അമൃത്സറില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാനുള്ള ക്ഷണം നിരസിച്ച് മന്‍മോഹന്‍ സിംഗ് – UKMALAYALEE

അമൃത്സറില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാനുള്ള ക്ഷണം നിരസിച്ച് മന്‍മോഹന്‍ സിംഗ്

Monday 11 March 2019 3:41 AM UTC

ന്യൂഡല്‍ഹി March 11: പഞ്ചാബില്‍ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള വാഗ്ദാനം നിരസിച്ച് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്.

അമൃത്സര്‍ ലോക്‌സഭാ സീറ്റില്‍ നിന്ന് മന്‍മോഹന്‍ സിംഗിന് മത്സരിക്കാനാണ് സീറ്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടിനോട് മന്‍മോഹന്‍ സിംഗ് അനുകൂലമായി പ്രതികരിച്ചിട്ടില്ല.

സിഖ് മതവിശ്വാസികള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ നിന്ന് മന്‍മോഹന്‍ സിംഗിന് സുഖമമായി വിജയിച്ചു വരാനാകുമെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

2009ലെ തിരഞ്ഞെടുപ്പിലും അമൃത്സറില്‍ നിന്ന് മത്സരിക്കാന്‍ മന്‍മോഹന്‍ സിംഗിന് സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം മത്സരിച്ചില്ല.

2014ല്‍ അമരീന്ദര്‍ സിംഗാണ് അമൃത്സറില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചത്. ഇപ്പോഴത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയായിരുന്നു അമരീന്ദര്‍ സിംഗിന്റെ എതിരാളി.

1991 മുതല്‍ അസമില്‍ നിന്നുള്ള രാജ്യസഭാംഗമാണ് മന്‍മോഹന്‍ സിംഗ്. 1999ല്‍ ദക്ഷിണ ഡല്‍ഹി സീറ്റില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചിട്ടുണ്ടെങ്കിലും ബി.ജെ.പിയുടെ വി.കെ മല്‍ഹോത്രയോട് പരാജയപ്പെട്ടു.

ഈ വര്‍ഷം ജൂണ്‍ 14ന് മന്‍മോഹന്‍ സിംഗിന്റെ രാജ്യസഭാ കാലാവധി അവസാനിക്കും. അദ്ദേഹത്തെ വീണ്ടും രാജ്യസഭയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസിന് മറ്റ് പാര്‍ട്ടികളുടെ കൂടി സഹായം വേണ്ടി വരും.

CLICK TO FOLLOW UKMALAYALEE.COM