അന്നു തന്നെ അകത്താക്കി, ഇന്നു തിരിച്ചടിച്ച് അമിത് ഷാ – UKMALAYALEE

അന്നു തന്നെ അകത്താക്കി, ഇന്നു തിരിച്ചടിച്ച് അമിത് ഷാ

Friday 23 August 2019 2:42 AM UTC

ന്യൂഡല്‍ഹി Aug 23: കാലത്തിന്റെ കാവ്യനീതിയോ പ്രതികാരരാഷ്ട്രീയമോ? അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിയായതിനു പിന്നാലെ, മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം അറസ്റ്റിലാകുമ്പോള്‍ രാഷ്ട്രീയവൃത്തങ്ങളില്‍ ഉയരുന്ന ചോദ്യമിതാണ്.

ചിദംബരം കേന്ദ്ര ആഭ്യന്തരമന്ത്രിയായിരിക്കേ, 2010 ജൂെലെയിലാണു സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജഏറ്റുമുട്ടല്‍ കേസില്‍ അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ അറസ്റ്റിലായത്.

അന്നു സി.ബി.ഐയെ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുന്നുവെന്ന് ആരോപിച്ചത് അമിത് ഷായാണ്. ഇന്ന് അതേ ആരോപണം ചിദംബരവും കോണ്‍ഗ്രസും ആവര്‍ത്തിക്കുന്നു. 2005 – ലാണു സൊഹ്‌റാബുദീന്‍ ഷെയ്ഖ് കൊല്ലപ്പെട്ടത്.

ഷെയ്ഖിനെതിരേ 60 കേസുകളുണ്ടെന്നായിരുന്നു ഗുജറാത്ത് പോലീസിന്റെ നിലപാട്. സൊഹ്‌റാബുദിന്‍ ഷെയ്ഖ്, ഭാര്യ, സുഹൃത്ത് എന്നിവരെ വ്യാജഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതു ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായുടെ അറിവോടെയാണെന്നാണു സി.ബി.ഐ. ആരോപിച്ചത്.

അറസ്റ്റിലായതിനേത്തുടര്‍ന്ന് 2010 ജൂെലെ 10-ന് അമിത് ഷാ മന്ത്രിസ്ഥാനം രാജിവച്ചു. മൂന്നുമാസത്തിനുശേഷം സുപ്രീം കോടതിയാണു ജാമ്യം നല്‍കിയത്. ഗുജറാത്തില്‍ കടക്കരുതെന്ന നിബന്ധനയുമുണ്ടായിരുന്നു. 2012 വരെ ആ വിലക്ക് തുടര്‍ന്നു.

തെളിവില്ലെന്നു ചൂണ്ടിക്കാട്ടി 2014-ല്‍ കോടതി അമിത് ഷായെ വെറുതേവിട്ടു.

ചിദംബരം കേന്ദ്ര ആഭ്യന്തരമന്ത്രിയായിരിക്കേ അദ്ദേഹത്തിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ് ഇപ്പോഴത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ എസ്.കെ. മിശ്ര. പിന്നീട് അദ്ദേഹം ചിദംബരവുമായി തെറ്റി. ഐ.എന്‍.എക്‌സ്. മീഡിയ കേസില്‍ ആദ്യം കുരുങ്ങിയതു ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയാണ്.

സ്റ്റാര്‍ ഇന്ത്യ മുന്‍ സി.ഇ.ഒ. പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ കമ്പനിയായ ഐ.എന്‍.എക്‌സ്. മീഡിയയ്ക്കു വഴിവിട്ടു വിദേശനിക്ഷേപം സ്വീകരിക്കാന്‍ ഇടനില നിന്നെന്ന് ആരോപിക്കപ്പെട്ട് അറസ്റ്റിലായ കാര്‍ത്തി ഇപ്പോള്‍ ജാമ്യത്തിലാണ്.

2017 മേയ് 15-നു സി.ബി.ഐയും കഴിഞ്ഞവര്‍ഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചിദംബരത്തിനെതിരേ കേസെടുത്തു.
പി. ചിദംബരത്തിനു ചുറ്റും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുരുക്കു മുറുക്കുന്നു. ധനമന്ത്രിയായിരിക്കെ കൂടുതല്‍ കമ്പനികള്‍ക്കു വിദേശനിക്ഷേപം സ്വീകരിക്കാന്‍ വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി) അനുമതി നല്‍കിയതു നിരീക്ഷണത്തിലാണ്.

ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി കടലാസു കമ്പനികള്‍ക്കു പിന്നില്‍ ചിദംബരവും മകന്‍ കാര്‍ത്തിയുമാണെന്നും ഇവയിലൂടെയാണു കോഴപ്പണം ഒഴുകിയെത്തിയതെന്നുമുള്ള സൂചനകള്‍ക്കു പിന്നാലെയാണ് അന്വേഷണം. ഇത്തരമൊരു കമ്പനിയിലേക്കു 300 കോടി രൂപ എത്തിയത് ഇ.ഡി. കണ്ടെത്തി.

പാനമ പേപ്പര്‍ ലീക്ക് എന്ന പേരില്‍ നേരത്തേ വെളിച്ചത്തുവന്ന രേഖകളിലും കാര്‍ത്തിയുമായി ബന്ധപ്പെട്ട ഇടപാടുകളുണ്ട്. ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡിലെ ഒരു കമ്പനിയിലേക്ക് വന്‍തുക എത്തിയതാണു പുറത്തായത്.

ഒരു കമ്പനിയുടെ ഉടമകള്‍ തങ്ങളുടെ മൊത്തം ഓഹരികളും കാര്‍ത്തിയുടെ മകളുടെ പേരിലേക്കു മാറ്റിയതിന്റെ തെളിവുകള്‍ അന്വേഷണ ഏജന്‍സികളുടെ പക്കലുണ്ട്. കാര്‍ത്തിയുടെ പേരില്‍ ഇന്ത്യയിലും സ്‌പെയിനിലും ബ്രിട്ടനിലുമുള്ള ശതകോടികളുടെ സ്വത്തുക്കളുടെ നിയന്ത്രണം കഴിഞ്ഞ വര്‍ഷം ഇ.ഡി. ഏറ്റെടുത്തിരുന്നു.

ചിദംബരം അറസ്റ്റിനരികെയെത്തിയ ഐ.എന്‍.എക്‌സ്. മീഡിയ കേസിനു പുറമേ 3500 കോടി രൂപയുടെ എയര്‍സെല്‍-മാക്‌സിസ് കമ്പനി ഇടപാട് അന്വേഷണഘട്ടത്തിലാണ്.

ഡിയാജിയോ സ്‌കോട്ട്‌ലന്‍ഡ് ലിമിറ്റഡ്, കത്താര ഹോള്‍ഡിങ്‌സ്, എസ്സാര്‍ സ്റ്റീല്‍ ലിമിറ്റഡ്, എല്‍ഫോര്‍ജ് ലിമിറ്റഡ് എന്നീ കമ്പനികള്‍ ഉള്‍പ്പെട്ട വിദേശനിക്ഷേപമാണ് പുതുതായി അന്വേഷിക്കുന്നത്.

ഐ.എന്‍.എക്‌സ്. മീഡിയ, എയര്‍സെല്‍-മാക്‌സിസ് കേസുകളില്‍ ചിദംബരവും കാര്‍ത്തിയും ഒന്നര വര്‍ഷത്തോളം മുമ്പ് അറസ്റ്റില്‍നിന്നു സംരക്ഷണം തേടിയിരുന്നു.

കസ്റ്റഡിയില്‍ ചോദ്യംചെയ്യാന്‍ കഴിയാത്തതിനാല്‍ വിവിധ വിദേശ രാജ്യങ്ങളില്‍നിന്നുള്ള തെളിവുശേഖരണം െവെകി. ഇരുവരെയും അറസ്റ്റ് ചെയ്യാനായാല്‍ കേസുകള്‍ക്കു തുമ്പുണ്ടാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അന്വേഷണ ഏജന്‍സികള്‍.

ധനമന്ത്രി ചെയര്‍മാനായ എഫ്.ഐ.പി.ബിക്കായിരുന്നു സ്വകാര്യ കമ്പനികളിലേക്കു വലിയ വിദേശനിക്ഷേപമെത്തുന്നതിന് അനുമതി നല്‍കാനുള്ള അധികാരം. നിശ്ചിത തുകയില്‍ കുറവാണെങ്കില്‍ ധനമന്ത്രിക്കു തനിച്ച് തീരുമാനമെടുക്കാം.

ഒരേ കമ്പനിയിലേക്കുള്ള വിദേശനിക്ഷേപം ചെറു തുകകളായി മാറ്റിയുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. എഫ്.ഐ.പി.ബി. സംവിധാനം എന്‍.ഡി.എ. സര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു.

CLICK TO FOLLOW UKMALAYALEE.COM