Saturday 23 November 2019 5:09 AM UTC
വയനാട് Nov 23: വയനാട് ബത്തേരിയിലെ ഗവണ്മെന്റ് സ്കൂളില്‍ പാമ്പുകടിയേറ്റ് ഷെഹ്ല എന്ന പെണ് കുട്ടി മരിച്ച സംഭവം, അധ്യാപകരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് സ്കൂളിലെ കുട്ടികള്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.
അത്തരത്തില്‍ അധ്യാപകര്‍ക്കെതിരെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് ഉറക്കെ വിളിച്ച് പറഞ്ഞ വിദ്യാര്‍ത്ഥികളിലൊരാളാണ് നിദ ഫാത്തിമ. നിദയുടെ പ്രതികരണ ശേഷിയെ അഭിനന്ദിക്കുകയാണ് സമൂഹമാധ്യമങ്ങള്‍.
ഷഹ്ലയ്ക്ക് സംഭവിച്ചത് എന്താണെന്ന് കൃത്യതയോടെ വിവരിക്കുകയും നീതി നിഷേധിച്ചതിനെതിരെ സംസാരിക്കുകയും ചെയ്ത നിദ ഭാവിയുടെ പ്രതീക്ഷയാണെന്നും ഇവള് കേരളത്തില്‍ മുഴങ്ങുന്ന ഉറച്ച ശബ്ദമാണെന്നുംമാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും പറയുന്നത്.
ബത്തേരി- മൈസൂര്‍ ദേശീയപാതയിലെ യാത്രാനിരോധനത്തിനെതിരെ സമരം നടന്നപ്പോഴുള്ള നിദയുടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് പലരും നിദയെ അഭിനന്ദിക്കുന്നത്. ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഫോട്ടോഗ്രാഫറായ ജോണ്സണ് പട്ടവയലാണ് നിദയുടെ ആ ചിത്രം പകര്‍ത്തിയിരിക്കുന്നത്.
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ നിദ അന്ന് നാടിന് വേണ്ടിയും ഇന്ന് കൂട്ടുകാരിയ്ക്ക് വേണ്ടിയും ശബ്ദമുയര്‍ത്തുമ്പോള്‍ പ്രതികരണ ശേഷിയുള്ള പുതു തലമുറയെ മുഴുവന്‍ അഭിനന്ദിക്കുകയാണ് സോഷ്യല്‍ ലോകം.
CLICK TO FOLLOW UKMALAYALEE.COM