അപകടകാരണം ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്ന് പ്രാഥമിക നിഗമനം – UKMALAYALEE

അപകടകാരണം ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്ന് പ്രാഥമിക നിഗമനം

Friday 21 February 2020 7:03 AM UTC

കോയമ്പത്തൂര്‍ Feb 21: 19 പേരുടെ മരണത്തിനിടയാക്കിയ അവിനാശി അപകടത്തിന്റെ കാരണം ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്നാണ് പ്രാഥമിക നിഗമനം. ഡിവൈഡര്‍ മറികടന്ന് വണ്‍വേയിലൂടെ എത്തിയ ലോറിയാണ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുകയറിയത്. മരിച്ചവരെ എല്ലാവരേയും തിരിച്ചറിഞ്ഞു. 18 മലയാളികളും ഒരു കര്‍ണാടക സ്വദേശിയുമാണ് മരിച്ചത്.

പുലര്‍ച്ചെ മൂന്നേകാലിനാണ് ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കു വന്ന ബസില്‍ കൊച്ചിയില്‍ നിന്ന് സേലത്തേയ്ക്ക് ടൈലുമായി പോയ ലോറി ഇടിച്ചുകയറിയത്. 20 യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. അപകടത്തില്‍ ബസിന്റെ കണ്ടക്ടറും ഡ്രൈവറും തത്ക്ഷണം മരിച്ചു.

ലോറി ഡ്രൈവര്‍ ഹേമരാജിനെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം മരിച്ചവരുടെ കുടുംബത്തിനന് പത്ത് ലക്ഷം രൂപ നല്‍കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. അടിയന്തിരമായി രണ്ട് ലക്ഷം രൂപ നല്‍കുമെന്നും ബാക്കി തുക ഒരു മാസത്തിനുള്ളില്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

അപകടത്തില്‍ മരിച്ച കെഎസ്ആര്‍ടിസി ജീവനക്കാരായ ഗിരീഷിന്റെയും ബൈജുവിന്റെയും കുടുംബത്തിന് 30 ലക്ഷം രൂപ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം മന്ത്രിമാരായ എ.കെ ശശീന്ദ്രനും വഴഎസ് സുനില്‍ കുമാറും തിരുപ്പൂരിലെത്തി. പരിക്കേറ്റവരുടെ ചികിത്സ ചിലവും സര്‍ക്കാര്‍ ഏറ്റെടുക്കും.

മരിച്ചവരുടെ മൃതദേഹങ്ങള്‍ വീടുകളിലെത്തിക്കാനുള്ള നടപടി തുടങ്ങിയെന്നും അവിനാശിലെത്തിയ മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM