അഫ്ഗാന്‍ ജയിലില്‍ ഐഎസ് ചാവേറായത് കാസര്‍ഗോഡ് സ്വദേശി ഇജാസ്  – UKMALAYALEE

അഫ്ഗാന്‍ ജയിലില്‍ ഐഎസ് ചാവേറായത് കാസര്‍ഗോഡ് സ്വദേശി ഇജാസ് 

Thursday 6 August 2020 1:34 AM UTC

ന്യൂഡല്‍ഹി Aug 6: അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ ജയില്‍ ആക്രമിച്ച ഐ.എസ്. ഭീകരരില്‍ മലയാളി ഡോക്ടറും. കാസര്‍ഗോഡ് പടന്ന സ്വദേശി ഡോ. കെ.പി. ഇജാസ് ഉള്‍പ്പെടെ ഭീകരസംഘത്തിലെ 10 പേരെയും സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു.

കൊല്ലപ്പെട്ട ഭീകരരില്‍ ഇജാസിനെക്കൂടാതെ രണ്ട് ഇന്ത്യക്കാര്‍കൂടിയുണ്ടായിരുന്നു. കേരളത്തില്‍നിന്ന് ആദ്യം ഐ.എസില്‍ ചേര്‍ന്നവരില്‍ ഒരാളായ ഇജാസ് പിന്നീട് കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍നിന്നുള്ള ഭീകര റിക്രൂട്ട്‌മെന്റിന്റെ മുഖ്യസൂത്രധാരനായി.

കാസര്‍ഗോഡ് പടന്ന, കല്ലുകെട്ടിയ പുരയില്‍ ഇജാസ് 2016 ജൂണിലാണു കുടുംബത്തോടൊപ്പം നാടുവിട്ടത്. ഇവര്‍ ഹൈദരാബാദ്, മസ്‌കറ്റ് വഴി ഇറാനിലെ ഖൊറാസാനിലും അവിടെനിന്ന് അഫ്ഗാനിലുമെത്തി.

ഇജാസിന്റെ ഭാര്യ റിെഫെലയും കുഞ്ഞും അഫ്ഗാന്‍ സുരക്ഷാ ഏജന്‍സികളുടെ കസ്റ്റഡിയിലുണ്ടെന്നാണു സൂചന. അഫ്ഗാനിലെ നാന്‍ഗര്‍ഹാര്‍ പ്രവിശ്യയില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രിയുണ്ടായ ഭീകരാക്രമണത്തില്‍ 29 പേരാണു കൊല്ലപ്പെട്ടത്.

അമ്പതിലധികം പേര്‍ക്കു പരുക്കേറ്റു. തടവിലുള്ള ഭീകരരെ രക്ഷിക്കുകയായിരുന്നു ജയില്‍ ആക്രമണത്തിന്റെ ലക്ഷ്യം.

നിരവധി ഐ.എസ്, താലിബാന്‍ ഭീകരരടക്കം 1,800-ല്‍ ഏറെ തടവുകാര്‍ ജയിലിലുണ്ടായിരുന്നു. ആക്രമണത്തിന്റെ മറവില്‍ മുന്നൂറോളം തടവുകാര്‍ രക്ഷപ്പെട്ടതായും സൂചനയുണ്ട്.

ആക്രമണശേഷം അടുത്തുള്ള നാലുനിലക്കെട്ടിടത്തില്‍ ഒളിച്ച ഭീകരരെ 20 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിലാണു സുരക്ഷാസേന വധിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പിന്നീട് ഐ.എസ്. ഏറ്റെടുത്തു.

ജലാലാബാദിലെ ജയില്‍ കവാടത്തിനു മുന്നില്‍ കാര്‍ബോംബ് സ്‌ഫോടനം നടത്തിയശേഷം ഭീകരര്‍ വെടിയുതിര്‍ത്തുകൊണ്ട് ഇരച്ചുകയറുകയായിരുന്നു.

ബോംബ് നിറച്ച കാര്‍ ഓടിച്ചിരുന്ന ചാവേര്‍ ഇജാസായിരുന്നെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ജയില്‍ കാവല്‍ക്കാരും ഉദ്യോഗസ്ഥരുമാണു കൊല്ലപ്പെട്ടവരിലേറെയും.

20 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ 10 ഭീകരരെയും വധിച്ചതായി അഫ്ഗാന്‍ കരസേനാമേധാവി ജനറല്‍ യാസിന്‍ സിയ അറിയിച്ചു.

അഫ്ഗാന്‍ സര്‍ക്കാരും താലിബാനുമായുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി നൂറോളം താലിബാന്‍കാരെ വിട്ടയച്ചതിന്റെ മൂന്നാംദിവസമായിരുന്നു ആക്രമണം.

ജയില്‍ ആക്രമണത്തില്‍ പങ്കില്ലെന്നാണു താലിബാന്റെ വിശദീകരണം. കഴിഞ്ഞ മാര്‍ച്ചില്‍ കാബൂളിലെ ഗുരുദ്വാര ആക്രമിച്ച ഐ.എസ്. ഭീകരസംഘത്തില്‍ കണ്ണൂര്‍ സ്വദേശി മുഹമ്മദ് മുഹ്‌സിന്‍ ഉണ്ടായിരുന്നെന്നു സ്ഥിരീകരിച്ചിരുന്നു.

CLICK TO FOLLOW UKMALAYALEE.COM