അന്ന് കാണ്ഡഹാര്‍ വിമാനറാഞ്ചലില്‍ വിട്ടുകളഞ്ഞ മസൂദ് ഇപ്പോള്‍ ഇന്ത്യയ്ക്ക് വലിയ തലവേദന – UKMALAYALEE

അന്ന് കാണ്ഡഹാര്‍ വിമാനറാഞ്ചലില്‍ വിട്ടുകളഞ്ഞ മസൂദ് ഇപ്പോള്‍ ഇന്ത്യയ്ക്ക് വലിയ തലവേദന

Monday 18 February 2019 2:29 AM UTC

ശ്രീനഗര്‍ Feb 19: നാല്‍പ്പതോളം ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായ പുല്‍വാമ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയെ ഞെട്ടിക്കുന്നത് ഒരിക്കല്‍ പിടിക്കുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്ത മൗലാന മസൂദ് അസ്ഹര്‍.

കശ്മീര്‍ കലാപത്തെ തുടര്‍ന്ന് പല തവണ ഇന്ത്യ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച മസൂദ് കുപ്രസിദ്ധനാകുന്നത് 1999 ല്‍ നടന്ന കാണ്ഡഹാറില്‍ നടന്ന വിമാനം റാഞ്ചല്‍ സംഭവത്തോടെ.

1994 ല്‍ ശ്രീനഗറിലെ പല തീവ്രവാദി ആക്രമണങ്ങളുടെയും പേരില്‍ ഇന്ത്യ അറസ്റ്റ് ചെയ്യുകയും ജയിലില്‍ ഇടുകയും ചെയ്തിരുന്ന അസ്ഹര്‍ 1999 ല്‍ മോചിതനായ ശേഷം കടുത്ത ഭീഷണിയായി മാറി.

ജെയ്‌ഷെ ഇ മുഹമ്മദ് സംഘടനയുടെ കീഴില്‍ പാര്‍ലമെന്റ ആക്രമണം ഉള്‍പ്പെടെയുള്ള തീവ്രവാദി ആക്രമണത്തില്‍ ഇന്ത്യ തേടുന്നയാളാണ് മസൂദ്.

തീവ്രവാദി സംഘടനമായ ഹര്‍ക്കത്ത് ഉല്‍ മുജാഹിദ്ദീനുമായി തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയ മസൂദ് വിമാനം റാഞ്ചലിലൂടെയാണ് കുപ്രസിദ്ധി ആര്‍ജ്ജിച്ചത്.

വിമാനം തട്ടിയെടുത്ത തീവ്രവാദി ഗ്രൂപ്പുകള്‍ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ട മൂന്ന് പേരില്‍ ഒരാള്‍ മസൂദായിരുന്നു.

അറസ്റ്റിലായി ജയിലിലായതിന് പിന്നാലെ 1995 ല്‍ കശ്മീരില്‍ എത്തിയ ആറ് വിദേശ ടൂറിസ്റ്റുകളെ തട്ടിക്കൊണ്ടു പോയി തീവ്രവാദി സംഘടന മസൂദിനെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവരില്‍ ഒരാള്‍ രക്ഷപ്പെടുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തപ്പോള്‍ മറ്റ് നാലു പേരെ 1995 ന് ശേഷം കാണാതാകുകയുമായിരുന്നു.

എന്നിട്ടും മോചിപ്പിക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തിലായിരുന്നു മസൂദിന്റെ സംഘടന കാണ്ഡഹാറില്‍ ഇന്ത്യന്‍ എയര്‍ ലൈന്‍സ് വിമാനം റാഞ്ചല്‍ തീവ്രവാദികള്‍ നടത്തിയത്. ഇന്ത്യയെ ഞെട്ടിക്കുന്ന രീതിയില്‍ സംഭവബഹുലമായിരുന്നു ഇത്.

1999 ഡിസംബര്‍ 24 ന് വെള്ളിയാഴ്ച നേപ്പാളിലെ കാഠ്മണ്ഡുവിലെ ത്രിഭൂവന്‍ വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താളത്തിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി 814 എന്ന വിമാനം തീവ്രവാദികള്‍ തട്ടിയെടുത്തത്.

അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ ഇറങ്ങിയ വിമാനം പാകിസ്താന്‍ ഐഎസ്‌ഐ യുടെ സഹായത്തോടെ ഹര്‍ക്കത് ഉള്‍ മുജാഹിദ്ദീനായിരുന്നു തട്ടിയെടുത്തത്.

ഇന്ത്യന്‍ വിമാനത്തില്‍ നുഴഞ്ഞുകയറിയ ഭീകരര്‍ വിമാനം തട്ടിയെടുത്തതിന് പിന്നാലെ അവരുടെ നിര്‍ദേശപ്രകാരം പല സ്ഥലങ്ങളില്‍ ഇറക്കേണ്ടി വന്നു. അമൃത്സറിലും ലാഹോറിലും ദുബായ് വഴിയെല്ലാം സഞ്ചരിച്ച വിമാനം ഒടുവില്‍ താലിബാന്റെ നിയന്ത്രണത്തിലായിരുന്ന അഫ്ഗാനിലെ കാണ്ഡഹാറില്‍ ഇറക്കാന്‍ ആവശ്യപ്പെട്ടു.

ഒരാള്‍ക്ക് മാരകമായി മുറിവേറ്റതിനെ തുടര്‍നന് 176 യാത്രക്കാരില്‍ 27 പേരെ ദുബായില്‍ ഇറക്കിവിട്ടു. ഇന്ത്യന്‍ സൈന്യം നുഴഞ്ഞുകയറാതിരിക്കാന്‍ താലിബാന്‍ സൈനികരാണ് വിമാനത്തിന് കാണ്ഡഹാറില്‍ കാവല്‍ നിന്നത്.

ഇന്ത്യയിലെ ജയിലില്‍ കഴിയുന്ന ഭീകരനെ മോചിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഏഴു ദിവസത്തോളം നീണ്ടു നിന്ന ഹൈജാക്ക് നാടകത്തിനൊടുവില്‍ ഭീകരര്‍ ആവശ്യപ്പെട്ട മൂന്ന് തീവ്രവാദിനേതാക്കളെ ഇന്ത്യ വിട്ടയച്ചു. മുസ്താഖ് അഹമ്മദ് സര്‍ഗാര്‍, അഹമ്മദ് ഒമര്‍ സയീദ് ഷെയ്ഖ്, മൗലാനാ മസൂദ് അസ്ഹര്‍ എന്നിവരായിരുന്നു അവര്‍.

പിറ്റേ വര്‍ഷമായിരുന്നു മൗലാനാ മസൂദ് ജെയ്ഷ് ഇ മുഹമ്മദ് സ്ഥാപിക്കുന്നത്. 2001 ല്‍ ലഷ്‌ക്കര്‍ ഇ തയ്ബ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം സംഘടിപ്പിക്കാനുള്ള മാസ്റ്റര്‍ ബ്രെയിന്‍ മസൂദായിരുന്നു.

ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായ ഈ മോചനത്തിന് ശേഷം മസൂദ് ഇന്ത്യയ്ക്ക് വലിയ തലവേദനയായി മാറി. പുല്‍വാമ ആക്രമണത്തിന് തൊട്ടു മുമ്പ് ഇന്ത്യന്‍ വ്യോമസേനാ താവളത്തില്‍ നടത്തിയ തീവ്രവാദി ആക്രമണമായ പത്താന്‍കോട്ട് ആക്രമണത്തിന്റെയും ഉറി ആക്രമണത്തിന്റെയും ബുദ്ധികേന്ദ്രമായിരുന്നു.

ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയിലെ തീവ്രവാദി കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തിലൂടെ ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ അറ്റാക്കും നടത്തി.

ഏറ്റവും ഒടുവില്‍ 40 പേരുടെ മരണത്തിന് കാരണമായ പുല്‍വാമ തീവ്രവാദി ആക്രമണത്തിന്റെ പേരിലും മസൂദിനെ കിട്ടാന്‍ ഇന്ത്യ കാത്തിരിക്കുകയാണ്.

CLICK TO FOLLOW UKMALAYALEE.COM