അമേരിക്കയില്‍ നഴ്‌സായ മെറീന്‍ കൊല്ലപ്പെട്ട സംഭവം മെറീന്റെ മാതാവും കുഞ്ഞും അമേരിക്കയിലേക്ക് പറക്കാനിരിക്കെ – UKMALAYALEE

അമേരിക്കയില്‍ നഴ്‌സായ മെറീന്‍ കൊല്ലപ്പെട്ട സംഭവം മെറീന്റെ മാതാവും കുഞ്ഞും അമേരിക്കയിലേക്ക് പറക്കാനിരിക്കെ

Wednesday 29 July 2020 11:15 PM UTC

ചങ്ങനാശ്ശേരി July 30: അമേരിക്കയില്‍ നഴ്‌സായ മെറീന്‍ കൊല്ലപ്പെട്ട സംഭവം മെറീന്റെ മാതാവും കുഞ്ഞും അമേരിക്കയിലേക്ക് പറക്കാനിരിക്കെ. കോവിഡ് കാരണം യാത്ര മാറ്റി വെച്ച ഇവര്‍ അടുത്ത വര്‍ഷം ആദ്യം പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കെയാണ് മകള്‍ക്ക് ദുരന്തമുണ്ടാകുന്നത്. കുടുംബബന്ധത്തിലുണ്ടായ വിള്ളലുകളാണ് ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്നാണ് സൂചനകള്‍.

നാട്ടിലെ ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ചും ഫിലിപ്പ് മെറീനെ മര്‍ദ്ദിക്കുകയും പ്രശ്‌നം ചങ്ങനാശ്ശേരി പോലീസ് സ്‌റ്റേഷനില്‍ വെച്ച് പറഞ്ഞു തീര്‍ക്കുകയും ചെയ്തിരുന്നതായി വിവരമുണ്ട്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങിയ ശേഷം ഫിലിപ്പുമായി ഇനി ഒരു ജീവിതം വേണ്ടെന്ന് തീരുമാനിച്ചാണ് മെറീന്‍ അമേരിക്കയിലേക്ക് മടങ്ങിയത്.

അമേരിക്കയില്‍ നഴ്‌സായ മെറീന്‍ 2018 ജൂണ്‍ 4 നാണ് ഭര്‍ത്താവുമൊത്ത് അമേരിക്കയിലേക്ക് പറന്നത്. പിന്നീട് 2019 ഡിസംബര്‍ 19 ന് ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം നാട്ടിലേക്ക് മടങ്ങി.

ആലപ്പുഴ വെളിയനാട് സ്വദേശിയായ ഫിലിപ്പ് ഇപ്പോള്‍ താമസം ചങ്ങനാശ്ശേരി എസ്ബി കോളേജിന് സമീപത്താണ്. വീട്ടില്‍ വെച്ച് സ്വന്തം വീട്ടിലേക്ക് പോകുന്ന കാര്യം മെറീന്‍ ഉന്നയിച്ചത് ഇരുവരും തമ്മിലുള്ള വഴക്കിലെത്തുകയും ഫിലിപ്പ് മെറീനെ മര്‍ദ്ദിക്കുകയും ചെയ്തു.

പിറ്റേന്ന് 20 ാം തീയതി രാവിലെ മെറീന്റെ പിതാവ് മരങ്ങാട്ടില്‍ ജോയി മകളെ മോനിപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോകാനായി രാവിലെ ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തി.

മകളും കുഞ്ഞുമായി ചങ്ങനാശ്ശേരിയില്‍ നിന്നും മോനിപ്പള്ളിയിലേക്കുള്ള യാത്രയ്ക്കിടയില്‍ മെറീന്‍ ഫിലിപ്പ് മര്‍ദ്ദിച്ച വിവരം പിതാവിനോട് പറഞ്ഞു. തുടര്‍ന്ന് ജോയി മകളുമായി ചങ്ങനാശ്ശേരി പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയും പോലീസുകാര്‍ ഫിലിപ്പിനെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി താക്കീത് ചെയ്യുകയും പ്രശ്‌നങ്ങള്‍ രമ്യമായി പറഞ്ഞു തീര്‍ത്ത് തിരിച്ചയയ്ക്കുകയും ചെയ്തു.

എന്നാല്‍ ഇനി ഭര്‍ത്താവുമായുള്ള ഒരു ജീവിതം വേണ്ടെന്ന് തീരുമാനം എടുത്ത മെറീന്‍ തനിച്ചാണ് പിന്നീട് അമേരിക്കയിലേക്ക് പറന്നത്. കുഞ്ഞിനെ നാട്ടില്‍ സ്വന്തം മാതാപിതാക്കളുടെ കൈവശം ഏല്‍പ്പിക്കുകയും ചെയ്തു.

പിന്നാലെ മെറീന്റെ അമ്മ മേഴ്‌സി കുഞ്ഞുമായി അമേരിക്കയ്ക്ക് പേകാനിരിക്കെയാണ് കോവിഡിന്റെ പ്രശ്‌നം സ്ഥിതി രൂക്ഷമാക്കിയത്. ഇതോടെ വിദേശത്തേക്കുള്ള യാത്ര താല്‍ക്കാലികമായി ഉപേക്ഷിച്ച് അടുത്തവര്‍ഷം ജനുവരിയില്‍ പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുകയായിരുന്നു.

ഇതിനിടയിലാണ് ഫിലിപ്പും അമേരിക്കയില്‍ എത്തിയത്. പിന്നീട് ജോലി സ്ഥലത്തും താമസ സ്ഥലത്തുമെല്ലാം ചെന്ന ഫിലിപ്പ് മെറീന് ശല്യം ഉണ്ടാക്കിയിരുന്നു. ഫിലിപ്പില്‍ നിന്നും രക്ഷപ്പെടാന്‍ താമസം മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു മെറീന്‍ എന്നായിരുന്നു വിവരം.

നേരത്തേ കുഞ്ഞുണ്ടായപ്പോള്‍ പരിചരിക്കാന്‍ മെറീന്റെ അമ്മ മേഴ്‌സി അമേരിക്കയിലേക്ക് പോയിട്ടുണ്ട്. അന്നും ഫിലിപ്പ് മകളുമായി വഴക്കുണ്ടാക്കിയിരുന്നു. നെവിനില്‍ നിന്നും രക്ഷപ്പെടാനാണ് മെറീന്‍ താമ്പയിലേക്ക് മാറാന്‍ തീരുമാനിച്ചിരുന്നതായി സഹപ്രവര്‍ത്തകരും പറയുന്നുണ്ട്.

കൊലപാതകം ലക്ഷ്യമിട്ട് ഇന്നലെ കോറല്‍ സ്പ്രിംഗ്‌സില്‍ എത്തിയ നെവീന്‍ ഹോട്ടലിലാണ് താമസിച്ചത്. മെറീന്‍ ജോലി കഴിഞ്ഞ് ഇറങ്ങുന്ന സമയം കണക്കാക്കി ആശുപത്രിയുടെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നില്‍ക്കുകയും മെറീന്‍ അടുത്തെത്തിയപ്പോള്‍ കുത്തുകയുമായിരുന്നു.

നിലത്തുവീണ മെറീന്റെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കി. സ്വയം മുറിവേല്‍പ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നെവീനെ ഹോട്ടല്‍ മുറിയില്‍ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

CLICK TO FOLLOW UKMALAYALEE.COM