന ക്ഷേത്രങ്ങളുണ്ട്‌. 426 ക്ഷേത്രങ്ങള്‍ കൊച്ചി ദേവസ്വം ബോര്‍ഡിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

ഏറ്റവും ആസ്‌തിയുള്ള ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്‌ കീഴിലുള്ള ക്ഷേത്രങ്ങളിലും അഞ്ചു ഡിവിഷനുകളിലായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലും ഫ്രാക്‌ഷനുകള്‍ രൂപീകരിക്കും.

CLICK TO FOLLOW UKMALAYALEE.COM