അന്‍സി അലിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍
Friday 22 March 2019 3:27 AM UTC

കൊടുങ്ങല്ലൂര്‍ March 21: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലിം പള്ളിയിലുണ്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശി അന്‍സി അലി ബാവയുടെ മൃതദേഹം തിങ്കളാഴ്ചയോടെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് ബന്ധുക്കള്‍.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഭര്‍ത്താവിന് കൈമാറിയെന്ന് ബന്ധുക്കള്‍ അറിയിച്ചു. എംബാം ചെയ്ത ശേഷം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ തുടങ്ങും.
എംബാം ചെയ്ത ശേഷം തിങ്കളാഴ്ചയോടെ മൃതദേഹം നാട്ടില്‍ എത്തിക്കുമെന്ന് കരുതുന്നതായി അന്‍സി അലി ബാവയുടെ ചെറിയച്ഛന് നൗഷാദ് പറഞ്ഞു. നോര്‍ക്ക അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ന്യൂസിലന്‍ഡില്‍ ഉപരിപഠനത്തിനെത്തിയ 25 കാരിയായ അന്‍സി അലി ബാവ ഭര്‍ത്താവ് അബ്ദുള്‍ നാസറുമൊത്ത് കഴിഞ്ഞ ഒരു വര്‍ഷമായി ഇവിടെയാണ് കഴിയുന്നത്.
ആക്രമണം ഉണ്ടായ സമയത്ത് ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നുവെങ്കിലും രക്ഷപ്പെട്ടിരുന്നു. ഭര്‍ത്താവിനെ തിരഞ്ഞ് പള്ളിക്കകത്ത് കടന്ന അന്‍സിയെ അക്രമിയുടെ മുന്നില്‍പ്പെട്ടു. അന്‍സിയെ അയാള്‍ വെടിവെച്ചുവീഴ്ത്തി.
ഇവിടെ നിന്നും ഇഴഞ്ഞ് പുറത്തെത്തി സഹായത്തിനായി യാചിച്ച അന്‍സിയെ പിന്നാലെയെത്തിയ അക്രമി വീണ്ടും വെടിവെച്ച് മരണം ഉറപ്പിക്കുകയായിരുന്നു. അബ്ദുല്‍ നാസര്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് ജോലി ചെയ്തിരുന്നത്.
അപകടത്തില്‍ മരിച്ചവരില്‍ അന്‍സി ഉള്‍പ്പെടെ അഞ്ച് പേര് ഇന്ത്യക്കാരാണ്. അതിനിടെ, ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂസീലന്‍ഡില്‍ തോക്കുകളുടെ വില്പന നിരോധിക്കാന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ ഉത്തരവിട്ടു.
പ്രഹരശേഷി കൂടുതലുള്ള റൈഫിളുകളുടെയും സെമി ഓട്ടോമാറ്റിക്
തോക്കുകളുടെയും വില്പന അടിയന്തിരമായി നിരോധിക്കുമെന്ന് ജസീന്ത വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 11ന് പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തുമെന്നും ജസീന്ത ആര്‍ഡേണ്‍ കൂട്ടിച്ചേര്‍ത്തു. നിരോധനം നിലവില്‍ വന്നാല്‍ ജനങ്ങള്‍ക്ക് തോക്കുകള്‍ കൈവശം വയ്ക്കാന്‍ പ്രത്യേക അനുമതി വേണ്ടിവരും.
നിലവില്‍ ജനങ്ങളുടെ കൈവശമുള്ള തോക്കുകള്‍ തിരികെ വാങ്ങാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായും ജസീന്ത വ്യക്തമാക്കി.
തോക്കുകളുടെ വില്പന നിരോധനം നിലവില്‍ വരുന്നതിന് മുന്‍പ് വന്‍തോതില്‍ വില്പന നടക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
നിരോധനം നിലവില്‍ വന്നാല്‍ പുതിയതായി തോക്കുകള്‍
വാങ്ങുന്നതിന് പ്രത്യേക അനുമതി ആവശ്യമായിവരുമെന്നും ജസീന്ത കൂട്ടിച്ചേര്‍ത്തു.
CLICK TO FOLLOW UKMALAYALEE.COM