അമ്പലങ്ങളിൽ സർക്കാരിന് കയ്യിട്ട് വാരാം.. ക്രിസ്ത്യൻ സഭകളെ തൊടാൻ ധൈര്യമില്ലേയെന്ന് ജോയ് മാത്യു! – UKMALAYALEE

അമ്പലങ്ങളിൽ സർക്കാരിന് കയ്യിട്ട് വാരാം.. ക്രിസ്ത്യൻ സഭകളെ തൊടാൻ ധൈര്യമില്ലേയെന്ന് ജോയ് മാത്യു!

Saturday 17 March 2018 7:25 PM UTC

KOCHI March 17: സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് വിവാദത്തില്‍ കുരുങ്ങിയിരിക്കുകയാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ള പ്രമുഖര്‍. വിശ്വാസ വഞ്ചന, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കര്‍ദിനാള്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നാല്‍ കേസെടുക്കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തത് കര്‍ദിനാളിനും കൂട്ടര്‍ക്കും ആശ്വാസമായിരിക്കുകയാണ്. അതിനിടെ വിശ്വാസികള്‍ക്ക് മുന്നിലൊരു ഇടയലേഖനവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ജോയ് മാത്യു. പുരോഹിതന്മാരുടെ പോക്ക് ഈ നിലയ്ക്കാണ് എങ്കിൽ വിശ്വാസികൾ തന്നെ സിംഹാസനത്തിൽ നിന്ന് വലിച്ച് താഴേക്കിടുമെന്ന് ജോയ് മാത്യു പറയുന്നു.

രൂപതാ…. എന്നാൽ രൂപ തരൂ

ഇടയന്മാർക്ക്‌ ഒരു ലേഖനം എന്ന തലക്കെട്ടിലാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ്: രൂപതാ…. എന്നാൽ രൂപ തരൂ. അതിരൂപതാ… എന്ന് പറഞ്ഞാൽ കൂടുതൽരൂപ തരൂ.. എന്നാണ് അർഥമെന്ന് ഞാൻ മുൻപ് എഴുതിയപ്പോൾ രൂപതാ….ക്കാർ എന്റെ മെക്കിട്ട്‌ കേറാൻ വന്നു. ഇപ്പൊൾ എന്തായി? പിതാക്കന്മാരുംമെത്രാന്മാരും പുരോഹിതരും കള്ളക്കച്ചവടക്കാരും ചേർന്ന് നടത്തുന്ന ഭൂമാഫിയാ ഇടപാടുകൾ ജനങ്ങൾക്ക്‌ മുൻപിലെത്തിയിരിക്കുന്നു. ഇനി ഒരു കാര്യം പറഞ്ഞാൽ അത്‌ വർഗ്ഗീയമാകുമോ എന്തൊ. ഹൈന്ദവക്ഷേത്രങ്ങളിലെ ഭന്ധാരത്തിൽ വീഴുന്നത്‌ കയ്യിട്ടുവരാൻ സർക്കാരിന് സാധിക്കുമെങ്കിൽ ക്രിസ്ത്യൻ സഭകളുടെ വരുമാനംഎടുക്കുന്നത്‌ പോട്ടെ, ഒന്ന് എത്തിനോക്കാൻ പോലും കേന്ദ്ര/സംസ്‌ഥാന ഗവൺമ്മെന്റുകൾ ധൈര്യപ്പെടാത്തത്‌ എന്ത്‌ കൊണ്ടാണ്?

മാഫിയ കൂട്ടുകെട്ട്

രാജ്യത്ത്‌ വിവിധ സഭകളുടെ സ്‌ഥാപനങ്ങളൂം അവയുടെ ആസ്തിയും കേട്ടാൽ നമ്മുടെ കണ്ണുതള്ളിപ്പോകും. വിദ്യാഭ്യാസ- ആരോഗ്യ വ്യവസായങ്ങൾ കാണിച്ച്‌ വിശ്വാസികളെ കൂടെ നിർത്താൻ സഭകളും ,സഭകളെ കൂടെനിർത്താൻ രാഷ്ട്രീയക്കാരും ചേർന്നുള്ള മാഫിയ കൂട്ടുകെട്ടാണല്ലൊ ഏത്‌ മുന്നണിയുടേയും അടിത്തറ. സ്വകാര്യസ്വത്ത്‌ കൈവശം വെക്കാനുള്ള അവകാശത്തിന്റെ മറവിൽ ദൈവത്തെ മുന്നിൽ നിർത്തി നടത്തുന്ന കള്ളക്കച്ചവടം തടയാൻ അധികാരത്തിലുള്ളവരും പ്രതിപക്ഷത്തുള്ളവരും തയ്യാറാവില്ല. അതിനു വിശാസികൾ തന്നെ മുന്നോട്ടു വരണം. അത്‌ കാരണം‌ സ്വർഗ്ഗത്തിലേക്കുള്ള ടിക്കറ്റ്‌ നഷ്ടപ്പെടുമെന്ന് ഭയക്കുകയേ വേണ്ട.

മുഖത്ത്‌ ചവിട്ട്‌ കിട്ടാൻ സാദ്ധ്യത

ഒരു അറിയിപ്പുണ്ട്‌: ഇടയ ലേഖനമൊക്കെ എഴുതുന്നത്‌ കൊള്ളാം. പഴയ കുഞ്ഞാടുകളല്ല ഇപ്പോഴത്തെ വിശ്വാസികൾ എന്ന് മനസ്സിലാക്കുക.എല്ലാം കച്ചവടമാണെന്നും അതിൽ എന്തൊക്കെയാണ് കള്ളക്കച്ചവടമെന്നും ഇന്ന് കുഞ്ഞാടുകൾക്കറിയാം. അതിനാൽ നല്ല ഇടയന്റെ വേഷത്തിൽകുഞ്ഞാടുകൾക്ക്‌ മുൻപിൽ തങ്ങളുടെ പാപക്കറ കഴുകിത്തരുവാനായി കാൽ നീട്ടിക്കൊടുക്കുന്ന പിതാവിന്റേയും മെത്രാന്റേയും പുരോഹിതന്റേയുംശ്രദ്ധക്ക്‌‌, കുഞ്ഞാടുകളുടെ കാൽ കഴുകി മുത്തമിടാൻ കുമ്പിടുന്ന വിശ്വാസികളെ സൂക്ഷിക്കുക. ‌മുത്തം വെക്കുന്ന മുഖത്ത്‌ ചവിട്ട്‌ കിട്ടാൻ സാദ്ധ്യതയുണ്ട്‌.

വലിച്ച്‌ താഴെയിടാനും സാധ്യത

ഇനി കൈമുത്തം നൽകുവാൻ കൈനീട്ടിയാലോ, ചിലപ്പോൾ കുഞ്ഞാടുകൾ നിങ്ങളെ സിംഹാസനങ്ങളിൽ നിന്നും വലിച്ച്‌ താഴെയിടാനും സാധ്യതയുണ്ട്‌ എന്ന് കൂടി ഇടയന്മാർക്കുള്ള ഈ ലേഖനത്തിൽ പ്രസ്താവിച്ച്‌ കൊള്ളട്ടെ. ഒരു മുൻകൂർ ജാമ്യമുണ്ട്‌. എല്ലാ പുരോഹിതരേയും ഈ ഗണത്തിൽ പെടുത്തരുത്‌ അവരിൽ എനിക്ക്‌ നേരിട്ടറിയാവുന്ന നല്ലവരായ നിരവധി പുരോഹിതന്മാരുമുണ്ട്‌ എന്നാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ്. എറണാകുളം- അങ്കമാലി അതിരൂപതാ ഭൂമിയിടപാട് വിവാദമായ പശ്ചാത്തലത്തിലാണ് ജോയ് മാത്യുവിന്‌റെ പ്രതികരണം. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആലഞ്ചേരി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാനുള്ള സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്.

Passengers look at flight details at Hamad International Airport in Doha, Qatar, June 7, 2017. REUTERS/Naseem Zeitoon

CLICK TO FOLLOW UKMALAYALEE.COM