അഫ്ഗാനില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഐ.എസ്. ഭീകരന്‍ മലയാളി – UKMALAYALEE

അഫ്ഗാനില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഐ.എസ്. ഭീകരന്‍ മലയാളി

Friday 2 August 2019 7:44 AM UTC

തൃശൂര്‍/മലപ്പുറം Aug 2: അഫ്ഗാനിസ്ഥാനിലെ ഐ.എസ്. താവളത്തിനുനേരേ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മലയാളി ഭീകരന്‍ കൊല്ലപ്പെട്ടു. മലപ്പുറം എടപ്പാള്‍ വട്ടംകുളം സ്വദേശി മുഹമ്മദ് മുഹ്‌സിനാ(22)ണു മരിച്ചത്. മുഹമ്മദ് മുഹ്‌സിന്‍ 2017 ഒക്‌ടോബറിലാണ് ഐ.എസില്‍ ചേര്‍ന്നത്. ബോംബ് നിര്‍മാണത്തിലും മിെസെല്‍ പ്രയോഗത്തിലും പരിശീലനം നേടിയ ഭീകരനാണ് ഇയാളെന്നു യു.എസ്. സഖ്യസേനാ വക്താവ് വെളിപ്പെടുത്തി.

എ.കെ. 47 തോക്കുമായി നില്‍ക്കുന്ന ഇയാളുടെ ചിത്രം നേരത്തേ ഐ.എസ്. പുറത്തുവിട്ടിരുന്നു.

മുഹ്‌സിന്റെ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള സന്ദേശം ബന്ധുക്കള്‍ക്കു ലഭിച്ചു. കഴിഞ്ഞ ജൂെലെ 18-നാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നു പാകിസ്താന്‍ കാരനായ ഐ.എസ്. പ്രവിശ്യാമേധാവി ഹുസാഫിയ അല്‍ ബക്കിസ്ഥാനി അയച്ച വാട്‌സ്ആപ് സന്ദേശത്തില്‍ പറയുന്നു.

യു.എസ്. ആക്രമണത്തില്‍ ”രക്തസാക്ഷിത്വം” വഹിച്ച മുഹമ്മദ് മുഹ്‌സിനു സ്വര്‍ഗം ലഭിക്കുമെന്നാണ് ഉര്‍ദു, ഇംഗ്ലീഷ്, മലയാളം ഭാഷകളിലുള്ള സന്ദേശത്തിലുള്ളത്. കഴിഞ്ഞ 22-ന് ഒരു അഫ്ഗാന്‍ നമ്പറില്‍നിന്നാണു മുഹ്‌സിന്റെ സഹോദരിയുടെ മൊെബെലിലേക്കു സന്ദേശമെത്തിയത്.

ഇതോടെ വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു.
തൃശൂരിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ നാലാംവര്‍ഷ വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ് മുഹ്‌സിന്‍ 2017 ഒക്‌ടോബറിലാണു നാടുവിട്ടത്. കോളജില്‍നിന്നു ബംഗളുരുവിലേക്കു വിനോദയാത്രയ്ക്കു പോകുന്നുവെന്നാണു വീട്ടുകാരോടു പറഞ്ഞത്.

പിന്നീടു യാതൊരു വിവരവും ലഭിച്ചില്ല. പിതാവിന്റെ പരാതിയില്‍ 2017 ഒക്‌ടോബര്‍ 20-നു ചങ്ങരംകുളംപോലീസ് കേസെടുത്തിരുന്നു. അന്വേഷണത്തില്‍, മുഹ്‌സിന്‍ ബംഗളുരുവില്‍നിന്നു ദുബായിലേക്കു പോയതായി വിവരം ലഭിച്ചു.

ഇയാളുടെ ഐ.എസ്. ബന്ധവും പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യം വീട്ടുകാരെ അറിയിച്ചെങ്കിലും മകന്‍ വഴിതെറ്റില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അവര്‍.

അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍നിന്നു 98 പേര്‍ ഐ.എസില്‍ ചേര്‍ന്നതായാണു ദേശീയ അന്വേഷണ ഏജസി (എന്‍.ഐ.എ) റിപ്പോര്‍ട്ട്. ഇതില്‍ എട്ടു സ്ത്രീകളടക്കം കണ്ണൂരില്‍നിന്ന് 40 പേര്‍ ഉള്‍പ്പെടുന്നു.

കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, തൃശൂര്‍ ജില്ലക്കാരാണു മറ്റുള്ളവര്‍.

ഇവരില്‍ 38 പേരുടെ മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഇതില്‍ കൂടുതലാകാനാണു സാധ്യതയെന്നും എന്‍.ഐ.എ. ചൂണ്ടിക്കാട്ടുന്നു.

CLICK TO FOLLOW UKMALAYALEE.COM